ചൈനയുടെ ഉദ്പന്നങ്ങളെ കുറിച്ച് പൊതുവേ പറയാറുള്ള ഒരു കാര്യമാണ് വിലയും തുച്ചം ഗുണവും തുച്ചം എന്ന്. വാക്സിന്റെ കാര്യത്തിലും ഇതിൽ മാറ്റമൊന്നുമില്ല. ലോകത്തിന് കൊറോണയെ സംഭാവന ചെയ്ത ചൈന നിർമ്മിച്ച രണ്ട് കോവിഡ് വാക്സിനുകളും ഫലപ്രദമല്ലെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. ചൈനീസ് വാക്സിൻ മാത്രം ഉപയോഗിച്ച ചിലിയിൽ ഇപ്പോൾ രോഗവ്യാപനം അതിശക്തമാവുകയാണ്. ലാറ്റിൻ അമേരിക്കയിലെ മാത്രമല്ല, ലോകത്തിലെ തന്നെ ഏറ്റവും അധികം വാക്സിനുകൾ നൽകിയ മൂന്നാം ലോക രാജ്യങ്ങളിൽ ഒന്നാണ് ചിലി. ലോകം പുകഴ്‌ത്തിപ്പാടിയ വാക്സിൻ പദ്ധതിയുടെ വിജയത്തിനുശേഷം ഇപ്പോൾ ചിലി കോവിഡിന്റെ പിടിയിൽ ചക്രശ്വാസം വലിക്കുകയാണ്.

ഏകദേശം 53 രാജ്യങ്ങളാണ് ഇതുവരെ ചൈനീസ് വാക്സിന് ഓർഡർ നൽകിയിരിക്കുനന്നത്. അവയിൽ മിക്കതും തെക്കേ അമേരിക്ക, ആഫ്രിക്ക, തെക്ക് കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലെ വികസ്വര രാജ്യങ്ങളാണ്. വിലക്കുറവാണ് എന്നതും സംഭരന പ്രക്രിയ ലളിതമാണ് എന്നതുമാണ് ഈ രാജ്യങ്ങളെ ചൈനയിലേക്ക് ആകർഷിക്കാൻ കാരണം. സാങ്കേതിക വിദ്യ അത്രയേറെയൊന്നും വികസിക്കാത്ത ഇത്തരം രാജ്യങ്ങളിൽ ഒരു നിശ്ചിത താപനിലയിൽ മറ്റു വാക്സിനുകൾ സൂക്ഷിക്കണം എന്നത് തികച്ചും അപ്രായോഗികമാണ്.

വളരെ വിരളമായി മാത്രം സംഭവിക്കുന്നതുപോലെ കഴിഞ്ഞ വാരാന്ത്യത്തിൽ ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഡയറക്ടർ ഗവോ ഫു വും വാക്സിൻ പ്രതീക്ഷിച്ചത്ര ഫലവത്തല്ലെന്ന് സമ്മതിച്ചു. ചിലിയിലെ യാഥാർത്ഥ്യം നമ്മെ ബോദ്ധ്യപ്പെടുത്തുന്നത് വൈറസ് പകരുന്നത് തടയുവാൻ ചൈനീസ് വാക്സിന് കഴിയില്ലെന്നാണ് എന്ന് പ്രമുഖ വൈറോളജിസ്റ്റായ പ്രൊഫസർ ഇയാൻ ജോൺസും പറയുന്നു. മൊത്തം ജനസംഖ്യയുടെ 25 ശതമാനം പേർക്ക് വാക്സിന്റെ രണ്ടു ഡോസും, 40 ശതമാനത്തിലധികം പേർക്ക് ആദ്യ ഡോസും നൽകിക്കഴിഞ്ഞിട്ടും ചിലിയിൽ രോഗവ്യാപനം ശക്തമാവുകയാണ്. ഫെബ്രുവരിയിൽ 10 ലക്ഷം പേരിൽ 177 രോഗികൾ എന്നത് ഇപ്പോൾപത്ത് ലക്ഷം പേരിൽ 372 രോഗികൾ എന്ന നിലയിൽ എത്തിനിൽക്കുന്നു. രോഗവ്യാപന തോതിൽ 80 ശതമാനം വർദ്ധനവുണ്ടായതോടെ ചിലി വീണ്ടും ലോക്ക്ഡൗണിലേക്ക് മടങ്ങുകയാണ്.

ചിലിയിൽ പ്രധാനമായും ഉപയോഗിക്കുന്നത് ചൈനീസ് ഫാർമസ്യുട്ടിക്കൽ കമ്പനിയായ സൈനോവാക് നിർമ്മിക്കുന്ന കൊറോണ വാക് ആണ്. ചിലിയിലെ തന്നെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിൽ തെളിഞ്ഞത് ആദ്യ ഡോസിനു ശേഷം ഇത് 3 ശതമാനം മാത്രം ഫലപ്രദമാനെന്നാണ്. രണ്ടാമത്തെ ഡോസും എടുത്തുകഴിഞ്ഞാൽ കാര്യക്ഷമത 56.5 ശതമാനമായി വർദ്ധിക്കും.അതേസമയം ബ്രസീലിൽ നടത്തിയ പഠനം തെളിയിക്കുന്നത് ചൈനീസ് വാക്സിന്റെ ഫലക്ഷമത കേവലം 50 ശതമാനം മാത്രമാണെന്നാണ്. അതായത് ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡം കഷ്ടിച്ച് പാലിക്കുന്നു.

ഇതുമായി താരതമ്യം ചെയ്യുമ്പോൽ ഫൈസറിന്റെയും മൊഡേണയുടെയും ഫലക്ഷമത യഥാക്രമം 95 ശതമാനവും 94 ശതമാനവുമാണ്. അസ്ട്രാസെനെകയുടെത് 79 ശതമാനവും. വാക്സിൻ എടുത്തവരിൽ നടത്തിയ പഠനം തെളിയിച്ചത് ഈ വാക്സിനുകൾ, രോഗബാധിതരായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം തീർത്തും പൂജ്യമാക്കി കുറച്ചു എന്നാണ്. എന്നാൽ, ചൈനീസ് വാക്സിന് ഇക്കാര്യത്തിൽ 84 ശതമാനം നേട്ടം മാത്രമാണ് കൈവരിക്കാനായത്. അതേസമയം, സർക്കാർ ഉടമസ്ഥതയിലുള്ള സൈനോഫാം എന്ന കമ്പനി നിർമ്മിക്കുന്ന ചൈനീസ് വാക്സിന് അല്പം കൂടി കാര്യക്ഷമത കൂടുതലുണ്ട്. എന്നാൽ, ചൈന ഇക്കാര്യത്തിലുള്ള പൂർണ്ണ വിവരം പ്രസിദ്ധപ്പെടുത്താതിനാൽ, ഇതിന്റെ യഥാർത്ഥ കാര്യക്ഷമത എത്രയെന്ന് വിലയിരുത്താൻ ആയിട്ടില്ല.

സൈനോവാകും സൈനൊഫാമിന്റെ വാക്സിനും നിർമ്മിക്കുന്നത് സാർസ് കോവ്-2 വൈറസിന്റെ നിർജ്ജീവ വകഭേദത്തിൽ നിന്നാണ്. അതിൽ ജനിതക ഭേദം വരുത്തിയാണ് ഉപയോഗിക്കുന്നത്. ഈ സാങ്കേതിക വിദ്യ വളരെ നിലവാരം കുറഞ്ഞതാണെന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്. ഇത്തരം വാക്സിനുകൾ ഉണ്ടാക്കാൻ എളുപ്പമാണെങ്കിലും രോഗത്തിൽ നിന്നുള്ള സംരക്ഷണം സംബന്ധിച്ച പ്രോട്ടീനുകൾ ഇതിലില്ല. ഇത്തരം വാക്സിനുകൾ ധാരാലം ആന്റിബോഡികൾ ഉദ്പാദിപ്പിക്കുമെങ്കിലും അവ പലതും യഥാർത്ഥ വൈറസുകളെ തടയാൻ പ്രാപ്തരല്ലെന്നും അവർ പറയുന്നു.

അതേസമയ മൊഡേണയും ഫൈസറും ഉപയൊഗിക്കുന്നത് എം ആർ എൻ എ സാങ്കേതികവിദ്യയാണ്. ജനിതക ഘടകത്തിന്റെ കൃത്രിമ മാതൃക നിർമ്മിച്ചുള്ള സാങ്കേതിക വിദ്യായാണിത്. അസ്ട്രാസെനെകയുംഏതാണ്ട് ഇതിനോട് സമാനമായ സാങ്കേതിക വിദ്യയാണ് ഉപയോഗികുന്നത്. ഉള്ളതിൽ വച്ച് ഏറ്റവും ഫലപ്രദമായ സാങ്കേതിക വിദ്യയും ഇതാണ്. ചൈനീസ് വാക്സിനുകളെ സംബന്ധിച്ച് മറ്റൊരുകാര്യം ലോകത്തിലെ സുപ്രധാന മെഡിക്കൽറെഗുലേറ്റിങ് ബോഡികൾ ഒന്നുംതന്നെ ഇതിന് അംഗീകാരം നൽകിയിട്ടില്ല എന്നതാണ്. ഗവേഷണം സംബന്ധിച്ച വിവരങ്ങൾ വളരെ പരിമിതമായി മാത്രമേ ചൈന പുറത്തുവിട്ടിട്ടുള്ളു. ഇവയുടെ അഭാവത്തിൽ വാക്സിനെ വിലയിരുത്താൻ സാധിക്കാത്തതിനാലാണ് ഇവർ ചൈനീസ് വാക്സിന് അംഗീകാരം നൽകാത്തത്.