ന്യൂഡൽഹി: ഇന്ത്യയെ ചേർത്ത് നിർത്തിയും പാക്കിസ്ഥാന് ആയുധങ്ങൾ നൽകാൻ പദ്ധയിതിയിട്ടും റഷ്യയുടെ നയതന്ത്ര നീക്കം. ഇത്രയും നാൾ ഇന്ത്യയോട് തോളോട് തോൾ ചേർന്ന് നിന്ന റഷ്യയുടെ പുതിയ നീക്കത്തെ കരുതലോടെയാണ് ഇന്ത്യ നോക്കി കാണുന്നത്. ഇന്ത്യയെ വിശ്വസ്ത പങ്കാളിയെന്ന് വിശേഷിപ്പിച്ച് ചേർത്ത് നിർത്തിക്കൊണ്ടാണ് ആയുധങ്ങൾ നൽകി പാക്കിസ്ഥാനെ സഹായിക്കാൻ റഷ്യ ഒരുങ്ങുന്നത്.

പാക്കിസ്ഥാനു കൈ അയച്ച് സഹായം നൽകുന്ന റഷ്യ ഇന്തോ-പസഫിക് നയതന്ത്രത്തിൽ ഇന്ത്യയെ വിമർശിക്കുകയും ചെയ്യുന്നു. പൊടുന്നനെയുള്ള റഷ്യയുടെ ഈ മലക്കം മറിച്ചിൽ കരുതലോടെയാണ് ഇന്ത്യ കാണുന്നത്. എന്നാൽ ഇരുരാജ്യങ്ങളും തമ്മിൽ ആശയക്കുഴപ്പമില്ലെന്ന് റഷ്യ പറഞ്ഞു. സ്വതന്ത്രവും നിയന്ത്രിതവുമായ ബന്ധം മാത്രമാണ് പാക്കിസ്ഥാനുമായുള്ളത് എന്നാണ് റഷ്യൻ മിഷൻ ഡപ്യൂട്ടി ചീഫ് റോമൻ ബബുഷ്‌കിൻ, റഷ്യൻ അംബാസഡർ നിക്കോളെ കുദഷേവ് എന്നിവർ നടത്തിയ വാർത്താസമ്മേളനത്തില് പറയുന്നത്.

ഒപ്പം ഇന്ത്യയെ വിശ്വസ്ത പങ്കാളിയെന്ന് വിശേഷിപ്പിക്കാനും ഇരുവരും മറന്നില്ല. 2003ലെ വെടിനിർത്തൽ കരാർ ഇന്ത്യയും പാക്കിസ്ഥാനും പാലിക്കാൻ തീരുമാനിച്ചത് സ്വാഗതം ചെയ്യുന്നു. നിർണായകമായ ചുവടുവയ്‌പ്പാണിത്. അതേസമയം, ഇന്തോപസഫിക് നയത്തെ റഷ്യൻ അംബാസഡർ നിക്കോളെ കുദഷേവ് വിമർശിച്ചു. പാശ്ചാത്യ രാജ്യങ്ങൾ 'അപകടകരം' എന്നാണ് നീക്കത്തെ വിശേഷിപ്പിച്ചതെന്ന് കുദഷേവ് പറഞ്ഞു. ശീതയുദ്ധകാലത്തെ സ്ഥിതിയിലേക്ക് കാര്യങ്ങളെ എത്തിക്കുമെന്നും അദ്ദേഹം വിലയിരുത്തി.

ഇന്ത്യയെ അപേക്ഷിച്ച് ചെറിയ ബന്ധം മാത്രമാണ് പാക്കിസ്ഥാനുമായുള്ളത്. ഭീകരവാദത്തിനെതിരെ പൊരുതുക എന്നത് പൊതു ലക്ഷ്യമാണ്. ഭീകരവാദം ഇല്ലാതാക്കാനാണ് പാക്കിസ്ഥാന് ആയുധങ്ങൾ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിൽ ആറിന് റഷ്യൻ വിദേശകാര്യ മന്ത്രി സേർജി ലവ്‌റോവ് ഇന്ത്യാ സന്ദർശനം നടത്തിയിരുന്നു. പിന്നീട് ഇസ്ലാമാബാദിലെത്തിയ ലവ്റോവ് പാക്കിസ്ഥാന് ആയുധങ്ങൾ നൽകാമെന്ന് ഉറപ്പു നൽകുകയായിരുന്നു.