- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യയുടെ അമ്മൂമ്മയെ ചവിട്ടിവീഴ്ത്തിയ ശേഷം ക്രൂരമായി ആക്രമിച്ചു; തുടയെല്ലും വാരിയെല്ലും പൊട്ടിയ വയോധികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് വീണു പരിക്കേറ്റെന്ന് പറഞ്ഞ്; ബന്ധുക്കളുടെ പരാതിയിൽ പൊലീസ് ഓഫിസർ അറസ്റ്റിൽ
ശാസ്താംകോട്ട: വയോധികയുടെ മരണത്തിൽ ബന്ധുവായ സിവിൽ പൊലീസ് ഓഫിസർ അറസ്റ്റിൽ. വീണു പരുക്കേറ്റെന്നു പറഞ്ഞു ബന്ധുക്കൾ ആശുപത്രിയിൽ പ്രവേശിപ്പിച്ച വയോധികയുടേത് സ്വാഭാവിക മരണമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചെറുമകളുടെ ഭർത്താവായ സിവിൽ പൊലീസ് ഓഫിസർ അറസ്റ്റിലായത്. ശാസ്താംകോട്ട രാജഗിരി 'മോഹനവിലാസത്തി'ൽ പരേതനായ സൈമണിന്റെ ഭാര്യ സബീന (ബേബി 85) മരിച്ച സംഭവത്തിലാണു ചെറുമകളുടെ ഭർത്താവായ തിരുവനന്തപുരം സിറ്റി എആർ ക്യാംപിലെ സിപിഒ വെള്ളിമൺ നാന്തിരിക്കൽ റോഷ് നിവാസിൽ രാജേഷ് ജോൺസൻ (32) അറസ്റ്റിലായത്.
വൃദ്ധ മരിക്കുന്നതിന് മുമ്പ് ക്രൂര മർദ്ദനത്തിന് ഇരയായതായും തലയ്ക്ക് അടിയറ്റതായും കണ്ടെത്തിയതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ചെറുമകളുടെ ഭർത്താവായ രാജേഷ് അറസ്റ്റിലായത്. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടാണു സംഭവം. രാജേഷിന്റെ ഭാര്യവീട്ടിലാണു സബീനയും കഴിഞ്ഞിരുന്നത്. സംഭവ ദിവസം, സബീനയുടെ ചെറുമകനായ മനക്കര ആദർശ് നിലയത്തിൽ ആദർശിനെ വാക്കുതർക്കത്തിന്റെ പേരിൽ രാജേഷ് വീട്ടിൽക്കയറി ആക്രമിച്ചതായി പൊലീസ് പറയുന്നു.
ഇരുവരും തമ്മിലുള്ള കയ്യാങ്കളി രൂക്ഷമായതോടെ തടയാൻ ശ്രമിച്ച സബീനയെ രാജേഷ് ചവിട്ടിവീഴ്‌ത്തിയെന്നാണു പൊലീസിന്റെ കണ്ടെത്തൽ. വീഴ്ചയുടെ ആഘാതത്തിൽ സബീനയുടെ തുടയെല്ലും വാരിയെല്ലും തകർന്നു. നിലത്തു വീണ സബീനയ്ക്കിട്ട് രാജേഷ് കല്ലിന് എറിയുകയും ചെയ്തു. ഇതോടെ തലയ്ക്കും സാരമായി പരുക്കേറ്റു. ബോധരഹിതയായതോടെ ബന്ധുക്കൾ ഇവരെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വീണു പരുക്കേറ്റെന്നു പറഞ്ഞാണ് ആശുപത്രിയിലെത്തിച്ചതെങ്കിലും പ്രാഥമിക പരിശോധനയിൽ സംശയാസ്പദമായ ചതവുകളും മുറിവുകളും കണ്ടെത്തി. ഇതോടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോസ്റ്റ്‌മോർട്ടം ചെയ്യാൻ തീരുമാനിച്ചു. ഇതിനിടെ, ആദർശിനെ ആക്രമിച്ച സംഭവത്തിൽ രാജേഷിനെതിരെ കേസെടുത്തിരുന്നു. സബീനയുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായതോടെ തുടയെല്ലും വാരിയെല്ലും മർദനത്തിൽ തകർന്നതായും തലയിലെ പരുക്കു കല്ലേറു മൂലമുള്ളതാണെന്നും കണ്ടെത്തി. തുടർന്നു നടത്തിയ അന്വേഷണത്തിൽ രാജേഷ് കുറ്റക്കാരനാണെന്ന് തെളിയുകയും കുറ്റകരമായ നരഹത്യയ്ക്കു പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യുകയും ആയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ