ക്രെയിൻ അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന റഷ്യൻ സൈന്യത്തെ പിൻവലിക്കണമെന്ന ആവശ്യം ആവർത്തിച്ചുകൊണ്ട് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. ഇരു രാജ്യങ്ങളിലേയും നേതാക്കന്മാരെ ഉൾക്കൊള്ളിച്ചുകോണ്ട് വരുന്ന വേനൽ കാലത്ത് ഒരു ഉച്ചകോടി നടത്താനുള്ള സൗകര്യമൊരുക്കാമെന്നും അമേരിക്കൻ പ്രസിഡന്റ് പറഞ്ഞു. അതേസമയം ഉക്രെയിന്റെ പരമാധികാരത്തെ അമേരിക്ക അംഗീകരിക്കുന്നു എന്നും അത് സംരക്ഷിക്കുന്ന കാര്യത്തിൽ ഉക്രെയിനിന് പൂർണ്ണ പിന്തുണ നൽകുമെന്നും ബൈഡൻ അറിയിച്ചു.

നേരത്തേ അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ അവിഹിതമായി ഇടപെട്ടെന്നാരോപിച്ച് അമേരിക്ക റഷ്യക്കെതിരെ നടപ്പിലാക്കിയ ഉപരോധം കൂടുതൽ ഗൗരവമുള്ള തലത്തിലേക്ക് നീങ്ങുമെന്നും അമേരിക്ക മുന്നറിയിപ്പ് നൽകുന്നു. അമേരിക്കയുടെ ജനാധിപത്യത്തിൽ റഷ്യ ഇടപെടുകയാണെങ്കിൽ കൂടുതൽ കർശനമായ നടപടികൾ കൈക്കൊള്ളും എന്നാണ് ബൈഡൻ ഇന്നലെ പറഞ്ഞത്. അതുപോലെ അമേരിക്കൻ താത്പര്യങ്ങൾ ഹനിക്കാൻ റഷ്യ മുന്നിട്ടിറങ്ങിയാലും അത് എന്തുവിലകൊടുത്തും തടയും എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കരിങ്കടലിലേക്ക് രണ്ട് യുദ്ധക്കപ്പലുകൾ അയക്കുവാനുള്ള തീരുമാനത്തിൽ നിന്നും അമേരിക്ക പിന്മാറി. റഷ്യയിൽ നിന്നുള്ള മുന്നറിയിപ്പ് കണക്കിലെടുത്താണ് പുതിയ തീരുമാനം എന്നാണ് അറിയുവാൻ കഴിയുന്നത്. റഷ്യയുമായുള്ള ബന്ധം കൂടുതൽ വഷളാകാതിരിക്കാനും, മേഖലയിലെ സംഘർഷ സ്ഥിതി കൂടുതൽ രൂക്ഷമാകാതിരിക്കാനും വേണ്ടിയാണ് അമേരിക്ക ഇത്തരത്തിലൊരു തീരുമാനം എടുത്തത് എന്നാണ് ഔദ്യോഗിക കേന്ദ്രങ്ങൾ വെളിപ്പെടുത്തുന്നത്.

ബൈഡന്റ് പുതിയ തീരുമാനം വന്ന ഉടനെ ക്രിമിയയ്ക്കും റഷ്യയ്ക്കും ഇടയിലുള്ള കെർച്ച് കടലിടുക്ക് റഷ്യ അടച്ചു. 2021-ഒക്ടോബർ വരെ വിദേശ കപ്പലുകൾ ഉക്രെയിനിൽ പ്രവേശിക്കുന്നത് തടയുവാനാണിത്. ഇത് യുദ്ധസമാനമായ ഒരു കുറ്റകൃത്യമാണെന്നാണ് ഉക്രെയിൻ ആരോപിച്ചത്. ഉക്രെയിനിലെ മരുപോൾ, ബെർഡെന്യാസ്‌ക് തുടങ്ങിയ തുറമുഖങ്ങളിലേക്കുള്ള പ്രവേശനം ഈ കടലിടുക്കിലൂടെയാണ്. വാണിജ്യ കപ്പലുകൾക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ടെങ്കിലും, റഷ്യ വഴി കൊട്ടിയടച്ചതോടെ ഇത് ഒരു സംഘർഷ മേഖലയായി മാറിയിരിക്കുകയാണ്. അത് ഈ തുറമുഖങ്ങളിലൂടെയുള്ള വ്യാപാരത്തെ പ്രതികൂലമായി ബാധിക്കും.

അതേസമയം അമേരിക്കൻ പ്രസിഡണ്ട്തെരഞ്ഞെടുപ്പിൽ അവിഹിതമായി ഇടപെട്ടതിനും ഉക്രെയിൻ അതിർത്തിയിലെ നടപടികൾക്കും റഷ്യക്കെതിരെ ഉപരോധം ശക്തമാക്കുവാനുള്ള ശ്രമത്തിലാണ് അമേരിക്ക. റഷ്യയ്ക്ക് നൽകിവരുന്ന വായ്പകൾ നിർത്തലാക്കാനായിരിക്കും ആദ്യ ശ്രമം. നേരത്തേ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 10 റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥന്മാരോട് അമേരിക്ക വിട്ടുപോകാൻ ആവശ്യപ്പെട്ടിരുന്നു.

നാറ്റോ സഖ്യവും അമേരിക്കയും ഇക്കാര്യത്തിൽ ഉക്രെയിനൊപ്പം ഉറച്ചു നിൽക്കുകയാണെങ്കിലും പ്രത്യക്ഷത്തിൽ ഒരു യുദ്ധത്തിനുള്ള പോർവിളികൾ നടത്തുന്നില്ല. ചൊവ്വാഴ്‌ച്ച ജോ ബൈഡൻ വ്ളാഡിമിർ പുട്ടിനുമായി നേരിട്ട് ഫോണിൽ സംസാരിച്ചിരുന്നു. എങ്കിലും, പുട്ടിന്റെ പ്രതികരണം അത്ര ആശാവഹമായിരുന്നില്ല എന്നാണ് അറിയാൻ കഴിഞ്ഞത്.