ന്യൂഡൽഹി: കോവിഡ് ബാധയെ തുടർന്ന് സിബിഐ മുൻ മേധാവി രഞ്ജിത് സിൻഹ (68) അന്തരിച്ചു. വ്യാഴാഴ്ച വൈകിട്ടാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം. 1974 ബാച്ച് ബിഹാർ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ സിൻഹ 2012-14 ൽ ആണു സിബിഐ ഡയറക്ടർ പദവി വഹിച്ചത്. ഇക്കാലയളവിൽ കൽക്കരി, 2 ജി അഴിമതിക്കേസുകളിലെ ആരോപണവിധേയരുമായി ഔദ്യോഗിക വസതിയിൽ കൂടിക്കാഴ്ച നടത്തിയതു വിവാദമായിരുന്നു. ഇതിന്റെ പേരിൽ 2 ജി കേസിന്റെ അന്വേഷണച്ചുമതലയിൽ നിന്ന് സിൻഹയെ സുപ്രീം കോടതി നീക്കി.

സിൻഹ മേധാവിയായിരിക്കെയാണ്, സിബിഐയെ 'കൂട്ടിലടച്ച തത്ത' എന്നു സുപ്രീം കോടതി വിമർശിച്ചത്. കൽക്കരി കേസന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചതിന് 2017 ഏപ്രിലിൽ സിബിഐ അദ്ദേഹത്തിനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്തു.