ന്ത്യയിൽ വച്ച് ജനിതകമാറ്റം സംഭവിച്ചത് എന്ന് സംശയിക്കപ്പെടുന്ന പുതിയ ഇനം വൈറസിന്റെ സാന്നിദ്ധ്യം 77 പേരിൽ കണ്ടെത്തിയിട്ടും ബ്രിട്ടൻ ഇതുവരെ ഇന്ത്യയെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. പുതിയ ഇനം വൈറസിനെ ചില കേസുകളിൽ കണ്ടെത്തിയിട്ടുണ്ട് എന്നും അതിനെ കുറിച്ച് കൂടുതൽ പഠനങ്ങൾ നടക്കുകയാണ് എന്നുമാണ് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് അറിയിച്ചത്. ഫെബ്രുവരിയിലാണ് ഈ പുതിയ ഇനം വൈറസ് ബാധിച്ചവരിൽ രോഗബാധ സ്ഥിരീകരിച്ചത്. അതായത്, അവരിൽ നിന്നും ഇതിനോടകം തന്നെ ഈ വൈറസ് മറ്റു പലരിലേക്കും പടർന്നുകാണും.

ജനിതകമാറ്റം സംഭവിച്ച ഈ പുതിയ ഇനം വൈറസാണ് ഇന്ത്യയിലെ രണ്ടാം തരംഗത്തിനു കാരണമെന്നാണ് അനുമാനിക്കപ്പെടുന്നത്. കഴിഞ്ഞ വ്യാഴാഴ്‌ച്ച മാത്രം 1,76,000 പുതിയ കേസുകളാണ് ഇന്ത്യയിൽ സ്ഥിരീകരിച്ച്ത്. അതായത് പത്ത് ലക്ഷം പേരിൽ 127 പേർക്ക് വീതം രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നു. ബ്രിട്ടനിൽ അത് പത്ത് ലക്ഷം പേരിൽ 23 പേർക്ക് എന്നതാണെന്ന് ഓർക്കണം. എന്നിട്ടും ഇന്ത്യ ഇതുവരെ, സന്ദർശിച്ച് തിരിച്ചെത്തിയാൽ ഹോട്ടൽ ക്വാറന്റൈൻ ആവശ്യമുള്ള രാജ്യങ്ങളെ ഉൾപ്പെടുത്തിയ റെഡ് ലിസ്റ്റിൽ ഇടംപിടിച്ചിട്ടില്ല എന്നത് പലരെയും അദ്ഭുതപ്പെടുത്തുന്നു.

ഈ മാസം ബോറിസ് ജോൺസൺ ഇന്ത്യ സന്ദർശിക്കാൻ ഇരിക്കുകയാണ്. അതുകൊണ്ടാണ് നിലവിൽ ഇന്ത്യയെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്താത്തത് എന്നാണ് അനുമാനിക്കുന്നത്. അതേസമയം, റെഡ് ലിസ്റ്റ് എന്നത് സ്ഥിരമായ ഒന്നല്ലെന്നും , തുടർച്ചയായ നിരീക്ഷണങ്ങളിലൂടെ സാഹചര്യമനുസരിച്ച് പുതിയ രാജ്യങ്ങൾ കൂട്ടിച്ചേർക്കപ്പെടുകയും നിലവിൽ ഉള്ളതിൽ പലതും എടുത്തുമാറ്റുകയും ചെയ്യപ്പെടുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യയേക്കാൾ രോഗവ്യാപന തോത് കുറവുള്ള പാക്കിസ്ഥാനും ബംഗ്ലാദേശും നിലവിൽ റെഡ് ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്.

പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് ഇന്നലെയാണ് ബ്രിട്ടനിൽ 77 പേരിൽ ഇന്ത്യൻ ഇനം വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതായി സ്ഥിരീകരിച്ചത്.ബി. 1. 617 എന്ന് ഔദ്യോഗികമായി വിളിക്കുന്ന ഈ ഇനത്തിന് അതിവേഗം പടരാൻ ആകുമെന്ന് മാത്രമല്ല, ഭാഗികമായി പ്രതിരോധശേഷിയെ പ്രതികരിക്കാനും കഴിയും. ഇന്ത്യയിൽ ഇപ്പോൾ രോഗവ്യാപനതോത് കുതിച്ചുകയറുന്നതിനു പിന്നിൽ ഈ വിഭാഗത്തിൽ പെട്ട വൈറസാണ് കാരണം എന്നാണ് കണക്കാക്കപ്പെടുന്നത്.

ഇരട്ടവ്യതിയാനം സംഭവിച്ച ഇനമാണ് ഇന്ത്യൻ ഇനം. രണ്ട് വ്യത്യസ്ത ഇനങ്ങളുടെ സങ്കലനഫലമായി ഉണ്ടായതെന്നാണ് വിശ്വസിക്കുന്നത്. ഇക്കഴിഞ്ഞ മാർച്ചിലായിരുന്നു ഈ പുതിയ ഇനം വൈറസിനെ കണ്ടെത്തിയത്. മറ്റ് പല ജനിതകവ്യതിയാനങ്ങൾക്കും പുറമെ ഇ 484ക്യു, എൽ 452 ആർ എന്നീ വ്യതിയാനങ്ങൾക്കും ഈ ഇനം വിധേയമായിട്ടുണ്ട്. മനുഷ്യ കോശത്തിലേക്ക് പ്രവേശിക്കാൻ വൈറസ് ഉപയോഗിക്കുന്ന സ്പൈക്ക് പ്രോട്ടീനിലാണ് ഈ കാതലായ രണ്ട് ജനിതക മാറ്റങ്ങളും സംഭവിച്ചിരിക്കുന്നത്.

ഇന്ത്യൻ ഇനം ബ്രിട്ടനിലെത്തുകയും, ഇന്ത്യയിൽ കോവിഡ് വ്യാപനം ശക്തമവുകയും ചെയ്ത സാഹചര്യത്തിൽ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം ഒരു പുനർവിചിന്തനത്തിനുള്ള ഒരുക്കത്തിലാണെന്നാണ് ലഭിക്കുന്ന സൂചനകൾ പറയുന്നത്. സാഹചര്യങ്ങൾക്ക് അനുസരിച്ച് പുതിയ രാജ്യങ്ങളെ റെഡ് ലിസ്റ്റിൽ ചേർക്കുകയോ ഉള്ളവയെ നീക്കം ചെയ്യുകയോ ചെയ്യും എന്ന പ്രസ്താവന, ഇന്ത്യയെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള നടപടികളുടെ ഭാഗമായിട്ടാണ് പലരും കാണുന്നത്.