ന്യൂഡൽഹി: കോവിഡിന്റെ തീവ്രവ്യാപന പശ്ചാത്തലത്തിൽ കുംഭമേള പ്രതീകാത്മകമാക്കി നടത്തണമെന്ന് പ്രധാനമന്ത്രി. രാജ്യത്ത് പ്രതിദിന കേസിൽ തുടർച്ചയായി രണ്ടു ദിവസവും രണ്ടുലക്ഷം കവിഞ്ഞ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ഈ അഭ്യർത്ഥന. മേളയുടെ പ്രധാന ചടങ്ങുകൾ നടന്നു കഴിഞ്ഞെന്നും കോവിഡ് തീവ്രസാഹചര്യത്തിൽ ഇനി ചടങ്ങുകൾ ചുരുക്കണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. കൊറോണക്കെതിരായ പോരാട്ടത്തെ ഇത് ഉത്തേജിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദു ധർമ്മ ആചാര്യസഭയുടെ പ്രസിഡന്റ് സ്വാമി അവ്‌ദേശാനന്ദ് ഗിരി ജി മഹാരാജിനോട് ഫോണിൽ സംസാരിച്ചതായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിട്ടുണ്ട്. രോഗബാധിതരായ സന്യാസിമാരുടെ ക്ഷേമാന്വേഷണം നടത്തിയതായും തന്റെ അഭ്യർത്ഥനക്ക് സന്യാസ സമൂഹത്തിന്റെ പിന്തുണ ലഭിച്ചതായും അദ്ദേഹം ട്വീറ്റിൽ പറയുന്നു. താൻ സന്യാസിമാരോടുള്ള കടപ്പാട് അറിയിച്ചിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കുന്നു.

പതിനായിരക്കണക്കിന് തീർത്ഥാടകരാണ് ഗംഗാതീരത്ത് കുംഭമേളക്കായി ഒത്തുകൂടിയിട്ടുള്ളത്. ഇതിൽ 1700ഓളം പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് രാജ്യവ്യാപകമായി കടുത്ത ആശങ്കയുണ്ടാക്കിയിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം മാരകമായാണ് രാജ്യത്തെ ബാധിച്ചിരിക്കുന്നത്.

ഹദിദ്വാറിൽ വരും ദിവസങ്ങളിൽ പുതിയ പരിശോധനാ ഫലം വരുന്നതോടെ എണ്ണം കോവിഡ് ബാധിതരുടെ എണ്ണം 2000 കടക്കുമെന്നാണ് റിപ്പോർട്ട്. ദിവസവും ലക്ഷക്കണക്കിന് ആളുകളാണ് കുംഭമേളയിൽ പങ്കെടുക്കാൻ എത്തുന്നത്.മധ്യപ്രദേശിൽ നിന്നുള്ള മഹാ നിർവാനി അഖാഡയിൽ അംഗമായ സ്വാമി കപിൽ ദേവ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചിരുന്നു. കുംഭമേളയിൽ പങ്കെടുത്ത അഖിൽ ഭാരതീയ അഖാഡ പരിഷതിന്റെ പ്രസിഡന്റ് നരേന്ദ്ര ഗിരി കോവിഡ് ബാധിച്ച് ഋഷികേശ് എയിംസിൽ ചികിത്സയിലാണെന്നും റിപ്പോർട്ടുണ്ട്.

ഈ മാസം അവസാനിക്കേണ്ട കുംഭമേളയിൽ 13 സന്യാസി സമൂഹങ്ങളാണ് പങ്കെടുക്കുന്നത്. കോവിഡ് കേസുകൾ വർധിക്കുന്നതിനിടെ ഹരിദ്വാർ കുംഭമേളയിൽ നിന്ന് പിന്മാറാൻ സന്യാസി സമൂഹങ്ങളായ രഞ്ജിനി അഖാഡയും തപോ നിധി ശ്രീ ആനന്ദ് അഖാഡയും തീരുമാനിച്ചിരുന്നു. ഇരു സന്യാസി സമൂഹവും ഇന്ന് മുതൽ കുംഭമേളയിൽ പങ്കെടുക്കില്ല.ചില അഖാഡകൾ പിൻവാങ്ങാൻ തീരുമാനിച്ചെങ്കിലും ഉത്തരാഖണ്ഡ് മന്ത്രി ബൻസിധർ ഭഗത് ഉൾപ്പെടെ ചിലർ കുംഭമേള തുടരുമെന്നാണ് പറയുന്നത്. മേളയിൽ നിന്ന് പിന്മാറാൻ സന്യാസിമാരുടെ ഉന്നത സമിതിയായ 'അഖാഡ പരിഷദ്' ആണ് നിർദ്ദേശം സമർപ്പിക്കേണ്ടത്.12 വർഷത്തിലൊരിക്കൽ നടക്കുന്ന കുംഭമേളയിൽ 25 ദശലക്ഷത്തോളം പങ്കെടുക്കാറുണ്ട്.

രാജ്യത്ത് ഇന്നത്തെ പ്രതിദിന കോവിഡ് നിരക്ക് 2,34,692 ആണ്. 1341 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗബാധ മൂലം മരണപ്പെട്ടത്. ഈ വിഷയത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ 11 സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി ഇന്ന് രാവിലെ  കൂടിക്കാഴ്ച നടത്തും.