പത്തനംതിട്ട: നഷ്ടത്തിൽ നിന്നും ലാഭത്തിലേക്ക് കുതിച്ച് കെൽ. 13 വർഷമായി നഷ്ടത്തിലായിരുന്ന പൊതുമേഖലാസ്ഥാപനമായ കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനി (കെൽ) യാണ് ലാഭത്തിലായത്. ാർച്ച് 31-ന് അവസാനിച്ച സാമ്പത്തികവർഷം 69 ലക്ഷം രൂപയുടെ ലാഭമാണ് കെൽ നേടിയത്

തമിഴ്‌നാട് വൈദ്യുതി വകുപ്പ് ട്രാൻസ്ഫോർമറുകൾ വാങ്ങാൻ കെല്ലിന് കരാർ നൽകിയിരുന്നു. 90 കോടി രൂപയുടെ ട്രാൻസ്ഫോർമറുകളാണ് തമിഴ്‌നാട്ടിലെ വൈദ്യുതി ബോർഡ് വാങ്ങിയത്. ഇതാണ് കെല്ലിന് പുതുജീവൻ നൽകിയത്. ട്രാൻസ്ഫോർമർ, റെയിൽവേ ആൾട്ടർനേറ്റീവ്സ്, എൽ.ഇ.ഡി. ബൾബുകൾ എന്നിവയുടെ നിർമ്മാണത്തിനുപുറമേ മരാമത്ത് പണികളുടെ ചുമതലയും കെൽ ഏറ്റെടുത്തുനടത്തുന്നുണ്ട്.

കുണ്ടറ, എറണാകുളം മാമല, കോട്ടക്കൽ എരടിക്കോട് എന്നിവിടങ്ങളിലാണ് കെല്ലിന് ട്രാൻസ്ഫോർമർ ഫാക്ടറികൾ ഉള്ളത്. കേരള വൈദ്യുതി വകുപ്പിനും കർണാടക വൈദ്യുതി വകുപ്പിനും ഇവർ ട്രാൻസ്‌ഫോർമറുകൾ നൽകുന്നുണ്ട്. കുണ്ടറയിലെയും മാമലയിലെയും ഫാക്ടറികൾ അടുത്തിടെ നന്നാക്കിയിരുന്നു.

അഞ്ചുവർഷം മുൻപ് 21 കോടി രൂപയുടെ നഷ്ടത്തിലാണ് കെൽ പവർത്തിച്ചിരുന്നതെന്ന് ചെയർമാൻ വർക്കല ബി.രവികുമാർ പറഞ്ഞു. തുടർന്നുള്ള വർഷങ്ങളിൽ ചെലവ് ചുരുക്കിയും ജോലികൾ പുനഃക്രമീകരിച്ചും വരുമാനം കൂട്ടുകയായിരുന്നു. കേരളത്തിനുപുറത്തുനിന്നും ട്രാൻസ്ഫോർമറുകൾക്ക് ആവശ്യം കൂടിയതും റെയിൽവേയുടെ സഹകരണവും വരുമാനം വർദ്ധിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.