പ്രതിബന്ധങ്ങൾക്കും പ്രതിസന്ധികൾക്കും മുന്നിൽ തളരാതെ പോരാടിയ യവനരാജകുമാരൻ അവസാനം നിത്യനിദ്രയിലായി. വിൻഡ്സർപാലസിലെസെയിന്റ് ജോർജ്ജ് ചാപ്പലിൽ കുടുംബ കല്ലറയ്ക്കുള്ളിൽ ഫിലിപ്പ് രാജകുമാരന്റെ ഭൗതിക ശരീരം അടക്കം ചെയ്തുകഴിഞ്ഞപ്പോൾ ഒരു യുഗം അവസാനിക്കുകയായിരുന്നു. ഗ്രീക്ക് രാജകുടുംബത്തിൽ ജനിച്ച്, കലാപത്തെ തുടർന്ന് രാജാവ് സ്ഥാനഭൃഷ്ടനായപ്പോൾ, ജീവൻ രക്ഷിക്കാൻ പലായനം ചെയ്ത് പിന്നീട് സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്ര്യാജ്യത്തിന്റെ കാവലാൾക്ക് താങ്ങുംതണലുമായ ഒരു ജീവിതത്തിന്റെ അവസാന അദ്ധ്യായവും തീരുകയായിരുന്നു.

കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ആരും പുറത്തിറങ്ങരുതെന്ന ബക്കിങ്ഹാം പാലസിന്റെ അപേക്ഷ മാനിക്കാതെ ആയിരങ്ങളായിരുന്നു വിൻഡ്സറിന്റെ തെരുവുകളിൽ, തങ്ങളുടെ പ്രിയപ്പെട്ട രാജകുമാരന് അന്ത്യാഞ്ജലി അർപ്പിക്കാനായി ഒത്തുകൂടിയത്. ആ സമയം കൊട്ടാരത്തിനകത്ത് ഫിലിപ്പ് രാജകുമാരന്റെ ഭൗതിക ശരീരം എല്ലാ ബഹുമതികളോടുംകൂടി, അദ്ദേഹം തന്നെ രൂപകൽപന ചെയ്ത ലാൻഡ് റോവറിലേക്ക് കയറ്റുകയായിരുന്നു, അവസാന യാത്രയ്ക്കായി.

ദേശീയഗാനം ആലപിക്കുന്നതിനു തൊട്ടു മുൻപായി രാജ്ഞിയെത്തി. തന്റെ പ്രിയതമന്റെ ശവമഞ്ചത്തിനരികെ ഒന്നുമുരിയാടാതെ അവർ നിന്നും. നീണ്ട എഴുപത്തിമൂന്നു വർഷത്തെ ചരിത്രം ഒരുനിമിഷം വരുടെ മനസ്സിലൂടെ കടന്നു പോയിരിക്കാം. ഒരു അനശ്വര പ്രണയത്തിന്റെ അവസാനം ഒറ്റപ്പെട്ടുപോയ രാജ്ഞി പിന്നീട് സെയിന്റ് ജോർജ്ജ് ചാപ്പലിലേക്ക് പോയി. പിന്നാലെ, ചാൾസ് രാജകുമാരന്റെ നേതൃത്വത്തിൽ രാജകുടുംബാംഗങ്ങളുടെ അകമ്പടിയോടെ ഫിലിപ്പ് രാജകുമാരന്റെ ഭൗതിക ശരീരം ചാപ്പലിലെത്തി. ആ സമയം വിൻഡ്സർ കാസിലിലെ കിഴക്കേപുറത്ത് സൈന്യത്തിന്റെ ആചാരവെടി മുഴങ്ങി.

കോട്ടയ്ക്ക് ചുറ്റുമുള്ള നിരത്തുകളെല്ലാം നേരത്തേ സുരക്ഷാകാരണങ്ങളാൾ അടച്ചിരുന്നു. അതുപോലെ ലണ്ടനിൽ ബക്കിങ്ഹാം പാലസിനു ചുറ്റുമുള്ള റോഡുകളും അടച്ചിരുന്നു. കനത്ത സുരക്ഷയായിരുന്നു ഒരുക്കിയിരുന്നത്. വിൻഡ്സർ കാസിലിലാണ് സംസ്‌കാര ചടങ്ങുകളെങ്കിലും ആയിരങ്ങൾ ബക്കിങ്ഹാം പാലസിനു മുന്നിലും തടിച്ചുകൂടും എന്നുറപ്പുണ്ടായിരുന്നു. അതുതന്നെയായിരുന്നു കനത്ത സുരക്ഷയൊരുക്കുവാനുള്ള കാരണം. കാസിലിന്റെ മതിലിനു വെളിയിൽ തിങ്ങിക്കൂടിയ ജനാവലി രാജകുമാരന്റെ ആദരസ്മരണക്ക് മുന്നിൽ ഒരു മിനിറ്റ് നേരം നിശബ്ദത പാലിക്കുകയും ചെയ്തു.

കർമ്മങ്ങൾക്കൊടുവിൽ രാജകുടുംബത്തിലെ 24 അംഗങ്ങൾ അന്ത്യവിശ്രമം കൊള്ളുന്ന കുടുംബ കല്ലറയിലേക്ക് രാജകുമാരന്റെ ശരീരം മാറ്റി. ഇനി രാജ്ഞിയുടെ മരണം വരെ അത് അവിടെത്തന്നെ യായിരിക്കും. പിന്നീട് ഇരുവരുടെയും ശരീരങ്ങൾ ഒരുമിച്ച് മറ്റൊരു കല്ലറയിലേക്ക് മാറ്റും. ഇവിടെയാണ് രാജ്ഞിയുടെ അച്ഛനും അമ്മയും അതുപോലെ സഹോദരിയുടെ ചിതാഭസ്മവും അന്തിമവിശ്രമം കൊള്ളുന്നത്. നിലവിൽ ഫിലിപ്പിന്റെ ശരീരം അടക്കം ചെയ്ത കല്ലറയിൽ 44 ശരീരങ്ങൾ വരെ അടക്കം ചെയ്യുവാനുള്ള സൗകര്യമുണ്ട്. 1810-ലായിരുന്നു ഈ കല്ലറ പണിതത്. 1820-ൽ മരണമടഞ്ഞ ജോർജ്ജ് മൂന്നാമനെയാണ് ആദ്യമായി അവിടെ അടക്കം ചെയ്തിരിക്കുന്നത്.

കോവിഡ് പ്രോട്ടോക്കോൾ നിലവിലിരിക്കുന്നതിനാൽ 30 പേർക്ക് മാത്രമായിരുന്നു ചടങ്ങുകളിൽ പങ്കെടുക്കാൻ അനുവാദം ഉണ്ടായിരുന്നത്. ഫിലിപ്പ് രാജകുമാരന്റെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ചടങ്ങുകളിൽ പങ്കെടുക്കുന്നതിനുള്ള സൗകര്യമൊരുക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനടക്കം പല പ്രമുഖരും സംസ്‌കാര ചടങ്ങുകളിൽ നിന്നും വിട്ടുനിന്നിരുന്നു.