തിരുവനന്തപുരം: കുട്ടികൾക്ക് നൽകേണ്ട വൈറ്റമിൻ - എ മരുന്നിന്റെ ലഭ്യത ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും ഉറപ്പാക്കിയിട്ടുണ്ടെന്ന് തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടർന്നാണ് നടപടി. ഭാവിയിൽ യാതൊരു മുടക്കവുമില്ലാതെ വൈറ്റമിൻ എ പീഡിയാട്രിക് ഓറൽ സൊല്യൂഷൻ മരുന്ന് വിതരണം ചെയ്യുന്നുണ്ടെന്ന് ജില്ലാമെഡിക്കൽ ഓഫീസർ ഉറപ്പാക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിർദ്ദേശം നൽകി. 2019 മെയ്‌ 8 ലെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 8000 ബോട്ടിൽ മരുന്ന് ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളിൽ വിതരണം ചെയ്‌തെങ്കിലും പിന്നീട് മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ നിർദ്ദേശാനുസരണം മരുന്നിന്റെ വിതരണം നിർത്തിവച്ചതായി ജില്ലാമെഡിക്കൽ ഓഫീസർ കമ്മീഷനെ അറിയിച്ചു. 2020 മാർച്ച് 2 ന് മരുന്ന് വീണ്ടും ഉപയോഗിക്കാൻ നിർദ്ദേശം ലഭിച്ചു. എന്നാൽ 2020 മെയ്‌ 8ന് മരുന്നിന്റെ ഉപയോഗം നിർത്തി വയ്ക്കാൻ നിർദ്ദേശം ലഭിച്ചു. തുടർന്ന് 2020 ജൂൺ 18 ന് ലഭിച്ച നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ മരുന്നിന്റെ ഉപയോഗം പുനരാരംഭിച്ചു. മരുന്നിന്റെ വിതരണം നിർത്തിവച്ച കാലയളവിലാണ് മരുന്നിന് ദൗർലഭ്യം അനുഭവപ്പെട്ടതെന്ന് റിപ്പോർട്ടിൽ പറയുന്നു. മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം സമർപ്പിച്ച പരാതിയിലാണ് നടപടി.