- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടരവയസ്സ്‌കാരി അഫ്ഗാൻ പെൺകുട്ടിക്ക് ആസ്റ്റർ മിംസ് തുണയായി; ജീവൻ രക്ഷിച്ചത് ബോൺമാരോ ട്രാൻസ്പ്ലാന്റിലൂടെ
കോഴിക്കോട് : അഫ്ഗാനിസ്ഥാൻ സ്വദേശിയായ രണ്ടരവയസ്സ്‌കാരി കുൽസൂമിന് പുതുജീവനേകി ആസ്റ്റർമിംസ് . അപൂർവ്വമായ ബോൺമാരോ ട്രാൻപ്ലാന്റിലൂടെയാണ് കുട്ടിയുടെ ജീവൻ നിലനിർത്തിയത്. രണ്ടര വയസ്സ് മാത്രം പ്രായമുള്ള കുട്ടികൾക്ക് വിജയകരമായി ബോൺമാരോ ട്രാൻസ്പ്ലാന്റ് നിർവ്വഹിക്കുന്നത് കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത് . ജന്മനാ തന്നെ അതീവ ഗുരുതരമായ രക്താർബുദത്തിന്റെ (അക്യൂട്ട് മൈലോയിഡ് ലുക്കീമിയ) പിടിയിലായിരുന്ന കുൽസൂമിന് യു. എ. ഇ യിൽ വെച്ച് കീമോതെറാപ്പിയുടെ 4 സൈക്കിൾ പൂർത്തീകരിച്ചിരുന്നു. എന്നാൽ രോഗത്തിന് ശമനമില്ലാതായതിനെ തുടർന്നാണ് ബോൺമാരോ ട്രാൻസ്പ്ലാന്റിനെ കുറിച്ച് കുടുംബം ആലോചിച്ചത്.
തുടർന്ന് കുട്ടികളുടെ ബോൺമാരോ ട്രാൻസ്പ്ലാന്റ് ഏറ്റവും നല്ല റിസൽട്ടോട് കൂടി നിർവ്വഹിക്കുന്ന സെന്ററിനെക്കുറിച്ച് കുട്ടിയുടെ കുടുംബം നടത്തിയ അന്വേഷണത്തെ തുടർന്നാണ് കേരളത്തിൽ കോഴിക്കോട് ആസ്റ്റർ മിംസിനെക്കുറിച്ചറിയുന്നതും ചികിത്സാ സംബന്ധമായ അന്വേഷണങ്ങൾ നടത്തിയതും. കുൽസൂമിന്റെ കുടുംബം അഫ്ഗാൻ സ്വദേശികളാണെങ്കിലും കുഞ്ഞിന്റെ മുത്തച്ഛൻ ബിസിനസ്സ് ആവശ്യാർത്ഥം പതിറ്റാണ്ടുകൾക്ക് മുൻപ് യു എ ഇ യിലെത്തിയവരാണ്. ആ കാലത്ത് അഫ്ഗാൻ പാസ്സ്പോർട്ടുമായി വിദേശങ്ങളിലെത്താൻ സാധിക്കാത്തതിനാൽ അദ്ദേഹം പാക്കിസ്ഥാൻ പാസ്സ്പോർട്ട് കരസ്ഥമാക്കിയാണ് യു എ ഇ യിലെത്തിയത്. അവിടെവെച്ച് ജനിച്ച കുൽസൂമിന്റെ പിതാവിനും സ്വാഭാവികമായും പാക്കിസ്ഥാൻ പാസ്സ്പോർട്ട് തന്നെയാണ് ലഭിച്ചത്. ഈ പാസ്സ്പോർട്ടുമായി ഇന്ത്യയിലെത്തി ചികിത്സ തേടാൻ നിരവധി പ്രതിബന്ധങ്ങളുണ്ടായിരുന്നു. ഒടുവിൽ ആസ്റ്റർ മിംസ് ചെയർമാൻ പത്മശ്രീ ഡോ. ആസാദ് മൂപ്പന്റെയും, നോർത്ത് കേരള സി ഇ ഒ ഫർഹാൻ യാസിന്റെയും പരിശ്രമ ഫലമായി അവർക്ക് കേരളത്തിലെത്തിച്ചേരാനുള്ള അനുവാദം ലഭിക്കുകയായിരുന്നു.
ആസ്റ്റർ മിംസിലെത്തിച്ചേർന്ന ശേഷം തുടക്കത്തിൽ തീവ്രത കൂടിയ കീമോതെറാപ്പിയായ സാൽവേജ് കീമോതെറാപ്പി നിർവ്വഹിച്ചു. തുടർന്ന് രോഗലക്ഷണങ്ങളിൽ കുറവ് വന്നു എന്ന് ഉറപ്പാക്കിയ ശേഷം ഹീമോപോയെറ്റിക് സ്റ്റെം സെൽ ട്രാൻസ്പ്ലാന്റിന് വിധേയയാക്കുകയായിരുന്നു. കുട്ടിയുടെ പിതാവിൽ നിന്നാണ് സ്റ്റെം സെൽ സ്വീകരിച്ചത്.
'നിരവധി വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർ കേരളത്തിൽ ചികിത്സ തേടിയെത്തുന്നത് പതിവാണ്. എന്നാൽ ഇതുപോലെ സങ്കീർണ്ണമായ സാഹചര്യങ്ങളെ തരണം ചെയ്തും കേരളത്തിലെത്തി ചികിത്സ തേടുവാൻ വിദേശരാജ്യങ്ങളിൽ നിന്നുള്ളവർ താൽപര്യം പ്രകടിപ്പിക്കുന്നത് കേരളത്തിന്റെ ആതുരസേവന രംഗം ആഗോളതലത്തിൽ ശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുന്നു എന്നതിന് ഉദാഹരണമാണ്' ആസ്റ്റർ മിംസ് ചെയർമാൻ പത്മശ്രീ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. ഉത്തര കേരളത്തിലാദ്യമായാണ് പിതാവിന്റെ പാതി മാച്ചിങ്ങ് ആയ സ്റ്റംസെൽ ഉപയോഗിച്ച് ഹീമോപോയെറ്റിക് സ്റ്റെംസെൽ ട്രാൻസ്പ്ലാന്റ് നടത്തുന്നത് എന്ന പ്രത്യേകതയും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ട്രാൻസ്പ്ലാന്റിന് ശേഷം കുഞ്ഞ് സുഖം പ്രാപിച്ച് വരുന്നു എന്ന് ചികിത്സയ്ക്ക് നേതൃത്വം നൽകിയ കോഴിക്കോട് ആസ്റ്റർ മിംസിലെ കൺസൽട്ടന്റ് ഹെമറ്റോളജിസ്റ്റ് ഡോ. കേശവൻ പറഞ്ഞു. പത്രസമ്മേളനത്തിൽ ഡോ. കേശവൻ (കൺസൽട്ടന്റ് ഹെമറ്റോളജിസ്റ്റ്), കുട്ടിയുടെ പിതാവ് ശ്രീ മുഹമ്മദ്, ഫർഹാൻ യാസിൻ (നോർത്ത് കേരള ക്ലസ്റ്റർ സി. ഇ. ഒ, ആസ്റ്റർ മിംസ്), ഡോ. കെ. വി. ഗംഗാധരൻ (ഓങ്കോളജി വിഭാഗം മേധാവി), ഡോ. സുരേഷ് കുമാർ ഇ. കെ (പീഡിയാട്രിക്‌സ് വിഭാഗം മേധാവി) എന്നിവർ പങ്കെടുത്തു.