കൊച്ചി: പീഡനത്തിനിരയായ പതിമൂന്ന് വയസുകാരിക്ക് ഗർഭച്ഛിദ്രം നടത്താൻ ഹൈക്കോടതിയുടെ അനുമതി. കോഴിക്കോട്ട് നടന്ന സംഭവത്തിലാണ് കോടതി ഉത്തരവ്. കുട്ടിയുടെ ആരോഗ്യസ്ഥിതി പരിശോധിച്ചു 24 മണിക്കൂറിനകം ഗർഭച്ഛിദ്രം നടത്താൻ കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതർക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. മാതാപിതാക്കളുടെ പരാതിയെ തുടർന്ന് തിങ്കളാഴ്ച പ്രത്യേക സിറ്റിങ് നടത്തിയാണ് ഹൈക്കോടതി ഈ വിഷയം പരിഗണിച്ചത്.

കുട്ടിയുടെ ഗർഭം 26 ആഴ്ച പിന്നിട്ടു. ഇതിനാലാണ്ഗർഭം അലസിപ്പിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചത്. കോടതിയുടെ നിർദ്ദേശപ്രകാരം കോഴിക്കോട് മെഡിക്കൽ കോളജിൽ മെഡിക്കൽ ബോർഡ് രൂപീകരിച്ച് കുട്ടിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തിയിരുന്നു. 24 ആഴ്ച വരെ പ്രായമുള്ള ഭ്രൂണം നശിപ്പിക്കാനാണ് നിയമപരമായി അനുമതിയുള്ളത്. പെൺകുട്ടി 26 ആഴ്ച ഗർഭിണിയായ സാഹചര്യത്തിലാണ് പ്രത്യേക അനുമതി തേടി മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനത്തെത്തുടർന്ന് ഗർഭിണിയാകേണ്ടി വന്ന സാഹചര്യം കൂടി പരിഗണിച്ചണ് കോടതി അനുമതി. പീഡന സംഭവം പെൺകുട്ടിയെ മാത്രമല്ല, ഇതിന്റെ മാനസികാഘാതം മാതാപിതാക്കളെയും നിരന്തരം വേട്ടയാടുന്ന സ്ഥിതി വിശേഷമുണ്ടാകുന്നത് സാമൂഹ്യ താൽപര്യത്തിന് വിരുദ്ധമാകുമെന്നും കോടതി ചൂണ്ടിക്കട്ടി. ഭ്രൂണത്തിന്റെ ഡിഎൻഎ പരിശോധനയ്ക്ക് തെളിവുകൾ ശേഖരിക്കണമെന്ന നിർദേശവും കോടതി ഉത്തരവിലുണ്ട്.