ന്യൂഡൽഹി: ഇന്ത്യ നേരിടുന്നത് സമാനതകളില്ലാത്ത കോവിഡ് പ്രതിസന്ധി. രോഗവ്യാപനവും മരണ നിരക്കും ഇതുവരെ സംഭവിക്കാത്ത വിധം കുതിച്ചുയരുകയാണ്. ഇത്രയും നാൾ ഇന്ത്യ പിടിച്ചു കെട്ടിയ മരണ നിരക്ക് കുത്തനെ ഉയർന്നതോടെ ആശങ്കയുടെ നിഴലിലാണ് രാജ്യം. ആദ്യവ്യാപനത്തിൽ അമേരിക്കനേരിട്ട സമാന പ്രതിസന്ധിയാണ് ഇപ്പോൾ ഇന്ത്യ നേരിടുന്നത്. രോഗവ്യാപനവും മരണവും പിടിച്ചു കെട്ടാനാവാത്ത വിധം കുതിച്ചുയരുന്നു. ഇന്നലെ മാത്രം മരണം 2000 കടന്നു. മൂന്ന് ലക്ഷത്തിനടുത്ത് ആളുകൾ പുതുതായി രോഗികളായി. ഇതു തന്നെ രാജ്യം നേരിടുന്നത് എത്ര വലിയ പ്രതിസന്ധിയാണെന്നതിന് ഏറ്റവും വലിയ തെളിവായി.

കോവിഡ് നിരക്ക് പിടിവിട്ട് കുതിച്ചുയർന്നതോടെ 2020പേരാണ് ഇന്നലെ മരിച്ചത്. ഇതിൽ ഏറ്റവും കൂടുതൽ മരണം സംഭവിച്ചത് ഡൽഹിയിലാണ്. 294,290 പേർക്കാണ് ഇന്നലെ രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. രോഗവ്യാപന തോത് എത്ര വലുതാണെന്ന് തെളിയിക്കുന്നതാണ് ഇത്. ഇതോടെ 15,609,004 പേർ്ക്കാണ് ഇന്ത്യയിൽ ഇതുവരെ കോവിഡ് ബാധിച്ചത്. 8,944 പേരാണ് രോഗം ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്നത്. ഇന്നലെ 2020 പേർ കൂടി മരിച്ചതോടെ ആകെ മരണം 182,570 ആയി ഉയർന്നു. രാജ്യ തലസ്ഥാനമായ ഡൽഹിയാണ് ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നത്.

രാജ്യതലസ്ഥാനത്ത് ചൊവ്വാഴ്ച കോവിഡ് ബാധിച്ചവരുടെ എണ്ണം 28,395 ആയി. ചൊവ്വാഴ്ച 277 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ലോകത്തിന്റെ കോവിഡ് എപ്പിസെന്ററായി ഡൽഹി മാറിയിരിക്കുകയാണ്. ഡൽഹിയിലെ ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് കണക്കാണ് ഇന്നലത്തേത്. 86,526 സാംപിളുകളാണ് പരിശോധിച്ചത്. 32.82 % ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 85,600 പേർ ചികിത്സയിലുണ്ട്. അതേസമയം, 19,430 പേർ ഒറ്റ ദിവസം രോഗമുക്തരായി.

രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചതോടെ ഡൽഹിയിലെ ആരോഗ്യമേഖല തകിടം മറിഞ്ഞ അവസ്ഥയിലാണ്. പലയിടത്തും കിടക്കകളും മരുന്നുകളും ഓക്‌സിജനും ലഭ്യമല്ല. നഗരത്തിലെ പല പ്രമുഖ ആശുപത്രികളിലും ഓക്‌സിജന് ക്ഷാമം നേരിടുകയാണ്. എത്രയുംവേഗം ഓക്‌സിജൻ എത്തിക്കണമെന്നും ഗുരുതരമായ പ്രതിസന്ധിയാണ് നേരിടുന്നതെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചു.

12 മണിക്കൂറിലധികമായി പല ആശുപത്രികളിലും ഓക്‌സിജൻ ഇല്ലെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. കൂടുതൽ ഓക്‌സിജൻ നൽകണമെന്ന് ഒരാഴ്ചയായി കേന്ദ്രത്തോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ബുധനാഴ്ച രാവിലെയെങ്കിലും ഓക്‌സിജൻ എത്തിയില്ലെങ്കിൽ നിലവിളികൾ ഉയരുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.