ഓസ്റ്റിൻ : ലൈസെൻസ് ഇല്ലാതെ തോക്കുകൈവശം വയ്ക്കാവുന്ന നിയമം ടെക്സസ് നിയമസഭ പാസ്സാക്കിയിട്ടുണ്ടെങ്കിലും, ടെക്സസ് സെനറ്റിൽ പാസാക്കുവാൻ കഴികയില്ലെന്ന് ടെക്സസ് ലഫ്. ഗവർണർ ഡാൻ പാട്രിക്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബിൽ ചർച്ചക്കുശേഷം സെനറ്റിന്റെ അംഗീകാരത്തിനായി അയച്ചത്. വ്യാഴാഴ്ച 56 നെതിരെ 84 വോട്ടുകൾക്ക് നിയമസഭ ബിൽ അംഗീകരിച്ചിരുന്നു. ടെക്സസ് സെനറ്റിൽ ബിൽ പാസ്സാക്കുന്നതിനാവശ്യമായ വോട്ട് ലഭിക്കുകയില്ലെന്ന് തിങ്കളാഴ്ച (ഏപ്രിൽ 19) ലഫ്. ഗവർണർ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

വോട്ടു ലഭിക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ ബിൽ ഞാൻ സെനറ്റിൽ അവതരിപ്പിക്കും - പാട്രിക് കൂട്ടിചേർത്തു. മുപ്പത്തിഒന്ന് സെനറ്റ് അംഗങ്ങളിൽ 18 പേരുടെ പിന്തുണ ബിൽ പാസ്സാക്കണമെങ്കിൽ ആവശ്യമുണ്ട്. നിലവിൽ റിപ്പബ്ലിക്കൻ അംഗങ്ങളുടെ എണ്ണം പതിനെട്ടാണ്. ഇവരെല്ലാവരും ബില്ലിനെ അനുകൂലിച്ചെങ്കിൽ മാത്രമേ ബിൽ ചർച്ചക്ക് എടുക്കുകയുള്ളൂവെന്നും ഡാൻ പാട്രിക് പറഞ്ഞു.

പെർമിറ്റില്ലാതെ തോക്ക് ഉപയോഗിക്കുന്നതിനെ എതിർക്കുന്ന നിയമ പാലകരുമായും, നാഷനൽ റൈഫിൾ അസോസിയേഷനും, ഗൺ ഓണേഴ്സ് അസോസിയേഷനുമായി ചർച്ച ചെയ്തു ബിൽ പാസാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ഡാൻ പാട്രിക് പറയുന്നു.
അമറില്ലൊയിൽ നിന്നുള്ള റിപ്പബ്ലിക്കൻ സെനറ്റർ കെൽ സെലിഗർ ഇതിനകം തന്നെ ബില്ലിനെ പിന്തുണക്കുകയില്ലെന്ന് പ്രസ്താവനയിറക്കിയിട്ടുണ്ട്.

അമേരിക്കയിൽ വെടിവെപ്പു സംഭവങ്ങൾ ദൈനംദിനം വർധിച്ചുവരുന്നതിനിടയിൽ സ്വയ രക്ഷക്ക് ഹാൻഡ് ഗൺ കൈവശം കരുതേണ്ടതുണ്ടെന്നാണ് അനുകൂലമായി വാദിക്കുന്നവർ ഉന്നയിക്കുന്ന പ്രധാന വാദമുഖം.