തിരുവനന്തപുരം: കിംസ് ആശുപത്രിയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയും (ഐ.സി.എസ്‌ഐ) ചേർന്ന് സംഘടിപ്പിക്കുന്ന ആരോഗ്യ പദ്ധതിക്ക് തുടക്കമായി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയിലെ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും ചികിത്സാ ഇളവ് ലഭ്യമാക്കുന്ന പദ്ധതിയുടെ രേഖകൾ കിംസ് ഹെൽത്ത്കെയർ പ്രൊമോഷൻസ് ഗ്രൂപ്പ് ഹെഡ് വൈ.ആർ.വിനോദ് ഐ.സി.എസ്‌ഐ തിരുവനന്തപുരം ചാപ്റ്റർ ചെയർമാൻ എസ്. ബാലമുരളിക്ക് കൈമാറി. പദ്ധതിരേഖകളിൽ ഇരുവരും ഒപ്പുവെച്ചു.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ സംസ്ഥാനത്തെ അഞ്ചു ചാപ്റ്ററുകളിലായി 900 അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ആരോഗ്യ പദ്ധതിയുടെ ഗുണഭോക്താക്കളാവും. അതോടൊപ്പം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ നടത്തുന്ന കോഴ്സുകളിൽ പഠിക്കുന്ന ഏഴായിരത്തോളം വിദ്യാർത്ഥികൾക്കും പദ്ധതി പ്രകാരമുള്ള ചികിത്സാ ഇളവ് ലഭ്യമാവും. കിംസ് ഹോസ്പിറ്റലിൽ ബുധനാഴ്ച നടന്ന ചടങ്ങിൽ ഐ.സി.എസ്‌ഐ തിരുവനന്തപുരം ചാപ്റ്റർ സെക്രട്ടറി ജി.അനിൽകുമാർ, കിംസ് ഗ്രൂപ്പ് കമ്പനി സെക്രട്ടറി എം.ശ്യാംകുമാർ എന്നിവർ പങ്കെടുത്തു.