- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജ്യത്ത് കോവിഡിന്റെ മരണ വേഗം കൂടുന്നു; ഇന്നലെ 3,45,147 പുതിയ രോഗികളും 2621 മരണവും; മഹാരാഷ്ട്രയിൽ 24 മണിക്കൂറിനുള്ളിൽ 773 മരണവും 66,836 പുതിയ രോഗികളും: വിശാഖ പട്ടണത്ത് നിന്നും ആദ്യ 'ഓക്‌സിജൻ എക്സ്‌പ്രസ്' ട്രെയിൻ മഹാരാഷ്ട്രയിലെത്തി
മുംബൈ: രാജ്യത്ത് കോവിഡ് അതിരൂക്ഷമായി പടരുമ്പോൾ മരണവേഗവും കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,45,147 പേർക്കാണ് പുതുതായി രോഗം ബാധിച്ചത്. 2,621 പേർ ഇന്നലെ കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് മരണ നിരക്ക് 1,89,549 ആയി ഉയർന്നു. കോവിഡിൽ സ്ഥിതി കൈവിട്ടു പോയതോടെ എന്തു ചെയ്യണമെന്ന് അറിയാതെ പകച്ചു നിൽക്കുകയാണ് രാജ്യം. മതിയായ ഓക്‌സിജൻ ലഭ്യമല്ലാത്തതും വൻ പ്രതിസന്ധിയാണ് രാജ്യത്ത് ഉണ്ടാക്കിയിരിക്കുന്നത്.
കേരളം അടക്കം മിക്ക സംസ്ഥാനങ്ങളിലും കോവിഡ് വ്യാപനം അതിരൂക്ഷമാണ്. കോവിഡിന്റെ ഹോട്‌സ്‌പോട്ടായ മഹാരാഷ്ട്രയിൽ കാര്യങ്ങൾ കൈവിട്ട നിലയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 773 പേരാണ് ഇവിടെ രോഗം ബാധിച്ചു മരിച്ചത്. ഒരു ദിവസത്തെ ഉയർന്ന മരണസംഖ്യയാണിത്. 66,836 പേർക്കാണ് രോഗം ബാധിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 41,61,676 ആയി. കോവിഡ് ബാധയെ തുടർന്ന് 773 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 63,252-ലേക്ക് എത്തി. നിലവിൽ 6,91,851 സജീവകേസുകളാണ് സംസ്ഥാനത്തുള്ളത്. 34,04,792 പേരാണ് ഇതുവരെ കോവിഡിൽനിന്ന് മുക്തി നേടിയത്. 16.53 ശതമാനമാണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
അതേസമയം മുംബൈയിൽ 7,221 പേർക്കാണ് പുതുതായി കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,541 പേർ രോഗമുക്തി നേടിയപ്പോൾ 72 പേർക്കു കൂടി മഹാമാരിയെ തുടർന്ന് ജീവൻ നഷ്ടമായി. നിലവിൽ 81,538 സജീവ കേസുകളാണ് മുംബൈയിലുള്ളത്. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ വിശാഖപട്ടണത്തുനിന്നുള്ള ആദ്യ 'ഓക്‌സിജൻ എക്സ്‌പ്രസ്' ട്രെയിൻ മഹാരാഷ്ട്രയിലെ നാഗ്പുരിലെത്തി. വെള്ളിയാഴ്ച വൈകിട്ടാണ് ഏഴു ടാങ്കർ ഓക്‌സിജനുമായി ട്രെയിൻ മഹാരാഷ്ട്രയിലെത്തിയത്. മൂന്ന് ടാങ്കറുകൾ നാഗ്പുർ ജംക്ഷൻ റെയിൽവേ സ്റ്റേഷനിൽ ഇറക്കിയതായി ദേശീയ വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
വ്യാഴാഴ്ച വൈകിട്ട് വിശാഖപട്ടണത്തെ രാഷ്ട്രീയ ഇസ്പട് നിഗം ലിമിറ്റഡിൽ (ആർഐഎൻഎൽ) നിന്നാണ് ഓക്‌സിജൻ ടാങ്കറുകൾ യാത്ര ആരംഭിച്ചത്. ഓരോ ടാങ്കറിലും 15 ടൺ വീതം ഓക്‌സിജനുണ്ട്. ഈസ്റ്റ് കോസ്റ്റ് റെയിൽവേയുടെ വാൽട്ടേർ ഡിവിഷൻ, ആർഐഎൻഎൽ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുടെ പ്രവർത്തനഫലമായാണു നീക്കം വിജയം കണ്ടതെന്ന് റെയിൽവേ അറിയിച്ചു. വിശാഖപട്ടണത്തുനിന്നുള്ള ട്രെയിനിന്റെ വിഡിയോ കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ ട്വീറ്റ് ചെയ്തു.
കഴിഞ്ഞ വർഷം ലോക്ഡൗണിന്റെ സമയത്തുൾപ്പെടെ അവശ്യവസ്തുക്കളുമായി റെയിൽവേ സർവീസ് നടത്തിയിരുന്നു. അടിയന്തര സാഹചര്യങ്ങളിലെല്ലാം രാജ്യത്തിനായുള്ള ഈ സേവനം തുടരും. ഇപ്പോൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഓക്‌സിജൻ എക്സ്‌പ്രസുകൾ പോകുന്നു. ഇത് ആശുപത്രികൾക്കും രോഗികൾക്കും സഹായമാകും റെയിൽവേ അറിയിച്ചു.
അതേസമയം, തമിഴ്‌നാട്ടിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 13,776 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 8078 പേർ രോഗമുക്തി നേടിയപ്പോൾ 78 പേർക്കു കൂടി രോഗബാധയെ തുടർന്ന് ജീവൻ നഷ്ടമായി. സംസ്ഥാനത്ത് ഇതുവരെ 10,51,487 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 9,43,044 പേർ ഇതിനോടകം രോഗമുക്തി നേടിയപ്പോൾ 13,395 പേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്. നിലവിൽ 95,048 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്.