തണ്ണിത്തോട്: മകൾ വിവാഹം ചെയ്ത് അകലേയ്ക്ക് പോയെങ്കിലും എന്നും ഫോണിലൂടെ ഒഴുകി എത്തുന്ന മകളുടെ സംസാരമായിരുന്നു കുന്നും പുറത്ത് വീട്ടിൽ അന്നാമ്മയുടെ മുഖത്ത് സന്തോഷം വിടർത്തിയിരുന്നത്. എന്നാൽ ഇനി ഒരിക്കലും ആ വിളിയൊച്ച എത്തില്ല എന്ന തിരിച്ചറിവ് ചെറിയ സങ്കടം ഒന്നുമല്ല ഈ കുടുംബത്തിൽ ഉണ്ടാക്കിയിരിക്കുന്നത്.എന്നാൽ നിഷ മരിച്ചെന്ന വാർത്തയിൽ തേങ്ങി കരയുകയാണ് മാതാവും സഹഹോദരങ്ങളും.

കാലങ്ങളായി ഡൽഹിയിൽ കുടുംബമായി താമസമാണെങ്കിലും ദിവസവും രാവിലെ മാതാവ് അന്നമ്മയെ ഫോണിൽ വിളിച്ച് വീട്ടിലെയും നാട്ടിലെയും വിശേഷങ്ങൾ തിരക്കിയിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനു മുൻപും ഫോൺ വിളിച്ചിരുന്നു. കോവിഡിന്റെ വ്യാപനം കുറയുമ്പോൾ നാട്ടിലേക്ക് എത്തുന്നുണ്ടെന്ന് മാതാവിനെ അറിയിച്ചിരുന്നതാണ്. ഇതിനിടയിലാണ് നിഷയെ തേടി മരണം എത്തിയത്.

അകലങ്ങളിലേക്ക് അകന്നുപോയ മകളുടെ ശബ്ദം ഇനിയൊരിക്കലും കേൾക്കാനാകില്ലെന്ന തിരിച്ചറിവ് മാതാവിന് താങ്ങാനാകുന്നില്ല.യൂത്ത് കോൺഗ്രസ് മുൻ ദേശീയ ഭാരവാഹിയും എഐസിസി അംഗവുമായ നരേഷ് ശർമയുടെ ഭാര്യയാണ് നിഷ. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ഡൽഹിയിൽ നിഷ നഴ്‌സായി ജോലി ചെയ്യുന്ന ആശുപത്രിയിൽ മാതാവിന്റെ ചികിത്സയ്ക്കായി എത്തിയ നരേഷ് ശർമ പരിചയത്തിലാകുകയും പിന്നീട് ജീവിത സഖിയാക്കുകയും ആയിരുന്നു.

15 വർഷം മുൻപാണ് വിവാഹം. വിവാഹത്തിനു ശേഷം കുടുംബിനിയായി കഴിയുകയായിരുന്നു. വിശേഷാവസരങ്ങളിൽ മാത്രമാണ് നിഷയും കുടുംബവും കുടുംബവീട്ടിൽ എത്തിയിരുന്നതെങ്കിലും ദിവസവുമുള്ള ഫോൺ വിളിക്ക് മാറ്റമുണ്ടായിരുന്നില്ല. പിതാവ് : പരേതനായ സാമുവൽകുട്ടി. സഹോദരങ്ങൾ: ജിഷ, ജിജോ.