പാലോട്: ഫോണിൽ വിളിച്ച് ബുക്ക് ചെയ്ത ടിക്കറ്റിന് 70 ലക്ഷം രൂപയുടെ സമ്മാനം. എന്നാൽ ലക്ഷങ്ങൾ കയ്യിൽ വരുമെന്ന് അറിഞ്ഞിട്ടും പാപ്പച്ചന്റെ കണ്ണു മഞ്ഞളിച്ചില്ല. ടിക്കറ്റ് തന്റെ കൈവശമാണെങ്കിലും അതിന് ഫോണിലൂടെ മറ്റൊരു അവകാശി ഉണ്ടായി എന്ന ഒറ്റക്കാരണം കൊണ്ട് വിശ്വാസത്തിന്റെ മറ്റൊരു പര്യായമായിരിക്കുകയാണ് പാപ്പച്ചൻ. അദ്ധ്യാപകൻ കൂടിയായ ശാസ്താംകോട്ട ശശിധരൻ ഫോണിൽ വിളിച്ച് ബുക്ക് ചെയ്ത ടിക്കറ്റിനാണ് നിർമൽ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ അടിച്ചത്.

ചെറ്റച്ചൽ ജവാഹർ നവോദയ വിദ്യാലയത്തിലെ അദ്ധ്യാപകനായ ശാസ്താംകോട്ട കെ. ശശിധരനാണ് ഫോണിലൂടെ ടിക്കറ്റ് ബുക്ക് ചെയ്ത് 70 ലക്ഷം നേടിയത്. അദ്ധ്യാപകനായ ശശിധരൻ വിദ്യാലയ പ്രവർത്തനം ഇല്ലാത്തതു മൂലം ശാസ്താംകോട്ടയിലെ വീട്ടിലായിരുന്നു. പാലോട് ടൗണിലെ പാപ്പച്ചന്റെ ത്രിവേണി ലക്കി സെന്ററിലേക്കു ഫോണിൽ വിളിച്ചാണു താൻ പറഞ്ഞ നമ്പറുകളിലെ ആറ് ടിക്കറ്റ് എടുത്തു മാറ്റിവയ്ക്കാൻ പറഞ്ഞത്.

തന്റെ കയ്യിൽ ടിക്കറ്റ് ഇരിക്കവേ സമ്മാനം അടിച്ച വിവരം ശശിധരനെ വിളിച്ചു പറഞ്ഞു സത്യസന്ധതയുടെ പ്രതീകമാവുകയായിരുന്നു പാപ്പച്ചൻ. ഇടയ്ക്കിടെ ഭാഗ്യം പരീക്ഷിക്കുന്ന ശശിധരന് പലതവണ അയ്യായിരം രൂപ വരെയുള്ള സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. സംഗീത അദ്ധ്യാപകൻ എന്നതിനപ്പുറം ഉത്സവ പറമ്പുകളിലും മറ്റും കരോക്കേ ഗാനമേളകളിൽ ശ്രദ്ധേയനാണ്.

ഉപജീവനത്തിനായി ചെറിയ തോതിൽ ചീരക്കട എന്ന പേരിൽ പച്ചക്കറിക്കടയും ഒപ്പം ലോട്ടറിയും വിൽക്കുന്ന പാപ്പച്ചനും സന്തോഷത്തിലാണ്. അടുത്ത കാലങ്ങളിലായി നാലു പേർക്ക് പാലോട് മേഖലയിൽ ഒന്നാം സമ്മാനം ലഭിച്ചിട്ടുണ്ട്. ഇതിൽ 60ലക്ഷത്തിന്റെ ഒരു ഭാഗ്യശാലിയെ ഒന്നര വർഷമായിട്ടും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ശശിധരനിലൂടെ ഒരിക്കൽ കൂടി ഒന്നാം സമ്മാനത്തിന്റെ ഭാഗ്യദേവത പാലോടിനെ കടാക്ഷിച്ചിരിക്കുകയാണ്.