- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാറിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ രാഹുലിന്റേതുകൊലപാതകമോ? സ്വാഭാവിക മരണമല്ലെന്ന് പ്രാഥമിക നിഗമനം; തലയുടെ ഉള്ളിലും ശരീരത്തിലും പരിക്കേറ്റതായി റിപ്പോർട്ട്: വിശദമായ അന്വേഷണത്തിനൊരുങ്ങി പൊലീസ്
കറുകച്ചാൽ: കാറിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ രാഹുലിന്റേതുകൊലപാതകമോ? രാഹുലിന്റെ തലയ്ക്കകത്തും ശരീരത്തിലും സാരമായ ക്ഷതമേറ്റതായി പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയതോടെയാണ് ഇത്തരമൊരു സംശയത്തിന് വഴിവെച്ചത്. സ്വാഭാവിക മരണമല്ലെന്നാണു പോസ്റ്റ്‌മോർട്ടത്തിലെ പ്രാഥമിക നിഗമനം. വീഴ്ചയിൽ സംഭവിച്ച പരുക്കാണോ അടിയേറ്റതിന്റെ പരുക്കാണോ എന്നു കണ്ടെത്താൻ വിശദമായ അന്വേഷണം വേണമെന്നു ഫൊറൻസിക് സർജൻ നിർദ്ദേശിച്ചു.
ചമ്പക്കര കൊച്ചുകണ്ടം ബംഗ്ലാകുന്നേൽ വീട്ടിൽ രാജപ്പന്റെ മകൻ രാഹുൽ രാജു(35)വിനെയാണ് ശനിയാഴ്ച രാവിലെ നടുറോഡിൽ സ്വന്തം കാറിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് ഒരു കിലോമീറ്റർ അകലെയാണ് സംഭവം നടന്നത്. രാഹുലിന്റേതുകൊലപാതകമാണോ എന്നു കണ്ടെത്തുന്നതിനു വിശദമായ അന്വേഷണം നടത്തുമെന്ന് കറുകച്ചാൽ സ്റ്റേഷൻ ഹൗസ് ഓഫിസർ കെ. ജയകൃഷ്ണൻ പറഞ്ഞു.
തലയുടെ ഉള്ളിലാണു സാരമായ പരുക്ക്. രക്തസ്രാവവും ഉണ്ടായി. ശരീരത്തിൽ മുറിവുകളുണ്ട്. ഫൊറൻസിക് സർജൻ ഡോ. ജോമോൻ മരണം നടന്ന സ്ഥലത്തു പൊലീസിനൊപ്പം പരിശോധന നടത്തും. തലയിലെ പരുക്കിനു പുറമേ വയറിനു സമീപമാണു മുറിവുകൾ. രാഹുലിന്റെ സുഹൃത്തുക്കൾ, മരണത്തിന് മുൻപ് ആശയ വിനിമയം നടത്തിയവർ എന്നിവരെ കണ്ട് പൊലീസ് മൊഴി എടുത്തു വരികയാണ്.
കൊലപാതക സൂചനകൾ ഉള്ള സംഭവങ്ങൾ നടന്നതായി തെളിവുകൾ ലഭിച്ചിട്ടില്ല. മൽപിടുത്തത്തിന്റെ ലക്ഷണങ്ങളും ഇല്ല. സംസ്‌കാരം കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ഇന്നു 10ന് മുട്ടമ്പലം പൊതുശ്മശാനത്തിൽ നടക്കും. കോട്ടയം-പന്തളം റൂട്ടിൽ സർവീസ് നടത്തുന്ന ചമ്പക്കര ബസിന്റെ ഡ്രൈവറായിരുന്നു രാഹുൽ.
മറുനാടന് മലയാളി ബ്യൂറോ