- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൃതദേഹങ്ങൾ ബന്ധുക്കൾ തന്നെ കൊണ്ടുപോയി കത്തിക്കുന്നുവെന്ന് വിദേശ മാധ്യമങ്ങൾ; ഓക്സിജനും മരുന്നുകളുമായി ബ്രിട്ടന്റെ വിമാനം എത്തി; ഫ്രാൻസും അമേരിക്കയും ഉടൻ ഇന്ത്യയിലേക്ക് ചികിത്സ വിമാനങ്ങൾ അയയ്ക്കും
ഇന്ത്യയിലെ കോവിഡിന്റെ ഭീകരമുഖം ലോകത്തിനു മുന്നിൽ പ്രദർശിപ്പിക്കുകയാണ് ലോകമാധ്യമങ്ങൾ. കോവിഡ് പ്രോട്ടോക്കോളുകൾ ലംഘിച്ച് ബന്ധുക്കൾ തന്നെ കോവിഡ് രോഗികളുടെ മൃതദേഹം ഏറ്റുവാങ്ങി സംസ്‌കാരത്തിന് കൊണ്ടുപോകുന്നതായി അവർ റിപ്പോർട്ട് ചെയ്യുന്നു. മിക്കയിടങ്ങളിലും പൊതുശ്മശാനങ്ങളിലെ തിരക്കൊഴിവാക്കുവാൻ സ്വന്തം പുരയിടങ്ങളിൽ തന്നെ മൃതദേഹങ്ങൾ ദഹിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുന്നു എന്നും അവർ ആരോപിക്കുന്നു.
രണ്ടാം വരവിൽ ഇന്ത്യയെ ആകെ പിടിച്ചുകുലുക്കുന്ന ഒരു സുനാമിത്തിരപോലെയാണ് കൊറോണയുടെ താണ്ഡവം തുടരുന്നത്. ഇന്നലെ 3,49,661 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 2,767 മരണങ്ങളും രേഖപ്പെടുത്തി.ഇന്ത്യ ദുരന്തക്കയത്തിൽ മുങ്ങിത്താഴുമ്പോൾ കൈത്താങ്ങായി ലോകരാഷ്ട്രങ്ങൾ എത്തുകയാണ്. ബ്രിട്ടനും ഫ്രാൻസും മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും അയച്ചുകഴിഞ്ഞു. 600 മെഡിക്കൽ ഉപകരണങ്ങളുമായി എത്തിയ ബ്രിട്ടീഷ് എയർവേയ്സിന്റെ വിമാനം ഹീത്രൂ വിമാനത്താവളത്തിൽനിന്നും ഇന്നലെ ന്യുഡൽഹിയിലേക്ക് തിരിച്ചു.
495 ഓക്സിജൻ കോൺസെൻട്രേറ്ററുകളും വെന്റിലേറ്ററുകളുമാണ് അതിലുള്ളത്. ഇന്നലെ വൈകിട്ട് തിരിച്ച വിമാനം ഇന്ന് അതിരാവിലെ ന്യുഡൽഹിയിലെത്തും. ഈ ആഴ്‌ച്ച മൊത്തം ഒമ്പത് എയർലൈൻ കണ്ടെയ്നറുകൾ അയയ്ക്കുവാനാണ് ബ്രിട്ടൻ പദ്ധതി ഇട്ടിരിക്കുന്നത്. 495 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, 120 നൊൺ-ഇൻവേസീവ് വെന്റിലേറ്ററുകൾ, 20 മാനുവൽ വെന്റിലേറ്ററുകൾ എന്നിവ ഇതിൽ ഉൾപ്പെടും.
ഇന്ന് ഇന്ത്യയിൽ ഏറ്റവുമധികം ക്ഷാമം നേരിടുന്ന ഓക്സിജൻ ഇന്ത്യയ്ക്ക് ലഭ്യമാക്കുവാനാണ് ഫ്രാൻസിന്റെ ഉദ്യമം എന്ന് ഇന്നലെ ഫ്രഞ്ച് പ്രസിഡണ്ട് പറഞ്ഞു. ഏറ്റവുമധികം അത്യാവശ്യമായ ഓക്സിജൻ റെസ്പിരേറ്ററുകളും ഇതിൽ ഉൾപ്പെടും. അതേസമയം രാജ്യ തലസ്ഥാനമായ ഡെൽഹിയിൽ ഇന്നലെ 348 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഓരോ നാല് മിനിട്ടിലും ഒരു മരണം വീതം സംഭവിക്കുന്നു എന്നർത്ഥം.
പൊതുശ്മശാനങ്ങളിൽ തിരക്ക് വർദ്ധിച്ചതോടെ കർണ്ണാടകയിൽ പലയിടങ്ങളിലും സ്വന്തം പുരയിടങ്ങളിൽ മൃതദേഹങ്ങൾ ദഹിപ്പിക്കാൻ ജനങ്ങൾ നിർബന്ധിതരായതായി വാർത്തകൾ വരുന്നുണ്ടെന്ന് ചില വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചു വേണം വീടുകളിലും മൃതദേഹം ദഹിപ്പിക്കുവാൻ. സംസ്ഥാനത്തെ സ്ഥിതിഗതികൾ നിയന്ത്രണാതീതമായി കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി യഡിയൂരപ്പ പറഞ്ഞു.
സാധാരണ ഹൈന്ദവ പാരമ്പര്യ പ്രകാരം സൂര്യനസ്തമിച്ചു കഴിഞ്ഞാൽ പിന്നെ മൃതദേഹങ്ങൾ ദഹിപ്പിക്കാറില്ല. എന്നാൽ, കോവിഡ് പ്രതിസന്ധി അതിനൊന്നും അനുവദിക്കുന്നില്ല. ബാംഗ്ലൂരുവിലെ ഏഴ് ശ്മശാനങ്ങൾ തുടർച്ചയായി 24 മണിക്കൂറും പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം മൃതദേഹങ്ങൾ ദഹിപ്പിക്കുവാൻ ആവശ്യത്തിന് മരത്തടികൾ ലഭിക്കാത്തതുകാരണം മൃതദേഹങ്ങൾ ശ്മശാനങ്ങളിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. ഒരു ഇലക്ട്രിക് ഫർണസ് അമിതഭാരത്താൽ കേടാവുകയും ചെയ്തതോടെ പ്രതിസന്ധി രൂക്ഷമായി.
അതേസമയം, പ്രമുഖ വൈറോളജിസ്റ്റുകൾ പറയുന്നത് ഇന്ത്യയിലെ രണ്ടാം തരംഗം ഇനിയും രണ്ട് ആഴ്‌ച്ചകൾ കൂടി നീണ്ടുനിൽക്കും എന്നാണ്. പ്രതിദിനം 5 ലക്ഷം പേർ വരെ പുതിയതായി രോഗബാധിതരാകുന്ന സാഹചര്യം ഉണ്ടാകുമെന്നും അവർ പറയുന്നു. വാക്സിൻ പദ്ധതി എത്രയൊക്കെ പുരോഗമിച്ചാലും രോഗവ്യാപനം കൂടിക്കൊണ്ട് തന്നെയിരിക്കുമെന്നാണ് അശോക യൂണിവേഴ്സിറ്റിയിലെ ബയോ സയൻസ് മേധാവി ഷാഹിദ് ജമീൽ പറയുന്നത്.
അമേരിക്കയും ഇന്ത്യയ്ക്ക് സഹായ ഹസ്തവുമായി മുന്നോട്ട് വരികയാണ്. ഒപ്പം അയൽരാജ്യമായ പാക്കിസ്ഥാനും മെഡിക്കൽ ഉപകരണങ്ങളും മറ്റും ഇന്ത്യയ്ക്ക് നൽകാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. അതേസമയം വാക്സിൻ നിർമ്മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ കയറ്റുമതി ഡിഫൻസ് പ്രൊഡക്ഷൻ ആക്ടിൽ ഉൾപ്പെടുത്തി നിയന്ത്രിച്ചതിനെതിരെ അമേരിക്കക്കെതിരെ കനത്ത പ്രതിഷേധം ഇന്ത്യയിൽ ഉയരുന്നുണ്ട്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാവായ സിറം ഇൻസ്റ്റിറ്റിയുട്ട്, ഈ നിയന്ത്രണങ്ങൾ നീക്കം ചെയ്യണമെന്ന ജോ ബൈഡനോട് ആവശ്യപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ