വാഷിങ്ടൻ: കോവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയ്ക്ക് സഹായവുമായി യുഎസ്. അഞ്ചു ടൺ ഓക്‌സിജൻ കോൺസൻട്രേറ്റും 300 ഉപകരണങ്ങളുമായി എയർ ഇന്ത്യ വിമാനം ന്യൂയോർക്കിൽനിന്നും ഉടൻ ഇന്ത്യയിലെത്തും. കോവിഡിന്റെ ആദ്യതരംഗത്തിൽ അമേരിക്കയ്ക്ക് ഇന്ത്യ നൽകിയ സഹായം മറക്കില്ലെന്ന് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.

അതിഭീകരമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന ഇന്ത്യയെ ഉറപ്പായും സഹായിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ ട്വിറ്ററിൽ കുറിച്ചു. നേരത്തെ വാക്സീൻ ഉൽപ്പാദനത്തിനായി ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കൾ ഇന്ത്യയ്ക്ക് നൽകുമെന്ന് യുഎസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജെയ്ക് സുള്ളിവൻ ഇന്ത്യൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിനെ നേരിട്ടറിയിച്ചിരുന്നു. കോവിഷീൽഡ് വാക്സീന്റെ ഉൽപ്പദാനത്തിനുള്ള അസംസ്‌കൃത വസ്തുക്കളാണ് ഇന്ത്യയ്ക്ക് നൽകുക. യുഎസ് ഭരണകൂടം ഇന്ത്യൻ സർക്കാരുമായി നിരന്തരം സംസാരിക്കുന്നുണ്ടെന്നും വേണ്ട സഹായങ്ങൾ വളരെ വേഗം എത്തിക്കുമെന്നും യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ട്വീറ്റ് ചെയ്തു.

ബ്രിട്ടൻ ഇന്ത്യയിലേക്ക് 495 ഓക്സിജൻ കോൺസെൻട്രേറ്ററുകളും 140 വെന്റിലേറ്ററുകളും കയറ്റിയയച്ചിട്ടുണ്ട്. ഉപകരണങ്ങൾ നാളെ രാവിലെയോടെ ഇന്ത്യയിലെത്തും. ഇന്ത്യയ്ക്ക് മെഡിക്കൽ ഓക്സിജൻ നൽകി സഹായിക്കുമെന്ന് ഫ്രാൻസും ആവശ്യമായ സഹായങ്ങൾ നൽകുമെന്ന് യൂറോപ്യൻ യൂണിയനും അറിയിച്ചു.