മാനന്തവാടി; മാനന്തവാടി വിമലനഗർ പുളിക്കൽ കൊയ്‌പ്പുറത്ത് വീട്ടിൽ ജയനും കുടുംബവും കഴിഞ്ഞ ആറ് വർഷത്തോളമായി അനുഭവിച്ചുകൊണ്ടിരുന്ന ഒരു ദുരിതത്തെ കുറച്ച് മറുനാടൻ മലയാളി കഴിഞ്ഞ ദിവസം ഒരു വാർത്ത നൽകിയിരുന്നു. ഓരോ മഴ പെയ്യുമ്പോഴും വീടിന് സമീപത്തുകൂടെ പോകു റോഡിൽ നിന്നുള്ള മണ്ണും മാലിന്യവുമെല്ലാം വീട്ടുമുറ്റത്തേക്ക് ഒലിച്ചിറങ്ങുന്നതായിരുന്നു പ്രശ്നം. ആ പ്രശ്നത്തിന് പരിഹാരമുണ്ടായിരിക്കുകയാണ് ഇപ്പോൾ.

പ്രാരംഭനടപടിയെന്നോണം മാന്തവാടി നഗരസഭയിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ ഇന്നലെ സ്ഥലം സന്ദർശിക്കുകയും നിർമ്മാണ പ്രവർത്തികൾ അടുത്ത ദിവസം തന്നെ തുടങ്ങുമെന്നും അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെ നഗരസഭ അധികൃതർ തൊഴിലാളികളുമായി നേരിട്ടെത്തി ഇവരുടെ വീടിന് മുൻവശത്തെ താത്കാലിക ഓവുചാൽ നിർമ്മാണം ആരംഭിച്ചതായി ജയനും കുടുംബവും മറുനാടൻ മലയാളിയോട് പറഞ്ഞു. വർഷങ്ങളായി വിവിധയിടങ്ങളിൽ പരാതി നൽകിയിരുെങ്കിലും പരിഹാരാമാകാതിരുന്ന പ്രശ്നത്തിൽ മാനന്തവാടി നഗരസഭ ഇടപെട്ടത് മറുനാടൻ മലയാളി വാർത്തയെ തുടർന്നാണെന്ന് ജയനും കുടുംബവും പറഞ്ഞു. വാർത്ത നൽകി സഹായിച്ചതിന് നന്ദിയുണ്ടെന്നും ജയന്റെ ഭാര്യ ശോഭ പറഞ്ഞു.

ഓരോ മഴപെയ്ത് തോരുമ്പോഴും വീട്ടുമുറ്റത്ത് നിന്നും ഒരു ലോഡിലധികം മണ്ണും മാലിന്യങ്ങളും നീക്കം ചെയ്യേണ്ട അവസ്ഥയിലായിരുന്നു ഈ കുടുംബം. വീടിന് മുന്നിലൂടെ കടന്നുപോകുന്ന മക്കിക്കൊല്ലി തവിഞ്ഞാൽ റോഡിന് സംരക്ഷണ ഭീത്തി കെട്ടാത്തതും ഓവുചാൽ നിർമ്മിക്കാത്തതുമായിരുന്നു ജയന്റെ ഈ ദുരിതത്തിന് കാരണം. മഴ പെയ്യുന്നതോടെ റോഡിൽ നിന്നുള്ള മലിനജലവും മണ്ണുമെല്ലാം ജയന്റെ വീട്ടുമുറ്റത്താണ് വന്നുചേരുന്നത്. ഇതിന് പുറമെ ഓരോ മഴക്കാലത്തും റോഡിന്റെ പാർശ്വങ്ങൾ ജയന്റെ വീട്ടുമുറ്റത്തേക്ക് ഇടിഞ്ഞുവീഴുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വേനൽ മഴയിലും ഇത് ആവർത്തിച്ചു.

വരുന്ന മഴക്കാലത്തിന് മുമ്പെങ്കിലും ഈ പ്രശ്‌നത്തിനൊരു പരിഹാരം കാണണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഈ പ്രശ്‌നം ചൂണ്ടിക്കാട്ടി പല തവണ പല അധികാര കേന്ദ്രങ്ങളിലും ഈ കുടുംബം പരാതി നൽകിയിരുന്നു. ദളിത് വിഭാഗത്തിൽ പെട്ട ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ എസ് സി കമ്മീഷൻ എത്രയും പെട്ടെന്ന റോഡിന് സംരക്ഷണ ഭിത്തികെട്ടുകയും ഓവുചാൽ നിർമ്മിക്കുകയും ചെയ്തുകൊണ്ട് ഈ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് മാനന്തവാടി മുനിസിപ്പാലിറ്റിക്ക് നിർദ്ദേശം നൽകിയിരുെന്നങ്കിലും സാങ്കേതിക പ്രശ്നങ്ങളിൽ കുരുങ്ങി എസ് സി കമ്മീഷന്റെ ഉത്തരവ് നടപ്പിലാകാതെ പോവുകയായിരുന്നു.

എസ് സി കമ്മീഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാനന്തവാടി നഗരസഭ മൂന്ന ലക്ഷം രൂപ ചിലവഴിച്ച് റോഡിന് സംരക്ഷണ ഭിത്തി കെട്ടാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുെങ്കിലും ചില കോണുകളിൽ നിന്നുള്ള സമ്മർദ്ദം കാരണം മതിൽ കെട്ടാനുള്ള ഫണ്ട് ഒന്നര ലക്ഷം രൂപയായി കുറക്കുകയായിരുന്നു. ഒന്നര ലക്ഷം രൂപക്ക് ഇവിടെ മതിൽ നിർമ്മിക്കാൻ സാധിക്കില്ലെന്ന് കണ്ട് കാരാറുകാർ ആരും പ്രവർത്തി ഏറ്റെടുക്കുയും ചെയ്തില്ല. ഈ ഘട്ടത്തിലാണ് കഴിഞ്ഞ ദിവസം മറുനാടൻ മലയാളി ഇവരുടെ ദുരിതങ്ങൾ ചൂണ്ടിക്കാട്ടി വാർത്ത പ്രസിദ്ധീകരിച്ചത്.

വാർത്ത ശ്രദ്ധയിൽപെട്ട മാനന്തവാടി നഗരസഭ അധികൃതർ ഉടൻ തന്നെ സ്ഥലത്തെത്തി പ്രശ്ന പരിഹാരത്തിനുള്ള നടപടികൾ ആരംഭിക്കുകയായിരുന്നു. ഇന്ന് നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചതായി ജയനും കുടുംബവും അറിയിച്ചു.