- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയൽ ഉഴുവാൻ ഇറക്കിയ ട്രാക്ടർ ചെളിയിൽ പുതഞ്ഞു; ഉയർത്താനുള്ള ശ്രമത്തിനിടെ തല കീഴായി മറിഞ്ഞു; ചെളിയിൽ പുതഞ്ഞ് ശ്വാസം കിട്ടാതെ യുവാവ് മരിച്ചു
അടൂർ: വയൽ ഉഴുവാൻ വേണ്ടി കൊണ്ടു വന്ന ട്രാക്ടർ തല കീഴായി മറിഞ്ഞ് അതിന് അടിയിൽപ്പെട്ട് യുവാവ് മരിച്ചു. മണ്ണടി കാർത്തികയിൽ ദിനേശ് കുമാർ (40) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 10 മണിയോടെ മണ്ണടി താഴത്തു വയൽ ഏലായിൽ ചെമ്പകശേരിപ്പടിയിലാണ് അപകടം.
മറ്റൊരു വയലിലൂടെ കൊണ്ടു വന്ന ട്രാക്ടർ വർഷങ്ങളായി കൃഷിയില്ലാതെ കിടന്ന ഏലായിലേക്ക് ഇറങ്ങുമ്പോൾ ഇടതു വശത്തെ ടയർ ചെളിയിൽ പുതയുകയായിരുന്നു. ടയർ ഉയർത്തുന്നതിനായി റെയ്സ് ചെയ്യുന്നതിനിടെ മുൻവശത്തെ എൻജിന്റെ ഭാരം കാരണം തല കീഴായി മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ട്രാക്ടർ കയർ കെട്ടി ഉയർത്താൻ ശ്രമിച്ചു.
പകുതി ഭാഗം ഉയർന്നപ്പോൾ കയർ പൊട്ടിയത് തിരിച്ചടിയായി. മറിഞ്ഞ ട്രാക്ടറിന്റെ അടിയിൽപ്പെട്ട ദിനേശ് ചെളിയിൽ താഴ്ന്നു പോയിരുന്നു. 20 മിനിട്ടിന് ശേഷമാണ് പുറത്തെടുക്കാൻ സാധിച്ചത്. ഉടൻ തന്നെ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ ഇന്ദു പത്തനംതിട്ട വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിൽ മിനിസ്റ്റീരിയൽ ജീവനക്കാരിയാണ്.