- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകളുടെ കൺമുന്നിലിട്ട് ഭാര്യയുടെ കഴുത്തിലും മുഖത്തും കൈയ്ക്കും വെട്ടി പരിക്കേൽപ്പിച്ചു; അയൽപക്കത്തെ വീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിലെത്തിച്ചത് പൊലീസെത്തി: മദ്യലഹരിയിൽ ഭാര്യയെ അതിക്രൂരമായി ആക്രമിച്ച ശേഷം ഭർത്താവ് തൂങ്ങി മരിച്ചു
ചെങ്ങന്നൂർ: മകളുടെ കൺമുന്നിലിട്ട് ഭാര്യയെ വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം യുവാവ് തൂങ്ങി മരിച്ചു. പേരിശേരി ഗ്രേസ് കോട്ടേജിൽ ജോമോൻ (40) ആണു കുടുംബവഴക്കിനെ തുടർന്നു ഭാര്യ ജോമോളെ (30) വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം തൂങ്ങിമരിച്ചത്. ഗുരുതര പരുക്കുകളോടെ തിരുവല്ലയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ച ജോമോൾ അപകടനില തരണം ചെയ്തതായി പൊലീസ് പറഞ്ഞു. തിങ്കൾ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം.
തിങ്കളാഴ്ച രാത്രി മദ്യപിച്ചെത്തിയ ഇയാൾ മകളെ ഉപദ്രവിക്കാൻ ശ്രമിച്ചത് ജോമോൾ തടഞ്ഞതോടെ വഴക്കുണ്ടായതും ആക്രമണത്തിൽ കലാശിച്ചതും. മകളെ ആക്രമിക്കുന്നത് തടഞ്ഞതിൽ കലിപൂണ്ട ജോമോൻ ജോമോളുടെയും എട്ടു വയസ്‌കാരി മകളുടെയും ദേഹത്തു മണ്ണെണ്ണയൊഴിച്ച ശേഷം വെട്ടുകത്തി കൊണ്ടു ജോമോളെ വെട്ടുകയായിരുന്നു. കഴുത്തിലും മുഖത്തും കൈയ്ക്കും വെട്ടേറ്റ ജോമോൾ മകളെയും കൂട്ടി പുറത്തേക്കോടി. ഗേറ്റ് അടച്ചിരുന്നതിനാൽ വീടിന്റെ മതിൽ ചാടിക്കടക്കാൻ ശ്രമിച്ചെങ്കിലും ജോമോൻ പിന്നാലെ പാഞ്ഞെത്തി. തുടർന്നു മറ്റൊരു വീട്ടിലേക്ക് ഓടിക്കയറിയ ജോമോൾ ഇവിടെ കുഴഞ്ഞു വീഴുകയായിരുന്നു.
അയൽക്കാർ വിവരമറിയിച്ചതിനെ തുടർന്നു പൊലീസെത്തി ജോമോളെ ചെങ്ങന്നൂരിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചു. പരുക്ക് ഗുരുതരമായതിനാൽ ഇവർ നഴ്‌സായി ജോലി ചെയ്യുന്ന തിരുവല്ലയിലെ സ്വകാര്യാശുപത്രിയിലേക്കു മാറ്റി. തുടർന്നു പൊലീസ് വീട്ടിൽ നടത്തിയ പരിശോധനയിലാണു ജോമോനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കോവിഡ് പരിശോധനയ്ക്കു ശേഷം മൃതദേഹം സ്വകാര്യാശുപത്രി മോർച്ചറിയിലേക്കു മാറ്റി.
സംഭവ സമയത്ത് ഇവരുടെ ഒന്നര വയസ്സുകാരൻ മകൻ ജോമോളുടെ കുറ്റപ്പുഴയിലെ വീട്ടിലായിരുന്നു. മദ്യപാനവും ലഹരി ഉപയോഗവും ശീലമാക്കിയ ജോമോൻ ഭാര്യയുമായി വഴക്കുണ്ടാക്കുക പതിവായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഒൻപത് വർഷം മുൻപാണ് ഇരുവരും വിവാഹിതരായത്. ജോമോൻ ഉപദ്രവിക്കാറുണ്ടെന്നു മുൻപും ജോമോൾ പരാതിപ്പെട്ടിട്ടുണ്ടെന്ന് ബന്ധുക്കൾ പറയുന്നു. ചെങ്ങന്നൂർ പൊലീസ് കേസെടുത്തു.
മറുനാടന് മലയാളി ബ്യൂറോ