- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തെ കുപ്പിയിലാക്കിയത് ബ്രിട്ടനിലെ കെന്റിൽ നിന്നെത്തിയ അതിഭീകരൻ; ബ്രിട്ടീഷ് വകഭേദം കേരളത്തിന്റെ ഉറക്കം കെടുത്തിയ കഥ പറഞ്ഞ് ബ്രിട്ടീഷ് മാധ്യമങ്ങളും; ഇന്ത്യൻ തെരുവിൽ മരിച്ചു വീഴുന്നവരെ കുറിച്ചുള്ള വിലാപം തുടരുന്നു
രാജ്യത്തിന്റെ ചില ഭാഗങ്ങളിലെങ്കിലും, കേവലം ഒരു മാസത്തിനുള്ളിൽ വ്യാപനം പത്തിരട്ടിയായി ഉയർത്തിയത് ഇന്ത്യയിലെത്തിയ കെന്റ് ഇനം വൈറസാണെന്ന് റിപ്പോർട്ടുചെയ്യുകയാണ് ചില ബ്രിട്ടീഷ് മാധ്യമങ്ങൾ. പ്രതിദിനം ലക്ഷക്കണക്കിന് പേരെയാണ് ഇന്ത്യയിൽ കോവിഡ് ബാധിക്കുന്നതെന്നും ഇന്ത്യ അഭിമുഖീകരിക്കുന്നത് മനുഷ്യത്വപരമായ ഒരു പ്രതിസന്ധിയാണെന്നും വിദേശ മാധ്യമങ്ങൾ പറയുന്നു. ഓക്സിജൻ ലഭിക്കാതെ, ചികിത്സ ലഭിക്കാതെ തെരുവിൽ മരിച്ചുവീഴുന്നവരുടെ കഥകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് പല മാധ്യമങ്ങളുടെയും മുൻപേജുകൾ.
ഇന്ത്യയിൽ തന്നെ ജനിതകമാറ്റം സംഭവിച്ച ഒരു വൈറസിനെ കണ്ടെത്തിയതിനെ തുടർന്ന് അതാണ് രോഗവ്യാപനം ഇത്ര കടുക്കുവാൻ കാരണമെന്ന് സംശയിച്ചിരുന്നു. എന്നാൽ, കൂടുതൽ പേരിലും കണ്ടെത്തിയ ഇനം ബ്രിട്ടനിലെ കെന്റിൽ ആദ്യമായി കണ്ടെത്തിയ, ജനിതകമാറ്റം സംഭവിച്ച ഇനമാണെന്ന് ഇപ്പോൾ സ്ഥിരീകരിച്ചതായും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ വർഷം ആദ്യം, ഈ ഇനം വൈറസ് യൂറോപ്പിലാകെ പടർന്നു പിടിച്ചപ്പോൾ ഒരു പുതിയ മഹാവ്യാധി എന്നായിരുന്നു ജർമ്മൻ ചാൻസലർ അതിനെ വിശേഷിപ്പിച്ചത്.
ബ്.117 എന്ന് ഔദ്യോഗിക നാമമുള്ള കെന്റ് വകഭേദം ഇന്ത്യയുടെ പല ഭാഗങ്ങളിലും പടർന്നതാണ് രോഗവ്യാപനം കുതിച്ചുയരാൻ കാരണമായതെന്ന് ഇന്ത്യൻ ആരോഗ്യ പ്രവർത്തകരും സമ്മതിക്കുന്നു. ഡൽഹി, കേരളം തുടങ്ങിയ ഇടങ്ങളിൽ പ്രധാനമായും രോഗവ്യാപനത്തിന് ആക്കം കൂട്ടുന്നത് ഈ ഇനമാണ്. വടക്കെ ഇന്ത്യയിൽ കോവിഡ് രോഗികളിൽ 95 ശതമാനം പേരിലും ഇതിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതായും റിപ്പോർട്ടുകൾ വരുന്നു.
ബ്രിട്ടനിലും, അമേരിക്കയിലും വ്യാപകമായ സാന്നിദ്ധ്യമുള്ള ഈ ഇനം വൈറസ് ഇപ്പോൾ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും അതിവേഗം വ്യാപിക്കുകയാണ്. 130 രാജ്യങ്ങളിലാണ് ഇതുവരെ ഇതിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുള്ളത്. മനുഷ്യ കോശങ്ങളിലേക്ക് പ്രവേശിക്കാൻ ഉപയോഗിക്കുന്ന സ്പൈക്ക് പ്രോട്ടീനിലാണ് ഈ ഇനത്തിന് ജനിതകമാറ്റം സംഭവിച്ചിട്ടുള്ളത്. അതിനാൽ തന്നെ വുഹാനിൽ കണ്ടെത്തിയ ആദ്യ കൊറോണ വൈറസിനേക്കാൾ 30 മുതൽ 50 ശതമാനം വരെ വ്യാപനശേഷി ഇതിന് കൂടുതലായുണ്ട്.
ബി 117 എന്ന ഇനത്തിന്റെ വ്യാപനത്തിൽ പ്രധാന പങ്ക് വഹിച്ചത് പഞ്ചാബാണെന്നാണ് നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ഡയറക്ടർഡോ. സുജീത് സിങ് പറയുന്നത്.നാല് പ്രധാന ക്ലസ്റ്ററുകളാണ് ഉണ്ടായിട്ടുൾലത്. വിവാഹങ്ങൾ, കർഷക പ്രക്ഷോഭം, എന്നിവ ഇതിൽ അതീവ പ്രാധാന്യമുള്ളവയാണ്. വടക്കൻ സംസ്ഥാനങ്ങളിൽ പരിശോധനക്ക് വിധേയമാക്കിയ 1,757 സാമ്പിളുകളിൽ 1,666 എണ്ണത്തിൽ (95 ശതമാനത്തിൽ) കെന്റ് വകഭേദത്തെ കണ്ടെത്തിയതായും ചില വിദേശ മാധ്യമങ്ങളിൽ റിപ്പോർട്ടുകൾ വരുന്നു.
മാർച്ചിലെ കണക്ക് പ്രകാരം ഡൽഹിൽ ഈ ഇനത്തിന്റെ സാന്നിദ്ധ്യം 50 ശതമാനത്തോളമാണെങ്കിൽ കേരളത്തിലത് 30.5 ശതമാനമാണെന്നും റിപ്പോർട്ടുകൾ വരുന്നു. എന്നാൽ, കേരളത്തിൽ തന്നെ ചിലയിടങ്ങളിൽ ഇതിന്റെ സാന്നിദ്ധ്യം വളരെ കൂടുതലാണ്. ഉദാഹരണത്തിന് കണ്ണൂർ നഗരത്തിൽ 75 ശതമാനം രോഗികളിലാണ് കെന്റ് ഇനത്തിന്റെ സാന്നിദ്ധ്യം ദൃശ്യമായത്. അതേസമയം കാസർകോട് 67 ശതമാനവും കണ്ടെത്തി. എന്നാൽ, ഏറ്റവുമധികം രോഗവ്യാപനമുള്ള മഹാരാഷ്ട്രയിൽ നിന്നുള്ള വിശദാംശങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ