- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകം പ്രതിസന്ധിയിലായപ്പോൾ ഗൂഗിളിന്റെ വരുമാനം ഇരട്ടിയായി; ജനം ഓൺലൈനിലേക്ക് ചുരുങ്ങിയപ്പോൾ ആമസോണിനൊപ്പം ലാഭം കൊയ്ത് ഗൂഗിളും; ഗൂഗിളിന്റെ ആദ്യ ക്വാർട്ടർ വരുമാനം 34 ശതമാനം ഉയർന്നു
ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആൽഫബെറ്റിന്റെ ഈ വർഷത്തെ ആദ്യ ക്വാർട്ടറിലെ വരുമാനം 55.3 ബില്ല്യൺ ഡോളറായി ഉയർന്നു. ഇന്നലെ പുറത്തിറക്കിയ ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റ് പ്രകാരമാണിത്. കഴിഞ്ഞ വർഷം ഇതേ സമയത്തുണ്ടായ വരുമാനത്തേക്കാൾ 34 ശതമാനമാണ് ഈ വർഷത്തെ വർദ്ധനവ്. കോവിഡ് പ്രതിസന്ധിയിൽ തകർന്ന സാമ്പത്തിക രംഗം മെല്ലെ ഉയർത്തെഴുന്നേൽക്കാൻ തുടങ്ങിയതും ഓൺലൈൻ ഇടപാടുകൾ വർദ്ധിച്ചതും കണക്കിലെടുത്ത് 51.7 ബില്ല്യൺ ഡോളറിന്റെ വരുമാനം ഉണ്ടാക്കുമെന്നായിരുന്നു നേരത്തേയുള്ള കണക്കുകൂട്ടൽ. എന്നാൽ അതെല്ലാം തെറ്റിച്ചാണ് ഇപ്പോളുണ്ടായിരിക്കുന്ന കുതിച്ചുകയറ്റം.
കഴിഞ്ഞ വർഷം ആദ്യ പാദത്തിൽ കോവിഡ് പ്രതിസന്ധി മുറുകിയതോടെ പരസ്യവിപണിയിൽ വൻ ഇടിവ് സംഭവിച്ചിരുന്നു. എന്നാൽ, ആ പ്രതിസന്ധിയിൽ നിന്നും അത്യൂഗ്രൻ തിരിച്ചുവരവാണ് ഇപ്പോൾ ഗൂഗിൾ കാഴ്‌ച്ചവച്ചിരിക്കുന്നത്. വിവര സാങ്കേതിക രംഗത്തുള്ള മറ്റു പല കമ്പനികളേയും പോലെ വരുമാനം കുത്തനെ വർദ്ധിപ്പിക്കുകയും ചെയ്തിരിക്കുന്നു. അതേസമയം 2020-ലെ അവസാന പാദത്തിലെ കണക്കുകൾ സൂചിപ്പിക്കുന്നത് ഫേസ്‌ബുക്കിന്റെ ലാഭം 2019-ലേതിനെ അപേക്ഷിച്ച് 53 ശതമാനം വർദ്ധിച്ചു എന്നാണ്.
ഈ വർഷത്തെ ആദ്യ പാദത്തിലെ കണക്ക് ഫേസ്‌ബുക്ക് ഇന്ന് പ്രസിദ്ധീകരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞവർഷം ഡിസംബറിൽ അവസാനിക്കുന്ന പാദത്തിൽ ആപ്പിളിന് 100 മില്ല്യൺ ഡോളറിന്റെ വരുമാനമുണ്ടായതായി അവർ ജനുവരിയിൽ തന്നെ പ്രഖ്യാപിച്ചിരുന്നു. അതുപോലെ, കഴിഞ്ഞവർഷം അവസാന പാദത്തിൽ 125 ബില്ല്യൺ ഡോളർ വരുമാനമുണ്ടാക്കിയ ആമസോണിന്റെ ഈ വർഷത്തെ ആദ്യപാദത്തിലെ കണക്കുകൾ നാളെ പ്രഖ്യാപിക്കും എന്നറിയിച്ചിട്ടുണ്ട്.
കോവിഡ് പശ്ചാത്തലത്തിൽ ലോകം മുഴുവൻ കൂടുതലായി ഓൺലൈനിനെ ആശ്രയിക്കാൻ തുടങ്ങിയതോടെ ആമസോണിന് കുതിച്ചുകയറ്റമായിരുന്നു. ഈ വർഷത്തെ ആദ്യ പാദത്തിൽ ചുരുങ്ങിയത് 104 ബില്ല്യൺ ഡോളറെങ്കിലുംവരുമാനം ഉണ്ടായിക്കാണുമെന്നാണ് ഈ രംഗത്തെ വിദഗ്ദർ പ്രവചിക്കുന്നത്. ഗൂഗിൾപരസ്യ വില്പനയിൽ 32 ശതമാനത്തിന്റെ വർദ്ധനവ് ദൃശ്യമായപ്പോൾ ക്ലൗഡ്വിൽപനയിൽ ഉണ്ടായത് 45.7 ശതമാനത്തിന്റെ വർദ്ധനവായിരുന്നു.
ഗൂഗിളിന്റെ ക്ലൗഡ് കമ്പ്യുട്ടിങ് ലോകമാകമാനം നിരവധി ബിസിനസ്സുകൾക്കാണ് ഈ പ്രതിസന്ധികാലത്ത് ആശ്വാസമായി തീർന്നത്. വലുതും ചെറുതുമായ നിരവധി വ്യാപാര സ്ഥാപനങ്ങൾ ഇടപാടുകൾക്കായി ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചിരുന്നു. ഇതോടെ ആൽഫബെറ്റിന്റെ മൂന്നു മാസങ്ങളിലെ ലാഭം 162 ശതമാനമായാണ് ഉയർന്നത്. ഗൂഗിളിന്റെ ഓഹരിവിലയിൽ 80 ശതമാനത്തിന്റെ വർദ്ധനവും ദൃശ്യമായിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ