- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡോസുകൾക്ക് പോക്കറ്റ് കാലിയാക്കുന്ന വില പറയുന്ന വമ്പൻ കമ്പനികൾ കടക്കുപുറത്ത്; വരവായി 'ചങ്കിലെ ക്യൂബ'യുടെ അഞ്ച് കിടിലം കോവിഡ് വാക്സിനുകൾ; മഹാമാരിയുടെ സുനാമിയിൽ പട്ടിണിയും പരിവെട്ടവുമെങ്കിലും പ്രതീക്ഷ സ്വന്തം വാക്‌സിനുകളുടെ കയറ്റുമതി; ക്യൂബയുടെ ഉയിർത്തെഴുന്നേൽപ്പിന് സമയമായോ?
ന്യൂഡൽഹി: പലപ്പോഴും പറഞ്ഞുകേൾക്കാറുള്ളതാണ് ക്യൂബയിലെ ഡോക്ടർമാരുടെ മോശം ശമ്പളം. ടാക്‌സി ഡ്രൈവർമാർക്ക് പോലും ഡോക്്ടർമാരേക്കാൾ ശമ്പളം കിട്ടും ആ രാജ്യത്ത്. അവിടെ ചെറുപ്പക്കാർ ഡോക്ടർ പ്രൊഫഷൻ തിരഞ്ഞെടുക്കുന്നത് കാശ് മോഹിച്ചല്ല എന്നതാണ് ചുരുക്കം. ബയോ -ടെക്‌നോളജി മേഖലയിലും ക്യൂബയ്ക്ക് കിടിലം വിജയചരിത്രമാണ്. വാക്‌സിൻ വികസനത്തിൽ കേമർ. കോവിഡ് മഹാമാരി സുനാമി പോലെ ആഞ്ഞടിക്കുമ്പോൾ സംസാരം ക്യൂബയുടെ സ്വന്തം വാക്‌സിനുകളെ കുറിച്ചാണ്.
മെനിഞ്ചറ്റിസ് ബി എന്ന മാരകരോഗത്തിന് ആദ്യമായി വാക്‌സിൻ കണ്ടുപിടിച്ചത് അമേരിക്കയല്ല, ക്യൂബയാണ്. ചരിത്രത്തിൽ ആദ്യമായി അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് എയിഡ്‌സ്, സിഫിലിസ് തുടങ്ങിയവ പകരുന്നത് തടയുന്നതും ക്യൂബയിലെ ആശുപത്രികളിലെ ഗവേഷകരാണ്. ആരോഗ്യരംഗത്ത് മറ്റുള്ള രാജ്യങ്ങളിലേക്ക് തങ്ങളുടെ ഡോക്ടർമാരുടെയും മറ്റുള്ള ആരോഗ്യ പ്രവർത്തകരുടെയും ഒക്കെ സേവനങ്ങൾ കയറ്റിയയച്ച് ക്യൂബ നേടുന്നത് കോടിക്കണക്കിന് ഡോളർ വരുമാനമാണ്. കോവിഡ് പ്രതിരോധത്തിനായി 1000 ആരോഗ്യപ്രവർത്തകരെയാണ് ക്യൂബ, മെക്സിക്കോയിലേക്ക് അയച്ചത്. മെക്സിക്കോയും ക്യൂബയും തമ്മിൽ ശക്തമായ ബന്ധമുണ്ടായിരുന്നെങ്കിലും ക്യൂബൻ ആരോഗ്യപ്രവർത്തകരെ ഇതിന് മുൻപ് മെക്സിക്കോ സ്വീകരിച്ചിരുന്നില്ല. അയൽരാജ്യമായ അമേരിക്ക ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തെ പ്രോത്സാഹിപ്പിച്ചിരുന്നില്ല.
പട്ടിണി കിടന്നാലും വാക്‌സിനുണ്ടാക്കും
ബഹുരാഷ്ട്ര മരുന്നുനിർമ്മാണക്കമ്പനികളുടെ സഹകരണം ഇല്ലാതെ ക്യൂബ വികസിപ്പിക്കുന്നത് അഞ്ച് വാക്‌സിനുകളാണ്. സോബറാന 2, സോബറാന 1, സോബറാന പ്ലസ്, അബ്ഡല, മംബീസ എന്നിങ്ങനെയാണ് ക്യൂബയിൽ വികസിപ്പിക്കുന്ന വാക്സിനുകൾ. ഇതിൽ സോബറാന 2 ഏറെക്കുറെ പൂർത്തിയായി. മനുഷ്യരിൽ പരീക്ഷിക്കാൻ ഒരുങ്ങുകയുമാണ്. അന്തിമ പരീക്ഷണം കൂടി വിജയമായാൽ കോവിഡിനെതിരേ വാക്‌സിൻ പരീക്ഷിക്കുന്ന ഏക ലാറ്റിനമേരിക്കൻ രാജ്യമെന്ന ഖ്യാതിയാണ് തേടി വരിക. ബ്രസീൽ അടക്കമുള്ള രാജ്യങ്ങൾ കോവിഡിൽ അനേകം മരണങ്ങൾ കണ്ട സാഹചര്യത്തിലാണ് ക്യൂബ വാക്‌സിനുമായി വരുന്നത്. കഴിഞ്ഞ മാസം ഹവാനയിലെ ഫിൻലേ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ പ്രഖ്യാപിച്ചത് സോബറാന 2 വാക്‌സിൻ വളരെ ഫലപ്രദമെന്നാണ്.
സ്വന്തം ജനതയെ സംരക്ഷിക്കുന്നതിനൊപ്പം മാരക വൈറസിനെതിരായ ഫലപ്രദമായ വാക്‌സിൻ ക്യൂബയുടെ സമ്പദ് വ്യവസ്ഥയ്ക്ക് പുതുജീവൻ പകരുമെന്നും ഉറപ്പ്. ഒരുവർഷത്തിലേറെയാണ് ക്യൂബയിലെ ടൂറിസം മേഖല നേരിടുന്ന തകർച്ചയ്ക്ക് ഒരുപരിധി വരെ പരിഹാരവുമാകും.
ക്യൂബയുടെ വാക്‌സിനുകൾ
ക്യൂബയുടെ വാക്‌സിനുകളിൽ ചെറിയ രാഷ്ട്രീയ സന്ദേശം കൂടിയുണ്ട്. സോബറാന എന്ന സ്പാനിഷ് വാക്കിന്റെ അർത്ഥം പരമാധികാരം എന്നാണ്. 'അബ്ഡല' എന്ന പേര് ക്യൂബൻ വിപ്ലവ ഹീറോ ജോസ് മാർട്ടി എഴുതിയ ഒരുകവിതയോടുള്ള ആദരപ്രകടനമാണ്. അഞ്ചാമത്തെ വാക്‌സിൻ മംബീസ സ്പാനിഷുകാർക്കെതിരെ സ്വാതന്ത്ര്യത്തിനായി പോരാടിയ ക്യൂബൻ ഗറില്ലകളെയാണ് പരാമർശിക്കുന്നത്. ഇത് ഒരുനേസൽ സ്‌പ്രേയാണ്. സോബറാന-2, അഡ്്ബല എന്നിവ അന്തിമഘട്ട പരീക്ഷണത്തിലാണ്.
സോബറാന-2 വിന്റെ അന്തിമ ഘട്ട പരീക്ഷണങ്ങൾ കഴിഞ്ഞ മാസമാണ് തുടങ്ങിയത്. 44,000 ത്തോളം പേർ പങ്കാളികളാകുന്നു. ഇതിന് ശേഷം ഇത് രാജ്യത്തെ ഡ്രഗ് നിയന്ത്രണ ഏജൻസിയുടെ അംഗീകാരത്തിനായി സമർപ്പിക്കും. വേനൽക്കാലത്തിന്റെ അവസാനത്തോടെ രാജ്യത്തെ മുഴുവൻ പൗരന്മാരെയും സോബറാന-2 ഡോസ് വഴി വാക്‌സിനേറ്റ് ചെയ്യാൻ കഴിയുമെന്ന ആത്മവിശ്വാസമാണ് ക്യൂബൻ അധികൃതർക്കുള്ളത്.
പരീക്ഷണം സഖ്യരാഷ്ട്രങ്ങളായ ഇറാനിലും വെനസ്വേലയിലും നടക്കുന്നുണ്ട്. അതേസമയം, ഇതുവരെ ജനങ്ങൾക്ക് കോവിഡിനെതിരെ വാക്‌സിനേഷൻ നൽകാത്ത രാജ്യവുമാണ് ക്യൂബ. തങ്ങളുടെ സ്വന്തം വാ്ക്‌സിൻ നൽകാൻ വേണ്ടിയാണ് ഈ കാത്തിരിപ്പ്.
വാക്‌സിനുകളുടെ ശേഷി
രണ്ടാഴ്ചകളുടെ ഇടവേളകളിൽ രണ്ടുഡോസുകൾ നൽകി വാക്‌സിനേഷൻ ഫലപ്രദമാക്കാൻ കഴിയുമോ എന്നാണ് ക്യൂബൻ ഗവേഷകർ നോക്കുന്നത്. രണ്ടുഡോസോ അതോ മൂന്നുഡോസോ എന്ന് മൂന്നാം ഘട്ട പരീക്ഷണം പൂർത്തിയായാൽ മാത്രമേ അറിയാൻ കഴിയുകയുള്ളു. വാക്‌സിനുകൾക്ക് വളരെ വിലക്കുറവും, എളുപ്പത്തിൽ ശേഖരിച്ചുവയ്ക്കാവുന്നതും ആയിരിക്കും. ഉയർന്ന താപനിലയുള്ള സ്ഥലങ്ങളിൽ കൂടി ശേഖരിച്ചുവയ്ക്കാനാവുമെന്നും അവർ അവകാശപ്പെടുന്നു. പാശ്ചാത്യ രാജ്യങ്ങളിലെ ബഹുരാഷ്ട്ര ഫാർമസിക്യൂട്ടിക്കൽ കോർപറേഷനുകളിൽ നിന്ന് വാക്്‌സിൻ വാങ്ങാനും അത് ശീതീകരിച്ച് സൂക്ഷിക്കാനും ബുദ്ധിമുട്ടുന്ന ദരിദ്രരായ വികസ്വര രാഷ്ട്രങ്ങൾക്ക് ഇത് അനുഗ്രഹമാകും. 46.4 ഡിഗ്രി ചൂടിൽ വരെ വാക്‌സിൻ കേടാകാതെ ഇരിക്കുമെന്നാണ് ക്യൂബൻ ഗവേഷകർ പറയുന്നത്.
സൈഡ് ഇഫക്റ്റുകളില്ല
രണ്ടുവാക്‌സിനുകളും ആയിരക്കണക്കിന് പേർക്ക് നൽകിയെന്നും പാർശ്വഫലങ്ങളില്ലാതെ പ്രതിരോധ ശേഷി കൈവരിച്ചുവെന്നുമാണ് ബയോക്യൂബപാർമ പ്രസിഡന്റ് എഡ്വാർഡോ മാർട്ടിനെസ് പറഞ്ഞത്. സോബറാന-2 വിന്റെ ക്ലിനിക്കൽ പരീക്ഷണ ഫലം മെയിൽ വരും. അഡ്ബല വാക്‌സിൻ ഇതിനകം, 1,24,000 ആരോഗ്യ പ്രവർത്തകർക്ക് നൽകി കഴിഞ്ഞു.
മറ്റുരാജ്യങ്ങൾക്ക് ക്യൂബൻ വാക്‌സിനിൽ താൽപര്യമുണ്ടോ?
100 മില്യൻ വാർഷിക ഡോസുകൾക്കായി പല രാജ്യങ്ങളും ക്യൂബൻ സർക്കാരിനെ സമീപിച്ചതായി പറയുന്നു. അമേരിക്കയുടെയും മറ്റുപാശ്ചാത്യ രാജ്യങ്ങളുടെയും വിലകൂടിയ വാക്‌സിനുകൾ വാങ്ങാൻ കഴിവില്ലാത്ത ദരിദ്രരാജ്യങ്ങളും ക്യൂബയെ സമീപിച്ചുകഴിഞ്ഞു. മെക്‌സികോയും അർജന്റീനയും ക്യൂബൻ വാക്്‌സിനിൽ തത്പരരാണ്. വെനിസ്വേലയാകട്ടെ, അഡ്ബല വാക്‌സിൻ ഉത്പാദിപ്പിക്കുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു.
ക്യൂബയെ സംബന്ധിച്ചിടത്തോളം ഇതൊരു സ്വയം തെളിയിക്കൽ കൂടിയാണ്. വാക്‌സിനുകൾ വികസിപ്പിച്ച് കയറ്റുമതി ചെയ്യുന്നത് പൊതുജനാരോഗ്യ സംരക്ഷണം മാത്രമല്ല, വലിയ ഒരുരാഷ്ട്രീയ സന്ദേശം കൂടിയാണ്. ദീർഘകാലം അമേരിക്കയുടെ ഉപരോധം ഏറ്റുവാങ്ങേണ്ടി വന്ന ചെറിയ കമ്യൂണിസ്റ്റ് രാഷ്ട്രം ബയോടെക് മേഖലയിൽ വമ്പന്മാരായി എന്ന് തെളിയിക്കൽ. ഇതുകൊണ്ടായിരിക്കണം ക്യൂബ ബഹുരാഷ്ട്ര കമ്പനികളുടെ വാക്‌സിനുകൾ വാങ്ങുകയോ, ലോകാരോഗ്യ സംഘടനയുടെ ആഗോള കോവാക്‌സ് വാക്‌സിനുമായി സഹകരിക്കുകയോ ചെയ്യാതിരുന്നത്. സ്വന്തം കാലിൽ നിൽക്കുക എന്നത് തന്നെ നയം.
വാക്‌സിൻ ട്രാക്ക് റെക്കോഡ്
ഫിഡൽ കാസ്‌ട്രോയുടെ കാലം മുതലേ ശക്തമായ പൊതുജനാരോഗ്യമേഖല പടുത്തുയർത്താൻ പരിശ്രമം തുടങ്ങി. ക്യൂബൻ വിപ്ലവത്തിന്റെ തുടർച്ചയായി ശക്തമായ ആരോഗ്യരംഗം വികസിപ്പിച്ചെടുത്തു. മികച്ച ആരോഗ്യസേവനങ്ങൾ രാജ്യത്തെ പൗരന്മാരുടെ മൗലികാവകാശമാണ് എന്നതാണ് ആശയം. പൗരന്മാരുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ ഒരു 'പ്രതിരോധ'രീതിശാസ്ത്രമാണ് ക്യൂബയ്ക്കുള്ളത്.
സാധാരണ ചെക്ക് അപ്പ് മുതൽ സങ്കീർണ്ണമായ സർജറികൾ വരെ പൗരന്മാർക്ക് തികച്ചും സൗജന്യമായി നൽകാനുള്ള പരിശ്രമങ്ങൾ അവിടെ നടന്നുവരുന്നുണ്ട്. ഡെന്റിസ്റ്റിന്റെ സേവനം, മരുന്നുകൾ, വീട്ടിൽ വന്നുള്ള ഡോക്ടർമാരുടെ പരിശോധന ഇതൊക്കെയും സൗജന്യമായിത്തന്നെ ആരോഗ്യവകുപ്പ് നൽകി വരുന്നുണ്ട്. ഇതിനെല്ലാം പുറമേ സ്വന്തമായി വാക്‌സിനുകൾ വികസിപ്പിച്ചെടുക്കാൻ ബയോ-ടെക്‌നളജി രംഗത്തും, പ്രതിരോധമരുന്ന് ഗവേഷണത്തിലും വളരയേറെ നിക്ഷേപമിറക്കി. ഇന്ന് വാക്‌സിനുകൾ വികസിപ്പിക്കുകയും കയറ്റി അയയ്ക്കുകയും ചെയ്യുന്ന അപൂർവം വികസ്വര രാഷ്ട്രങ്ങളിൽ ഒന്നാണ് ക്യൂബ.
ഏകപാർട്ടി സംവിധാനവും അടിച്ചമർത്തൽ ഭരണവുമാണെങ്കിലും, ആദ്യകാലം മുതലേ, ആരോഗ്യരംഗത്തിറക്കിയ നിക്ഷേപം ഇക്കാലത്ത് മുതൽക്കൂട്ടായി എന്നുപറയാം. മെനിഞ്ചറ്റിസ് ബി എന്ന മാരകരോഗത്തിന് ആദ്യമായി വാക്‌സിൻ കണ്ടുപിടിച്ചത് കൂടാതെ ഗുരുതരമായ ഡയബറ്റിക് അൾസറുകൾക്കും ഫലപ്രദമായ ചികിത്സ കണ്ടുപിടിച്ചു. മഹാമാരിയുടെ കാലത്ത് ലക്ഷണങ്ങൾ ചികിത്സിക്കാൻ 13 ഓളം വ്യത്യസ്ത മരുന്നുകൾ കണ്ടുപിടിച്ചു. മുപ്പതിലേറെ വ്യത്യസ്ത രാഷ്ട്രങ്ങളിലേക്ക് ഡെങ്കി പനി ചികിത്സിക്കാനുള്ള വാക്‌സിനുകൾ ക്യൂബ കയറ്റുമതി ചെയ്യുന്നുണ്ട്.
ക്യൂബയിലെ കോവിഡ് വ്യാപനം
2020 ൽ ലോകരാജ്യങ്ങളെ കോവിഡ് വിറപ്പിച്ചപ്പോൾ ക്യൂബയിൽ ലോക്ഡൗണുകളുടെയും മറ്റുനിയന്ത്രണങ്ങളുടെയും സഹായത്തോടെ കേസുകളുടെ എണ്ണം കുറച്ചുനിർത്താൻ സാധിച്ചു. എന്നാൽ, ഈ വർഷം കേസുകളിൽ കുതിപ്പ് കണ്ടു. മാർച്ച് അവസാനം പ്രതിദിന കേസുകൾ ആയിരമായി ഉയർന്നു. മഹാമാരി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ താറുമാറാക്കി എന്ന് പറയേണ്ടതില്ല. ഭക്ഷണവും മരുന്നും മറ്റുഅവശ്യവസ്തുക്കൾക്കുമായി നീണ്ട ക്യൂവുകൾ കാണാം. സമ്പദ് വ്യവസ്ഥ 11 ശതമാനത്തോളം ഇടിഞ്ഞു. പരീക്ഷണഘട്ടത്തിലിരിക്കുന്ന അഞ്ചുവാക്‌സിനുകാണ് ഇനി ക്യൂബയുടെ ഉയിർത്തെഴുന്നേൽപ്പിന്റെ സ്വപ്നം.
മറുനാടന് ഡെസ്ക്