- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓടുന്ന ട്രെയിനിൽ യുവതിയെ ആക്രമിച്ച് ആഭരണങ്ങൾ കവർന്നു; രക്ഷപ്പെടാനായി ട്രെയിനിന്റെ വാതിൽപ്പിടിയിൽ പിടിച്ചു പുറത്തേക്ക് തൂങ്ങി കിടന്ന യുവതിയെ ട്രാക്കിലേക്ക് തള്ളിയിട്ടും ക്രൂരത; പ്രതി കൈകൾ വിടുവിച്ചതോടെ റെയിൽവേ ട്രാക്കിലേക്കു വീണ യുവതിക്ക് ഗുരുതര പരിക്ക്
മുളന്തുരുത്തി: ഓടുന്ന ട്രെയിനിൽ പട്ടാപ്പകൽ യുവതിയെ ആക്രമിച്ച് ആഭരണങ്ങൾ കവർന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ട്രെയിനിൽനിന്നു പുറത്തേക്കു ചാടിയ യുവതിയെ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുളന്തുരുത്തി സ്‌നേഹനഗർ കാർത്യായനി സദനത്തിൽ രാഹുലിന്റെ ഭാര്യ ആശയാണ് (31) ഗുരുവായൂർ-പുനലൂർ എക്സ്‌പ്രസ് ട്രെയിനിൽ ആക്രമണത്തിനിരയായത്. വീഴ്ചയിൽ ആശയുടെ തലയ്ക്കും കഴുത്തിനും നട്ടെല്ലിനും പരുക്കേറ്റു. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ഐസിയുവിലാണ് ആശ.
ആശ, ജോലിസ്ഥലത്തേക്കു പോകുമ്പോൾ ഇന്നലെ രാവിലെ 8.45ഓടെയാണ് സംഭവം. പ്രതിയെന്നു കരുതുന്ന ആലപ്പുഴ നൂറനാട് സ്വദേശി ബാബുക്കുട്ടൻ റെയിൽവേ പൊലീസിന്റെ പിടിയിലായതായാണു സൂചന. ചെങ്ങന്നൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ ജീവനക്കാരിയായ ആശ, ജോലിസ്ഥലത്തേക്കു മുളന്തുരുത്തിയിൽ നിന്നാണു ട്രെയിനിൽ കയറിയത്. കോച്ചിൽ മറ്റാരും ഉണ്ടായിരുന്നില്ല. മറ്റൊരു കോച്ചിലുണ്ടായിരുന്ന അക്രമി, ട്രെയിൻ വിടുന്നതിനു തൊട്ടു മുൻപ് ഈ കോച്ചിലേക്കു മാറിക്കയറുകയും ഒറ്റ്ക്കാണെന്ന് മനസ്സിലായതോടെ ആക്രമണം അഴിച്ചു വിടുകയും ആയിരുന്നു.
വാതിലുകൾ അടച്ച ശേഷം, ആശയുടെ സമീപത്തു വന്നിരുന്ന് ഇയാൾ മൊബൈൽ പിടിച്ചു വാങ്ങി ജനലിലൂടെ പുറത്തേക്കെറിഞ്ഞു. ശേഷം സ്‌ക്രൂ ഡ്രൈവർ കാണിച്ചു ഭീഷണിപ്പെടുത്തി ഓരോ പവൻ വീതമുള്ള സ്വർണ മാലയും വളയും കവർന്നു. ഇതിനു ശേഷം യുവതിയുടെ മുടിയിൽ പിടിച്ച്, ശുചിമുറിയുടെ ഭാഗത്തേക്കു വലിച്ചിഴച്ചു. ആക്രമണം ചെറുത്ത യുവതി വാതിൽ തുറന്ന്, ഓടുന്ന ട്രെയിനിന്റെ വാതിൽപ്പിടിയിൽ പിടിച്ചു കുറച്ചു നേരം പുറത്തേക്കു തൂങ്ങിക്കിടന്നു. എന്നാൽ പിന്നാലെ എത്തിയ അക്രമി കൈകൾ വിടുവിച്ചതോടെ യുവതി പുറത്തേക്കു വീഴുകയായിരുന്നു. 10 മിനിറ്റിലാണ് സംഭവങ്ങളെല്ലാം നടന്നത്.
കാഞ്ഞിരമറ്റം, പിറവം റോഡ് റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ ഒലിപ്പുറം പാലത്തിനു സമീപമാണു യുവതി വീണത്. റെയിൽവേ ട്രാക്കിൽ വീണു കിടന്ന യുവതിയെ നാട്ടുകാരാണു കണ്ടെത്തി ഭർത്താവിനെ വിവരമറിയിച്ചത്. പരുക്കേറ്റു വീണ സ്ഥലത്തെ നാട്ടുകാരുടെ ഫോണിൽനിന്നാണ് ഭർത്താവിനെ വിളിച്ച് വിവരം അറിയിച്ചത്. ആശയുടെ ഭർത്താവ് രാഹുൽ പറഞ്ഞത്: കോച്ചിൽ താൻ ഒറ്റയ്ക്കാണെന്നും അപരിചിതനായ ഒരാൾ വാതിലുകൾ അടയ്ക്കുന്നുണ്ടെന്നും യാത്ര തുടങ്ങിയപ്പോൾ ആശ സഹോദരിയെ വിളിച്ചു പറഞ്ഞിരുന്നു. കുഴപ്പമില്ലെന്നു പറഞ്ഞാണു ഫോൺ വച്ചത്. ഇതിനു ശേഷമാണ് അയാൾ അടുത്തു ചെന്നു ഫോൺ വാങ്ങി പുറത്തേക്കെറിയുകയും ആയുധം കാണിച്ചു ഭീഷണിപ്പെടുത്തി മാലയും വളയും പിടിച്ചുപറിക്കുകയും ചെയ്തത്. വീണ്ടും ആക്രമിക്കാൻ ശ്രമിച്ചതോടെയാണു രക്ഷപ്പെടാൻ ശ്രമിച്ചത്.
ബാബുക്കുട്ടനാണു പ്രതിയെന്നു ലോക്കൽ പൊലീസിന്റെ സഹായത്തോടെയാണു കണ്ടെത്തിയത്. നേരത്തേയും കേസുകളിൽ പ്രതിയായ ഇയാളുടെ ഫോട്ടോ യുവതി തിരിച്ചറിഞ്ഞു. എറണാകുളം സൗത്ത് റെയിൽവേ പൊലീസ് ആണു കേസ് അന്വേഷിക്കുന്നത്. വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്ത്, റെയിൽവേ പൊലീസിനോടു റിപ്പോർട്ട് തേടി.
മറുനാടന് മലയാളി ബ്യൂറോ