ദുബായ്: ഇന്ത്യയിൽ നിന്നും യുഎഇയിലേക്കു നേരിട്ട് പ്രവേശിക്കുന്നതിനുള്ള വിലക്ക് പത്ത് ദിവസത്തേക്ക് കൂടി നീട്ടി. മെയ്‌ 14 വരെ വിലക്ക് തുടരുമെന്ന് എമിറേറ്റ്‌സ് എയർലൈൻസ് അറിയിച്ചു. ഈ മാസം 25ന് പ്രാബല്യത്തിൽ വന്ന വിലക്ക് മെയ്‌ നാലിന് അവസാനിക്കാനിരിക്കെയാണു 10 ദിവസത്തേക്കുകൂടി നീട്ടിയത്.

ഈ മാസം 22നാണ് യുഎഇ ഇന്ത്യയ്ക്ക് വിലക്ക് പ്രഖ്യാപിച്ചത്. ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് 24ന് അർധരാത്രി 12 മുതൽ അടുത്ത 10 ദിവസത്തേക്കാണു യുഎഇ ദേശീയ ദുരന്ത നിവാരണ വകുപ്പും വ്യോമയാന വകുപ്പും പ്രവേശനവിലക്കേർപ്പെടുത്തിയിരുന്നത്. ഇനി മെയ്‌ 14 വരെ കാത്തിരുന്നാലേ തിരിച്ചു വരവ് സാധ്യമാകൂ.

മെയ് 24ന് വിലക്ക് നിലവിൽ വന്നതിനെ തുടർന്ന് ഇന്ത്യയിലെയും യുഎഇയിലെയും വിവിധ വിമാനത്താവളങ്ങളിൽ സമയപരിധി തീരുന്നതിന് മുൻപ് തിരിച്ചുവരുന്നവരുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. യുഎഇയിലേയ്ക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുകയും ചെയ്തിരുന്നു. 1,20,000 രൂപ (6,000 ദിർഹം) യാണു ചില വിമാന കമ്പനികൾ ഈ മാസം 23, 24 തീയതികളിൽ ടിക്കറ്റ് നിരക്ക് ഈടാക്കിയത്.ഇതേ തുടർന്നു നാട്ടിൽ അവധിക്കു പോയ പ്രവാസികൾ പലരും തിരിച്ചുവരാനാകാതെ കുടുങ്ങി. അതേസമയം, മെയ്‌ അഞ്ച് മുതൽ എയർ ഇന്ത്യയടക്കം ഇന്ത്യയിൽ നിന്നു ടിക്കറ്റ് ബുക്കിങ് ആരംഭിക്കുകയും ചെയ്തു.

അതേസമയം, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്‌പ്രസ് വെബ്‌സൈറ്റുകൾ ദിവസങ്ങളോളം പണിമുടക്കുകയും ചെയ്തു. ചില കമ്പനികൾ ചാർട്ടേർഡ് വിമാന സർവീസ് റാസൽഖൈമയിൽ നിന്ന് ഏർപ്പെടുത്തി. ഇന്ത്യയിൽ നിന്ന് 100 വിമാന സർവീസുകളാണു പ്രതിദിനം ഉള്ളത്. കോവിഡ് രൂക്ഷമായതിനെ തുടർന്നു വിമാന സർവീസ് നിലച്ചേയ്ക്കുമെന്ന സൂചന നേരത്തെ തന്നെ ഉണ്ടായിരുന്നതിനാൽ പലരും പെരുന്നാൾ പോലും കാത്തിരിക്കാതെ ഈ മാസം തന്നെ തിരിച്ചുവരാൻ തീരുമാനിച്ചിരുന്നു. പലരുടെയും വീസ കാലാവധി കഴിയാറായതിനാൽ ഭാവി എന്താകുമെന്നറിയാതെ പ്രതിസന്ധിയിലാണ്. മുൻപ് ലഭിച്ചിരുന്ന പോലെ യുഎഇ അധികൃതരിൽ നിന്നുള്ള ഇളവുകളിലാണ് ഇനി പ്രതീക്ഷയെങ്കിലും ഇതുവരെ അതേക്കുറിച്ചുള്ള അറിയിപ്പുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല.

വിലക്ക് ആദ്യം പ്രാബല്യത്തിൽ വരുന്നതിന് 14 ദിവസത്തിനുള്ളിൽ ഇന്ത്യ സന്ദർശിച്ചവരെയും ട്രാൻസിറ്റ് വീസക്കാരെയും യുഎഇയിൽ പ്രവേശിപ്പിക്കില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഇതുമൂലം ഇന്ത്യയിലുള്ള ഒട്ടേറെ പേർ കുടുങ്ങുകയും ചെയ്തു. അതേസമയം, യുഎഇ സ്വദേശികൾ, നയതന്ത്ര ഉദ്യോഗസ്ഥർ, ഔദ്യോഗിക പ്രതിനിധികൾ, ബിസിനസുകാർ, ഗോൾഡൻ വീസയുള്ളവർ എന്നിവരെ യാത്രാ വിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവർ യുഎഇയിലെത്തിയാൽ പിസിആർ പരിശോധനയ്ക്കു വിധേയരാകുകയും 10 ദിവസം ക്വാറന്റീനിൽ കഴിയുകയും വേണം.

ഇന്ത്യക്കാർക്കു പ്രവേശനവിലക്കേർപ്പെടുത്തുന്ന നാലാമത്തെ ഗൾഫ് രാജ്യമാണ് യുഎഇ. സൗദി, കുവൈത്ത്, ഒമാൻ എന്നിവയാണു മറ്റു രാജ്യങ്ങൾ.