ന്യൂഡൽഹി: റഷ്യയുടെ സ്പുട്‌നിക് ഢ വാക്‌സീന്റെ ആദ്യ ബാച്ച് ഇന്നെത്തും. വില ഉൾപ്പെടെ കാര്യങ്ങളിൽ അന്തിമ തീരുമാനമായാൽ മാസം 15നു മുൻപ് വാക്‌സീൻ കുത്തിവയ്പു തുടങ്ങുമെന്നാണ് കമ്പനി നൽകുന്ന വിവരം. രണ്ട് ലക്ഷം ഡോസ് വരും ദിവസങ്ങളിൽ ഇന്ത്യയിലെത്തിക്കുമെന്ന് റഷ്യയിലെ ഇന്ത്യൻ അംബാസഡർ ബാലവെങ്കടേഷ് വർമ അറിയിച്ചു. ജൂണിനകം 50 ലക്ഷം ഡോസ് ലഭിക്കും. ഡോ. റെഡ്ഡീസ് വഴിയാണ് വാക്‌സീൻ എത്തുക.

വാക്‌സീൻ ഇന്ത്യയിൽ ഉൽപാദിപ്പിക്കാനും സൗകര്യമൊരുക്കും. ലോകത്ത് ഉൽപാദിപ്പിക്കുന്ന സ്പുട്‌നിക് വാക്‌സീന്റെ 70 ശതമാനത്തോളം ഇന്ത്യൻ കമ്പനികളിൽ ഉൽപാദിപ്പിക്കാൻ ഏതാനും മാസങ്ങൾക്കുള്ളിൽ സാധിക്കുമെന്നാണു പ്രതീക്ഷ. ഇന്ത്യയിലെ വാക്‌സിനേഷൻ യജ്ഞം പൂർത്തിയായാൽ, വിദേശ രാജ്യങ്ങളിലേക്ക് വാക്‌സീൻ കയറ്റിയയ്ക്കും.

യുഎസ്, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്ന് 4.5 ലക്ഷം റെംഡിസിവിർ ഇറക്കുമതി ചെയ്യാൻ ധാരണയായി. യുഎസിൽ നിന്നുള്ള ഒരു ലക്ഷം ഡോസ് ഇന്നെത്തും. ബാക്കി ജൂലൈക്കുള്ളിൽ ഈജിപ്തിൽ നിന്നെത്തിക്കും. ഓക്‌സിജൻ സിലിണ്ടർ, കോൺസൻട്രേറ്ററുകൾ എന്നിവയുമായി യുഎസ് സേനയുടെ 2 വിമാനങ്ങൾ ഇന്നലെ ഡൽഹിയിലെത്തി.

മൂന്നാം വിമാനം തിങ്കളാഴ്ചയെത്തും. ഇന്ത്യയിലേക്ക് 300 വീതം ഓക്‌സിജൻ സിലിണ്ടറുകളും കോൺസൻട്രേറ്ററുകളും അയയ്ക്കുമെന്നു ജപ്പാൻ അറിയിച്ചു. സഹായം ലഭ്യമാക്കാമെന്നു ചൈന അറിയിച്ചിട്ടുണ്ടെങ്കിലും സർക്കാർ തലത്തിൽ ഇടപെടാൻ ഇന്ത്യ തയാറായിട്ടില്ല. ഇന്ത്യയിലെ സ്വകാര്യ കമ്പനികൾ ചൈനയിൽ നിന്ന് വെന്റിലേറ്ററുകൾ, മാസ്‌ക് എന്നിവ ഇറക്കുമതി ചെയ്തിട്ടുണ്ട്.