ലാഗ് ബ ഒമർ എന്ന യഹൂദ ഉത്സവത്തിന് ഭാഗികമായി ഒരു കണ്ണുനീരിന്റെ കഥകൂടി പറയാനുണ്ട്. ഈ ഉത്സവത്തിന്റെ ആരംഭത്തെ കുറിച്ച് മതഗ്രന്ഥങ്ങളിലൊന്നും വിശദമായ പരാമർശങ്ങളില്ലെങ്കിലും, കൊയ്ത്ത് കഴിഞ്ഞ ഉടൻ തുടങ്ങുന്ന സെഫ്രിയാത് ഹ ഒമർ അഥവാ കൗണ്ടിങ് ഓഫ് ഓമർ എന്ന ഉത്സവത്തിന്റെ മുപ്പത്തിമൂന്നാം ദിവസമാണ് ലാഗ് ബ ഒമർ. യഹൂദമത സംഹിതകളിൽ പ്രധാനപ്പെട്ട ഒനായ സൊഹാർ എന്ന ഗ്രന്ഥത്തിന്റെ രചയിതാവായി കണക്കാക്കുന്ന റാബി ഷിമൻ ബാർ യോചായിയുടെ ഗുരുവായ റാബി അകിവായുടെ 24,000 ശിഷ്യന്മാർ 12-ആം നൂറ്റാണ്ടിൽ ഈ ഉത്സവവേളയിൽ ദൈവം അയച്ച പ്ലേഗിനാൽ വധിക്കപ്പെട്ടു എന്നതാണ് ഈ ഉത്സവത്തിനെ കുറിച്ചുള്ള, ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും സുപ്രധാനമായ കുറിപ്പ്.

49 ദിവസത്തോളം നീണ്ടുനിൽക്കുന്ന കൗണ്ടിങ് ഓഫ് ഒമൻ ഉത്സവം ഭാഗികമായി ഒരു അനുശോചന പ്രകടനം കൂടിയാണ്. ഇതിനിടയിൽ ആഘോഷങ്ങൾക്കായി മാറ്റിവച്ചിരിക്കുന്ന ദിവസമാണ് ഇതിലെ മുപ്പത്തിമൂന്നാമത്തെ ദിവസം. ഇതാണ് ലാഗ് ബി ഒമർ. ഒമറിലെ മുപ്പത്തിമൂന്നാം വരി പാരായണം ചെയ്യുന്ന ദിവസം ഇസ്രയേലിന്റെ മറ്റൊരു ദുരന്തദിനമായി മാറിയത് രാജ്യത്തെ മുഴുവൻ കണ്ണുനീരിൽ ആക്കിയിരിക്കുകയാണ്. സമാധാന കാലത്ത് രാജ്യത്ത് സംഭവിച്ച ഏറ്റവും വലിയ ദുരന്തത്തിൽ 45 പേരാണ് മരണമടഞ്ഞത്. 150 -ഓളം പേർ പരിക്ക് പറ്റി ആശുപത്രികളിലുണ്ട്.

യൂസഫ് എൽഹാബാദി, മോശെ എൽഹാബാദ്, മോശെ എംഗ്ലണ്ടർ, ജോഷ്വാ എംഗ്ലണ്ടർ എന്നീ സഹോദരങ്ങളും മോൺട്രിയാലിൽ നിന്നുള്ള ഗായകൻ കൂടിയായ ഷ്രാഗ ജെസ്റ്റ്നെട്ടറും, ന്യുയോർക്ക് സ്വദേശികളായ യൂസഫ് അമ്രാം, എലീസർഎന്നിവരും മരണമടഞ്ഞവരിൽ ഉൾപ്പെടുന്നു. പരമ്പരാഗത രീതികളനുസരിച്ച് മരിച്ചവരുടെ ശവസംസ്‌കാര ചടങ്ങുകൾ ഉടൻ തന്നെ നിർവഹിക്കുകയും ചെയ്തു. വടക്കൻ ഇസ്രയേലിലെ മൗണ്ട് മെറോണിൽ വ്യാഴാഴ്‌ച്ച രാത്രിയാണ് സംഭവം നടന്നത്. ഒരു ഏണീപ്പടിയിൽ കാൽ തെറ്റി വീണവരുടെ മുകളിലൂടെ ജനക്കൂട്ടം കൂട്ടമായി വീണതാണ് അപകടം സംഭവിച്ചത്.

പരിക്കേറ്റ 150 പേരിൽ ആറുപേരുടെ നില സംശയാസ്പദമായ രീതിയിൽ ഗുരുതരമാണെന്നും റിപ്പോർട്ടുകൾ പറയുന്നു. അപകട സ്ഥലത്തുനിന്നു പുറത്തുകടക്കുന്നത് ബാരിക്കേഡുകൾ ഉപയോഗിച്ച് പൊലീസ് തടഞ്ഞതാണ് അപകടത്തിന്റെ ഗൗരവം കൂടാൻ കാരണമായതെന്ന് ദൃക്സാക്ഷികൽ പറയുന്നു. മനുഷ്യരുടെ മലയിടിച്ചിലായിരുന്നു അവിടെ നടന്നതെന്നാണ് അവർ പറയുന്നത്. ഏറ്റവും ആദ്യം വീണവരുടെ മുകളിലേക്ക് മറ്റുള്ളവർ വന്നു വീഴുകയായിരുന്നു. ചെറിയ കുട്ടികളുടെ മുകളിൽ വരെ രണ്ടും മൂന്നും പേരാണ് വീണത്. ശ്വാസം മുട്ടിയാണ് ഇവരിൽ പലരും മരിച്ചിരിക്കുന്നത്.

ഈ വർഷം ഏകദേശം 1 ലക്ഷത്തോളം പേരാണ് ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിയിരുന്നത്. മുൻവർഷങ്ങളിലേതിനേക്കാൾ ഇത് കുറവാണെങ്കിലും, കോവിഡ് പ്രതിസന്ധി നിലനിൽക്കുന്ന ഘട്ടത്തിൽ ഇത്രയും പേരെ പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് പൊലീസ് പറയുന്നത്. അമിതമായ ജനക്കൂട്ടമാണെന്ന് സംഭവം നടക്കുന്നതിനു മുൻപേ മുന്നറിയിപ്പ് നൽകിയ പൊലീസ് വൈകിയെത്തിയവർ ഏണികയറുന്നതിൽ നിന്നും വിലക്കുകയും ചെയ്തിരുന്നു. പരമ്പരാഗത ആഴി ഒരുക്കിയിരിക്കുന്ന ഇടത്തേക്ക് പരമാവധി 10,000 പേർക്ക് മാത്രമാണ് പ്രവേശിക്കുവാനുള്ള അനുമതി നൽകിയിരുന്നത്.

അതേസമയം, രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ ലാഗ് ബി ഒമർ ആഘോഷിക്കുവാനായി പരമാവധി 100 പേർക്ക് മാത്രമാണ് കൂട്ടം ചേരുവാനുള്ള അനുമതി നൽകിയിരുന്നത്. ഇതിനെ ചൊല്ലി സർക്കാരും യാഥാസ്ഥിതിക യഹൂദ സമൂഹവുമായി കനത്ത വാക്പോരുകൾ നടക്കുകയുമാണ്.