ഷ്യയ്ക്കും ഉക്രെയിനും ഇടയിലെ സംഘാർഷാവസ്ഥ മൂർച്ഛിക്കുന്ന സമയത്ത് കരിങ്കടലിൽ തമ്പടിച്ച യുദ്ധക്കപ്പലിൽ നിന്നും സൂപർസോണിക് ക്രൂയിസ് മിസൈൽ തൊടുത്തുവിട്ട് ലോകത്തിനു തന്നെ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് റഷ്യ. അമേരിക്കയുടെ രണ്ട് യുദ്ധക്കപ്പലുകൾ എത്തുന്നതിന് മുൻപാണ് യുദ്ധമെന്ന ഭീഷണിയുമായി റഷ്യ എത്തിയിരിക്കുന്നത്. കരിങ്കടലിലുള്ള മോസ്‌ക്വ എന്ന കപ്പലിലെ ബേസിൽ നിന്നുമാണ് വുൾക്കാൻ മിസൈലുകൾ തൊടുത്തുവിട്ടിരിക്കുന്നത്. 19 മൈൽ അകലെയുള്ള ഭൂതല ലക്ഷ്യത്തിൽ അത് കൃത്യമായി പതിക്കുകയും ചെയ്തതായി റഷ്യൻ നാവിക കേന്ദ്രങ്ങൾ അവകാശപ്പെട്ടു.

കരിങ്കടലിന്റെ വലിയൊരു ഭാഗം റഷ്യ അടച്ചിരിക്കുകയാണ്. 20 റഷ്യൻ നാവിക കപ്പലുകളെ വിന്യസിച്ചാണ് കടൽ അടച്ചിരിക്കുന്നത്. വിദേശകപ്പലുകൾക്ക് ഈ ഭാഗത്തേക്ക് പ്രവേശനം കർശനമായി നിരോധിച്ചിരിക്കുന്ന ഈ നടപടിയെ അമേരിക്ക ശക്തമായി അപലപിച്ചിരുന്നു. മോസ്‌ക്വ എന്ന കപ്പലിൽ നിന്നും മിസൈൽ തൊടുത്തുവിടുന്ന ദൃശ്യം റഷ്യൻ പ്രതിരോധ മന്ത്രാലയമാണ് പുറത്തുവിട്ടിരിക്കുന്നത്. നേരത്തേ ഒരു കാലിബർ ക്രൂയിസ് മിസൈൽ ലക്ഷ്യത്തിലെത്തുവാൻ പരാജയപ്പെട്ടതിനു ശേഷമാണ് ഇപ്പോൾ മിസൈൽ വിജയകരമായി തൊടുത്തുവിട്ടിരിക്കുന്നത്.

റഷ്യയുടെ പസഫിക് തീരത്താണ് കാലിബർ മിസൈൽ പരീക്ഷണം നടത്തിയത്. മാർഷൽ ഷാപോഷ്ണികോവ് എന്ന യുദ്ധക്കപ്പലിൽ നിന്നായിരുന്നു മിസൈൽ വിക്ഷേപിച്ചത്. മിസൈലിന്റെ പരാജയം, കപ്പലിനും നാശനഷ്ടങ്ങൾ ഏറെ വരുത്തി എന്നാണ് സൂചന.

ഈ ആഴ്‌ച്ച ആദ്യത്തോടെ തന്നെ അമേരിക്കയുടെ തീരദേശ നിരീക്ഷണ കപ്പലായ ഹാമിൽട്ടൺ കരിങ്കടലിൽ എത്തിയിരുന്നു. മെയ്‌ മാസത്തിൽ ടൈപ്പ് 45 യുദ്ധക്കപ്പലുകൾ ബ്രിട്ടൻ കരിങ്കടലിൽ വിന്യസിക്കും. ആന്റി എയർക്രാഫ്റ്റ് മിസൈലുകൾ അടങ്ങുന്നതാണ് ഈ കപ്പൽ. കൂടാതെ ആന്റി സബ്മറൈൻ സംവിധാനവും ഉണ്ടായിരിക്കും. മെഡിറ്ററേനിയൻ ടാസ്‌ക് ഫോഴ്സിന്റെ പ്രധാന കപ്പലായ എച്ച് എം എസ് ക്യുൻ എലിസബത്തിൽ ആർ എ എഫ് എഫ്-35 ബി ജെറ്റുകളും മെർലിൻ സബ്മറൈൻ ഹണ്ടിങ് ഹെലികോപ്റ്ററുകളും സജ്ജമാക്കി നിർത്തും.

ഉക്രെയിന്റെ പരമാധികാരത്തെ ബഹുമാനിക്കുന്നു എന്നതിന്റെ സൂചകമായാണ് അമേരിക്കയും ബ്രിട്ടനും നാവികസൈന്യത്തെ കരിങ്കടലിൽ വിന്യസിച്ചിരിക്കുന്നത്. ഉക്രെയിനുമായുള്ള അതിർത്തിയിൽ റഷ്യ സൈനിക ബലം വർദ്ധിപ്പിച്ചതിനെ തുടർന്നാണിത്. റഷ്യ മിസൈൻ വിക്ഷേപിച്ചതിനെ അമേരിക്ക ശക്തമായി അപലപിച്ചു. ഉക്രെയിനിനെ അസ്ഥിരപ്പെടുത്താനുള്ള റഷ്യയുടേ ശ്രമത്തിന്റെ ഭാഗമാണിതെന്നും അമേരിക്ക പറയുന്നു.