പത്തനംതിട്ട: വൻ തുക രജിസ്ട്രേഷൻ ഫീസും പരീക്ഷാ ഫീസുമായി നൽകി കോഴ്സുകൾക്ക് ചേർന്ന പ്രൈവറ്റ് വിദ്യാർത്ഥികളുടെ ഭാവി പന്താടി എംജി യൂണിവേഴ്സിറ്റി. 2019 ൽ പ്രവേശനം എടുത്ത അയ്യായിരത്തോളം പിജി വിദ്യാർത്ഥികളുടേയും 2017 അഡ്‌മിഷനു മുമ്പുള്ള ബിഎ/ ബികോം സപ്ലിമെന്ററി എഴുതേണ്ട 4500 ഓളം വിദ്യാർത്ഥികളുടേയും പരീക്ഷാ നടത്തിപ്പിലാണ് സർവകലാശാല കടുത്ത അനാസ്ഥ കാണിക്കുന്നത്. ഇതു മൂലം ഈ വിദ്യാർത്ഥികൾക്ക് ഇപ്പോൾ തന്നെ ഒരു അക്കാദമിക് വർഷം നഷ്ടപ്പെട്ടു.

2019 ൽ പിജിക്ക് പ്രൈവറ്റായി പ്രവേശനം എടുത്ത വിദ്യാർത്ഥികളുടെ ഒരു സെമസ്റ്ററിന്റെ പോലും പരീക്ഷ ഇതുവരെ നടത്തിയിട്ടില്ല. പരീക്ഷ എന്നു നടത്തുമെന്ന് ആർക്കും അറിയില്ല. ഇവരോടൊപ്പം പ്രവേശനം നേടിയ റെഗുലർ കോളജ് വിദ്യാർത്ഥികളുടെ മൂന്നു സെമസ്റ്ററുകളുടെ പരീക്ഷ കഴിഞ്ഞു. ഇനി നടക്കാനുള്ളത് നാലാം സെമസ്റ്റർ മാത്രം. വരുന്ന ജൂണിൽ അത് നടക്കുമെന്നും അറിയുന്നു. റെഗുലർ വിദ്യാർത്ഥികളുടേതിനൊപ്പം ഒരേ പരീക്ഷ പ്രൈവറ്റിനും ഉണ്ടാകുമെന്നാണ് സർവകലാശാല രജിസ്ട്രേഷൻ വിജ്ഞാപനത്തിൽ വ്യക്തമായി പറഞ്ഞിരുന്നത്. ഇതിന് കടക വിരുദ്ധമായ രീതിയിലാണ് ഇപ്പോൾ കാര്യങ്ങൾ. വിദ്യാർത്ഥികളെ തെറ്റിദ്ധരിപ്പിച്ച് പ്രവേശനം നടത്തിയെന്ന ആക്ഷേപത്തിന് ബലം നൽകുന്നതാണ് ഈ വിജ്ഞാപനം. സർവകലാശാലയുടെ അലംഭാവത്തിനെതിരെ വൈസ് ചാൻസലർക്കും ഗവർണർക്കും ഉന്നത വിദ്യാഭ്യാസ വകുപ്പിനും നിരവധി പരാതികൾ നൽകിയിട്ടും ഫലമുണ്ടായിട്ടില്ല.

കോവിഡിനെയാണ് അധികാരികൾ പഴി ചാരുന്നത്. എന്നാൽ റെഗുലർ വിദ്യാർത്ഥികൾക്കില്ലാത്ത കോവിഡ് പ്രതിബന്ധം പ്രൈവറ്റ് വിദ്യാർത്ഥികളുടെ പരീക്ഷകളെ മാത്രം എങ്ങിനെ ബാധിക്കും എന്ന ചോദ്യത്തിന് ഉത്തരമില്ല. 2017 ന് മുമ്പ് ബിഎ/ ബികോം പഠിച്ച് സപ്ലിമെന്ററി എഴുതേണ്ടവരുടെ കാര്യം ഇതിലും കഷ്ടമാണ്. കഴിഞ്ഞ വർഷം മാർച്ചിൽ നടത്തേണ്ട ഇവരുടെ അഞ്ചും ആറും സെമസ്റ്റർ പരീക്ഷകൾ ഒരു വർഷം കഴിഞ്ഞ് ഫെബ്രുവരിയിലാണ് പൂർത്തിയാക്കിയത്. ഇതിന്റെ ഫലം ഇതു വരെ നൽകിയിട്ടില്ല. കഴിഞ്ഞ അക്കാദമിക വർഷം തന്നെ നടക്കേണ്ട ഇവരുടെ ഒന്ന് മുതൽ നാലു വരെ സെമസ്റ്റർ പരീക്ഷകളും നടത്തിയിട്ടില്ല. ഇതിൽ മൂന്ന്, നാല് സെമസ്റ്റർ പരീക്ഷ നടത്താൻ വിജ്ഞാപനം ഇറക്കിയിട്ടുണ്ടെങ്കിലും തീയതി പ്രഖ്യാപിച്ചിട്ടില്ല. ഇപ്പോൾ തന്നെ ഈ വിദ്യാർത്ഥികളുടെ ഒരു അക്കാദമിക വർഷം നഷ്ടപ്പെട്ടു കഴിഞ്ഞു. വിദ്യാർത്ഥി പക്ഷത്ത് നിന്ന് പ്രവർത്തിക്കേണ്ട സർവകലാശാലയുടെ നിരുത്തരവാദിത്തം മൂലം വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാവുകയാണ്. പ്രൈവറ്റ് വിദ്യാർത്ഥികളുടെ പരീക്ഷാ നടത്തിപ്പിലും ഫലപ്രഖ്യാപനത്തിലും കേരളത്തിലെ മറ്റൊരു സർവകലാശാലയും കാണിക്കാത്ത അനാസ്ഥയാണ് എംജി യുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.

പരീക്ഷകളും ഫലപ്രഖ്യാപനവും അനന്തമായി നീട്ടി കൊണ്ടുപോകുന്ന നയത്തിനെതിരെ ഇനി എന്ത് എന്ന ആലോചനയിലാണ് സമാന്തര വിദ്യാഭ്യാസ മേഖല. സർവകലാശാലയുടെഅനാസ്ഥ മൂലം ഏറെ പഴി കേൾക്കേണ്ടി വരുന്നത് പാരലൽ കോളജുകാരാണ്. കുട്ടികളെ തെറ്റിദ്ധരിപ്പിച്ച് പ്രൈവറ്റായി പഠിക്കാൻ സമ്മർദ്ദം ചെലുത്തി എന്നാണ് ഇവർക്കെതിരെ രക്ഷാകർത്താക്കളും വിദ്യാർത്ഥികളും ആരോപിക്കുന്നത്. ബഹുഭൂരിപക്ഷം വിദ്യാർത്ഥികളും സർവകലാശാലയുടെ വിജ്ഞാപനങ്ങളോ ഉത്തരവുകളോ ശ്രദ്ധിക്കാറില്ലെന്നതാണ് ഇതിന് കാരണം. പ്രൈവറ്റ് രജിസ്ട്രേഷൻ ഫീസിനൊപ്പം ഒന്നും രണ്ടും സെമസ്റ്ററുകളുടെ പരീക്ഷാ ഫീസു കൂടി ഒരുമിച്ച് വാങ്ങിയാണ് എംജിയിൽ പ്രൈവറ്റ് രജിസ്ട്രേഷൻ നടത്തുന്നത്.

മറ്റു സർവകലാശാലകൾക്കില്ലാത്ത ഈ നിലപാടു മൂലം കോഴ്സ് ഉപേക്ഷിച്ച് പോകുന്ന വിദ്യാർത്ഥികൾക്ക് അക്കാദമിക വർഷത്തിനൊപ്പം വലിയ ഒരു തുകയും നഷ്ടപ്പെടും.