കോട്ടയം: അന്തരിച്ച മനോരമ ആഴ്ചപ്പതിപ്പ് ചീഫ് എഡിറ്ററും മലയാള മനോരമ പ്രിന്റർ ആൻഡ് പബ്ലിഷറും മുൻ മാനേജിങ് എഡിറ്ററുമായ തയ്യിൽ കണ്ടത്തിൽ മാമ്മൻ വർഗീസ് (തമ്പാൻ91) ന്റെ സംസ്‌കാരം പിന്നീട്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. കോട്ടയം, മദ്രാസ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ഓട്ടമൊബീൽ എൻജിനീയറിങ് പഠനത്തിനു ശേഷം കുടുംബ വക എസ്റ്റേറ്റിലേക്കും അവിടെ നിന്നുമാണ് അക്ഷരങ്ങളുടെ ലോകത്തേക്കും എത്തുന്നത്.

1930 മാർച്ച് 22നു ജനിച്ചു. മലയാള മനോരമ മുഖ്യപത്രാധിപരായിരുന്ന കെ.സി. മാമ്മൻ മാപ്പിളയുടെ പൗത്രനും കെ.എം. വർഗീസ് മാപ്പിളയുടെ പുത്രനുമാണ്. കുന്നംകുളം പുലിക്കോട്ടിൽ ജോസഫ് റമ്പാന്റെ സഹോദരി താണ്ടമ്മ(മിസിസ് വർഗീസ് മാപ്പിള)യാണ് മാതാവ്. കോട്ടയം, മദ്രാസ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. 1955ൽ മനോരമയിൽ മാനേജരായി ചുമതലയേറ്റു; 1965ൽ ജനറൽ മാനേജരും 1973ൽ മാനേജിങ് എഡിറ്ററുമായി. ഇന്ത്യൻ ആൻഡ് ഈസ്റ്റേൺ ന്യൂസ്‌പേപ്പർ സൊസൈറ്റി (ഐഇഎൻഎസ്) പ്രസിഡന്റ് (198182), ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻസ് (എബിസി) ചെയർമാൻ (198889) എന്നീ പദവികൾ വഹിച്ചു.

എൽഐസി ദക്ഷിണമേഖല ഉപദേശക സമിതി അംഗമായിരുന്നു. റോട്ടറി പ്രസ്ഥാനത്തിൽ സജീവമായിരുന്ന അദ്ദേഹം വിവിധ സാമൂഹികക്ഷേമ പദ്ധതികളിലും പ്രവർത്തിച്ചിട്ടുണ്ട്. ഓർത്തഡോക്‌സ് സഭാ മാനേജിങ് കമ്മിറ്റി, വർക്കിങ് കമ്മിറ്റി എന്നിവയിൽ അംഗമായിരുന്നു. മുണ്ടകപ്പാടം മന്ദിരം ആശുപത്രിയുടെ മുൻ ചെയർമാനാണ്. ന്യൂസ് പേപ്പർ മാനേജ്‌മെന്റിൽ ഇംഗ്ലണ്ടിലെ തോംസൺ ഫൗണ്ടേഷനിൽ പരിശീലനം നേടിയിട്ടുണ്ട്. ബ്രിട്ടൻ, ജർമനി, യുഎസ് തുടങ്ങിയ രാജ്യങ്ങളിൽ അച്ചടി, പത്രപ്രവർത്തനം, ബിസിനസ് മാനേജ്‌മെന്റ് തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നേടി. ആധുനിക അച്ചടി സാങ്കേതികവിദ്യയിൽ അവഗാഹമുള്ള അദ്ദേഹം കേരള സർക്കാരിന്റെ ലിപി പരിഷ്‌കരണ കമ്മിറ്റിയിൽ അംഗമായിരുന്നു.

ഭാര്യ: മലങ്കര ഓർത്തഡോക്‌സ് സഭാ ട്രസ്റ്റിയായിരുന്ന പരേതനായ ഉപ്പൂട്ടിൽ കുര്യൻ ഏബ്രഹാമിന്റെ മകൾ പരേതയായ അന്നമ്മ. മക്കൾ: താര, റോഷിൻ, മാമി, സൂസൻ, അശ്വതി. മരുമക്കൾ: കൊട്ടാരത്തിൽ മേടയിൽ അരുൺ ജോസഫ്, കുളങ്ങര കെ.പി. ഫിലിപ്പ്, കളരിക്കൽ കെ. കുര്യൻ, രാമകൃഷ്ണൻ, നാരായണൻ. കണിയാന്തറ ജി.കെ.ഒ ഫിലിപ്‌സിന്റെ ഭാര്യ സോമ സഹോദരിയാണ്.

മലയാള ലിപി പരിഷ്‌കർത്താവായും അദ്ദേഹം അറിയപ്പെട്ടു. ടൈപ്പ്‌റൈറ്ററിന്റെയും ലൈനോ ടൈപ്പ് യന്ത്രത്തിന്റെയും കീ ബോർഡിൽ ഒതുങ്ങും വിധം മലയാള ലിപികളുടെ എണ്ണം കുറയ്ക്കുകയും അതുവഴി അച്ചടിയുടെ ഗതിവേഗം കൂട്ടുകയും ഭാഷാപഠനം ലഘൂകരിക്കുകയും ചെയ്തയാൾ എന്ന നിലയിലായിരിക്കും ചരിത്രം അദ്ദേഹത്തെ അടയാളപ്പെടുത്തുക. അച്ചുനിരത്തലൊക്കെ കംപ്യൂട്ടർ ഏറ്റെടുക്കുന്നതിനു മുൻപത്തെ മുപ്പതു വർഷങ്ങളിൽ പുസ്തകപ്രസാധനത്തിൽ കുതിച്ചുചാട്ടമുണ്ടായതും പത്രങ്ങൾ കൂടുതൽ സ്ഥലങ്ങളിൽനിന്ന് അച്ചടിച്ചു പ്രചാരം ദശലക്ഷങ്ങളിലേക്കുയർത്തിയതും നാടു നൂറുശതമാനം സാക്ഷരത നേടിയതും ഈ ലിപി പരിഷ്‌കരണത്തിന്റെ തേരിലേറിയാണ്.

തിരുവിതാംകൂർ ദിവാൻ സി.പി.രാമസ്വാമി അയ്യർ മനോരമ നിരോധിച്ച് കോട്ടയത്തെ പ്രസ് പൂട്ടി മുദ്ര വച്ചപ്പോൾ അയൽരാജ്യത്തെ കുന്നംകുളത്തുനിന്നു പത്രം അടിച്ച് തിരുവിതാംകൂറിൽ വിതരണം ചെയ്തതു ലോക പത്രചരിത്രത്തിൽ സമാനതകളില്ലാത്ത അട്ടിമറിക്കഥയാണ്. മനോരമയിൽ വൈകിവന്ന എന്റെ തലമുറയിലുള്ളവർക്ക് ഈ 'കുന്നംകുളം കണക്ഷൻ' ഞങ്ങൾ തമ്പാച്ചായൻ എന്നു വിളിക്കുന്ന മാമ്മൻ വർഗീസായിരുന്നു. അദ്ദേഹത്തിന്റെ അമ്മയുടെ സഹോദരനായ കുന്നംകുളം എആർപി പ്രസ് ഉടമ പുലിക്കോട്ടിൽ ഇട്ടൂപ്പ് ഇട്ടൂപ്പായിരുന്നു ഈ സാഹസിക ദൗത്യത്തിനു നേതൃത്വം നൽകിയത്. അതെ, ഒരു കാലത്ത് മഹാകവി വള്ളത്തോൾ മാനേജരായിരുന്ന എആർപി പ്രസ് തന്നെ. പുലിക്കോട്ടിൽ എന്നു പറയുന്നത് നാടുകടത്തപ്പെട്ട സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയ്ക്ക് അഭയം നൽകിയ കുടുംബം.

മനോരമ പൂട്ടിയത് 1938 സെപ്റ്റംബർ 9 ശനിയാഴ്ച രാത്രിയിലായിരുന്നു. മനോരമ സായാഹ്ന പത്രമായിരുന്നതിനാൽ അന്നത്തെ പത്രം പുറത്തിറങ്ങിയിരുന്നു. ഞായറാഴ്ച പത്രം ഇല്ല. തിങ്കളാഴ്ച പൊതു ഒഴിവാകയാൽ ഇനി ചൊവ്വാഴ്ചയേ പത്രം ഉണ്ടാവുകയുള്ളുവെന്ന് അറിയിപ്പു പ്രസിദ്ധീകരിച്ചിരുന്നു.

തന്റെ സഹോദരീഭർത്താവ് കെ.എം.വർഗീസ് മാപ്പിള മാനേജരായ പത്രത്തിന്റെ പ്രതിസന്ധിയെക്കുറിച്ചറിഞ്ഞ് ഞായറാഴ്ച കോട്ടയത്തെത്തിയ ഇട്ടൂപ്പ്, ചൊവ്വാഴ്ച വൈകിട്ടു വിതരണം ചെയ്യേണ്ട 5000 കോപ്പി ചൊവ്വാഴ്ച പുലർച്ചെ 6ന് കോട്ടയത്തെത്തിക്കാമെന്നേറ്റു. കുന്നംകുളത്ത് അച്ചടിക്കാൻ ലൈസൻസ് വേണ്ടേ എന്നു ചോദിച്ചപ്പോൾ ഇവിടെ എന്തും സംഭവിക്കാമെന്നു തോന്നിയതിനാൽ രണ്ടും മാസം മുൻപേ താൻ ലൈസൻസ് എടുത്തുവച്ച കഥ ഇട്ടൂപ്പ് പറഞ്ഞു. സഹായിക്കാൻ പത്രാധിപസമിതിയിലെ കെ.പി. കരുണാകര പിഷാരടി കൂടെ ചെന്നെങ്കിലും പുസ്തകങ്ങൾക്കുമാത്രം അച്ചുനിരത്താനും അത് അച്ചടിക്കാനും അറിയാവുന്നവരെക്കൊണ്ട് ഒറ്റരാത്രിയുടെ ഇടവേളയിൽ പത്രം തയാറാക്കിയത് അത്യപൂർവ സംഭവമായി.

മുഖത്ത് അടിയേറ്റപോലെയായ സിപി നാലാം ദിവസം കുന്നംകുളം മനോരമ തിരുവിതാംകൂറിൽ നിരോധിച്ചു. കൊച്ചിയിൽനിന്നു ബോട്ടിലും വള്ളത്തിലുമാണു പത്രം വരുന്നതെന്നതിനാൽ സിപിക്കു പത്രമാരണ നിയമമൊന്നും കൊണ്ടുവരേണ്ടി വന്നില്ല. കടൽച്ചുങ്ക നിയമത്തിൽ ഒരു ചെറിയ ഭേദഗതിയേ വേണ്ടിവന്നുള്ളു. അതോടെ പത്രം ഒളിപ്പിച്ചു കടത്തണമെന്നായി. കള്ളക്കടത്തായി വരുന്നത് വാങ്ങിവായിക്കുന്നവരെ അറസ്റ്റ് ചെയ്യുമെന്നായിട്ടുകൂടി കുന്നംകുളം മനോരമ ഒൻപതു മാസം പിടിച്ചുനിന്നു. കാൽനൂറ്റാണ്ടു കാലമേ മാമ്മൻ വർഗീസ് ജനറൽ മാനേജരായിരുന്നുള്ളുവെങ്കിലും കോട്ടയത്ത് ഒതുങ്ങി നിന്നിരുന്ന മനോരമ കോഴിക്കോട്ടും കൊച്ചിയിലും അച്ചടി തുടങ്ങിയത് അക്കാലത്താണ്.