പത്തനംതിട്ട: 2016 ൽ ആറന്മുള മണ്ഡലം തിരികെ പിടിക്കാൻ പറ്റിയ ഒരാളെ തേടി നടന്ന സിപിഎമ്മിന്റെ മുന്നിലേക്ക് അപ്രതീക്ഷിതമായി എത്തിയ ഓപ്ഷൻ ആയിരുന്നു മാധ്യമ പ്രവർത്തകർക്കിടയിലെ പെൺപുലിയായ വീണാ ജോർജ്. കോൺഗ്രസിന്റെ കുറ്റിച്ചൂൽ മണ്ഡലത്തിൽ, ശിവദാസൻ നായരെ പോലെ പരിചയ സമ്പന്നനായ ഒരാളെ തോൽപ്പിക്കാൻ ഈ പെങ്കൊച്ചിന് പറ്റില്ലെന്ന് അന്ന് ആദ്യം പറഞ്ഞത് സിപിഎമ്മുകാർ തന്നെയായിരുന്നു. അവരിളക്കിയ ചന്ദ്രഹാസത്തിനിടയിലൂടെയായിരുന്നു വീണ എൽഡിഎഫ് സ്ഥാനാർത്ഥിയായത്.

ഏഴായിരത്തിലധികം വോട്ടുകൾക്ക് ശിവദാസൻ നായരെ തറ പറ്റിച്ച് വീണ ആറന്മുളയിൽ കൊടി നാട്ടി. അവിടുന്നിങ്ങോട്ട് മണ്ഡലത്തിന്റെ മാനസപുത്രിയായി. ചോദ്യശരങ്ങൾ കൊണ്ട് രാഷ്ട്രീയക്കാരെ വലയ്ക്കുന്ന മാധ്യമ പ്രവർത്തകയിൽ നിന്ന് തനി രാഷ്ട്രീയക്കാരിയിലേക്കുള്ള പരിണാമമാണ് പിന്നീട് കണ്ടത്. അഞ്ചു വർഷത്തിനിപ്പുറം രണ്ടാം തെരഞ്ഞെടുപ്പിന് വരുമ്പോഴേക്കും തന്നിലെ രാഷ്ട്രീയക്കാരിയെ സ്ഫുടം ചെയ്തെടുത്തിരുന്നു വീണ.

എതിരാളി പഴയ ആൾ തന്നെ ശിവദാസൻ നായർ. പക്ഷേ, ഓർത്തഡോക്സ് സഭയിലെ ചിലരുമായി ഇടഞ്ഞു നിന്നിരുന്ന വീണയ്ക്ക് ബിജെപി സ്ഥാനാർത്ഥിയായി ബിജു മാത്യു എത്തിയത് ആഘാതമായി. ക്രൈസ്തവ വോട്ടുകൾ വിഘടിക്കുമെന്നും നായർ വോട്ടുകൾ ഏകീകരിക്കുമെന്നും അതു വഴി ശിവദാസൻ നായർ വിജയിക്കുമെന്നുമൊക്കെയായിരുന്നു കണക്കു കൂട്ടൽ. മറിച്ചൊന്നും സംഭവിക്കുകയില്ലെന്ന് രാഷ്ട്രീയ നിരീക്ഷകരും വിധി എഴുതി. ഫലം വന്നപ്പോൾ വീണയുടെ ഭൂരിപക്ഷം 19003. സഭയും സമുദായവുമൊക്കെ കണ്ടം വഴി ഓടി. അതിന് കാരണവുമുണ്ട്. പതം വന്ന രാഷ്ട്രീയക്കാരിയായി മാറിയ വീണയുടെ പ്രവർത്തന ശൈലിയാണ് അത്.

മണ്ഡലത്തിലെ പാരമ്പര്യ കലകളും പ്രവർത്തികളും പ്രോത്സാഹിപ്പിക്കുന്നതിനാ യി നിരവധി പദ്ധതികൾ എംഎൽഎ ആവിഷ്‌കരിച്ചു. ഇതിൽപ്പെടുന്നു. പൊതുവേ സംഘപരിവാർ ആഭിമുഖ്യം പുലർത്തുന്ന ഇവരുടെ വോട്ടുകൾ വീണാ ജോർജിന് ലഭിക്കാൻ ഇത് സഹായകമായതായി വിലയിരുത്തുന്നു. ഇലന്തൂർ, നാരങ്ങാനം, കടമ്മനിട്ട, ഓതറ എന്നിവിടങ്ങളിലെ പടയണി കളരികൾ എടുത്തു പറയേണ്ടതുണ്ട്. ഈ പ്രദേശങ്ങളിലെ നായർ വോട്ടുകൾ കൂട്ടത്തോടെ വീണയ്ക്ക് ലഭിച്ചു. ബിജെപിയുടെ ഒരു സംസ്ഥാന നേതാവിന്റെ ഭാര്യയുടെ പോസ്റ്റൽ വോട്ട് വീണയ്ക്ക് പോയത് വിവാദത്തിന് കാരണമായിട്ടുമുണ്ട്.

നിരവധി ഫെല്ലോഷിപ്പുകളും അവാർഡുകളും സർക്കാരിന്റെയും വിവിധ വകുപ്പുകളുടെയും ഭാഗമായി വന്നതിനു പിന്നിൽ എംഎൽഎയാണ്. ആറന്മുള പള്ളിയോട സേവാസംഘം സെക്രട്ടറി എംഎൽഎയെ തുണയ്ക്കുന്നതായി പരസ്യമായി തന്നെ പ്രസ്താവന ഇറക്കി. വഞ്ചിപ്പാട്ടിനും പ്രളയത്തിൽ തകർന്ന പള്ളിയോടങ്ങൾക്കും ഇതേ തരത്തിൽ പ്രോത്സാഹനം ഉണ്ടായി. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു തൊട്ട് മുൻപാണ് പള്ളിയോട കടവുകളുടെ നവീകരണത്തിന് തുക അനുവദിച്ച് ശിലാസ്ഥാപനം നടത്തിയത്. ഇത്തരത്തിൽ വോട്ട് ലഭിക്കാവുന്ന നിരവധി പ്രവർത്തനങ്ങൾ കഴിഞ്ഞ കാലത്ത് നടത്തിയതും ഇടത് ഇതര വോട്ടുകൾ ലഭിക്കുന്നതിന് കാരണമായി.

പൊതുമരാമത്തിൽ നിന്നും ലഭ്യമാകാവുന്ന പരമാവധി ഫണ്ടുകൾ മണ്ഡലത്തിൽ എത്തിക്കാൻ ഇക്കാലയളവിൽ നടത്തിയ പ്രവർത്തനങ്ങൾ സാധാരണ ജനത്തിന്റെ വിശ്വാസം നേടിയെടുക്കുന്നതിന് പര്യാപ്തമായി. കഴിഞ്ഞ പ്രളയ കാലത്തും സജീവമായി പ്രവർത്തനങ്ങളിൽ
ഏർപ്പെട്ടതും ഈ മേഖലകളിലെ വോട്ടുകൾ പെട്ടിയിലേക്ക് എത്തിക്കുന്നതിനെ കാര്യമായി സഹായിച്ചു. കോൺഗ്രസിലെ കെകെ ശ്രീനിവാസന് ശേഷം ആദ്യമായാണ് ആറന്മുളയിൽ നിന്നും തുടർച്ചയായി രണ്ടാം വട്ടം ഒരാൾ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത് എന്നതും ശ്രദ്ധേയമാണ്. മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ഭൂരിപക്ഷം നേടിയാണ് വിജയം എന്നതും ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്.

യുഡിഎഫ് കോട്ടകൾ എന്ന് വിശേഷിപ്പിച്ചിരുന്ന പഞ്ചായത്തുകളിലും കോൺഗ്രസ് ഭരണം നടത്തുന്ന പഞ്ചായത്തുകളിൽ പോലും എൽഡിഎഫ് തരംഗം ആഞ്ഞടിക്കുകയായിരുന്നു. ഇതിൽ യുഡിഎഫും സ്ഥാനാർത്ഥിയും അകപ്പെട്ടു. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും പിന്നാക്കം പോകാതെയാണ് വീണയുടെ വിജയം എന്നതും ശ്രദ്ധേയമാണ്. എ പ്ലസ് മണ്ഡലം എന്നു പറഞ്ഞിരുന്ന ആറന്മുളയിൽ സംസ്ഥാനത്തെ ഇതര മണ്ഡലങ്ങൾക്കൊപ്പം ബിജെപിക്കും അടി തെറ്റി. മുതിർന്ന നേതാവ് എംടി രമേശ് കഴിഞ്ഞ തവണ മത്സരിച്ച മണ്ഡലത്തിൽ അപ്രസക്തമായ സ്ഥാനാർത്ഥിയെ നിർത്തിയത് അണികളെ തെല്ലൊന്നുമല്ല പിന്നോട്ടടിച്ചത്.

വീണാജോർജിനു കഴിഞ്ഞ തവണ ലഭിച്ചത് 64523 വോട്ടായിരുന്നു. ഇക്കുറി പതിനായിരത്തി ലധികം വോട്ടുകൾ കൂടുതലായി ലഭിച്ചു. ശിവദാസൻ നായർക്ക് 2016 ൽ 56877 വോട്ടാണ് ലഭിച്ചത്. ഇക്കുറി ആയിരത്തോളം വോട്ട് അദ്ദേഹത്തിന് കുറഞ്ഞു. ബിജെപി യിലെ എംടി രമേശിന് കഴിഞ്ഞ തവണ 37906 വോട്ട് ലഭിച്ചപ്പോൾ ഇക്കുറി ബിജു മാത്യു വിന് 29099 വോട്ടു കൊണ്ട് തൃപ്തി അടയേണ്ടി വന്നു. അന്ന് ആകെ പോൾ ചെയ്തത് 161432 വോട്ടുകളായിരുന്നു. എൻ.ഡി.എക്ക് മണ്ഡലത്തിൽ കുറഞ്ഞ വോട്ടുകൾ എൽഡിഎഫിലേക്ക് പോയി എന്നാണ് ഫലം തെളിയിക്കുന്നത്.

എസ്.എഫ്.ഐയിലൂടെയാണ് വീണ രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. നിലവിൽ സിപിഎം പത്തനംതിട്ട ഏരിയാ കമ്മിറ്റി അംഗമാണ്. 2012 ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ തെരഞ്ഞെടുക്കപ്പെട്ട അഞ്ച് ഇന്ത്യൻ മാധ്യമ പ്രവർത്തകരിൽ ഒരാളായിരുന്നു. കൈരളി, ഇന്ത്യാവിഷൻ, മനോരമ ന്യൂസ്, റിപ്പോർട്ടർ ചാനലുകളിലെ സേവനത്തിലൂടെ ജനഹൃദയങ്ങളിൽ ഇടം നേടി. മലയാള മാധ്യമ രംഗത്തെ പ്രഥമ വനിതാ എക്സിക്യൂട്ടീവ് ഡയറക്ടറായി സേവനം അനുഷ്ടിച്ചു.

കേരള സർവകലാശാലയിൽ നിന്ന് എംഎസ്സി ഫിസിക്സിനും ബിഎഡിനും റാങ്ക് ജേതാവായി. ഏഷ്യാ വിഷൻ, ടിപി വ്യൂവേഴ്സ്, ശബാമതി, പി. ഭാസ്‌കരൻ ഫൗണ്ടേഷൻ, സുരേന്ദ്രൻ നീലേശ്വരം ഫൗണ്ടേഷൻ, കേരള ടി വി അവാർഡ് (മികച്ച മലയാളം ന്യൂസ് റീഡർ), രാജീവ് ഗാന്ധി ഫൗണ്ടേഷൻ,നോർത്ത് അമേരിക്കൻ പ്രസ് ക്ലബ്ബ്, യുഎഇ ഗ്രീൻ ചോയ്സ് തുടങ്ങി നിരവധി അവാർഡുകൾ ലഭിച്ചു. പത്തനംതിട്ട ബാറിലെ അഭിഭാഷകനായിരുന്ന പി.ഇ. കുര്യാക്കോസിന്റെയും നഗരസഭാ കൗൺസിലറായിരുന്ന റോസമ്മയുടേയും മകളാണ്. മലങ്കര ഓർത്തഡോക്സ് സഭാ മുൻ സെക്രട്ടറിയും അദ്ധ്യാപകനുമായ ഡോ.ജോർജ് ജോസഫാണ് ഭർത്താവ്. മക്കൾ: അന്നാ, ജോസഫ്.


ആറന്മുള നിയോജക മണ്ഡലം-വോട്ടിങ് നില

വിജയി: വീണാ ജോർജ്(45)
സിപിഎം
ഭൂരിപക്ഷം 19003 വോട്ട്

ഓരോ സ്ഥാനാർത്ഥിക്കും ലഭിച്ച വോട്ട്:

1)ബിജു മാത്യു(ബിജെപി)-29099
2)വീണാ ജോർജ് (സിപിഎം)-74950
3)അഡ്വ. കെ ശിവദാസൻ നായർ (കോൺഗ്രസ്)- 55947
4)ഓമല്ലൂർ രാമചന്ദ്രൻ (അംബേദ്കറൈറ്റ് പാർട്ടി ഓഫ് ഇന്ത്യ)- 236
5)ശാന്തി ഓമല്ലൂർ (അണ്ണാ ഡെമോക്രാറ്റിക് ഹ്യൂമൻ റൈറ്റ്സ് മൂവ്മെന്റ് പാർട്ടി ഓഫ് ഇന്ത്യ)- 133
6)അർജുനൻ സി.കെ (സ്വതന്ത്രൻ)- 67
7)പ്രശാന്ത് ആറന്മുള(സ്വതന്ത്രൻ)- 143
8) ശിവദാസൻ നായർ(സ്വതന്ത്രൻ)- 629
9)ജി.സുഗതൻ (സ്വതന്ത്രൻ)- 87
നോട്ട-575