ബ്രിട്ടൻ കോവിഡിൽ നിന്നും മുക്തി നേടുന്നു എന്നതിന്റെ ശക്തമായ സൂചനകൾ നല്കിയാണ് ഇന്നലത്തെ ദിവസം കടന്നുപോയത്. രോഗപരിശോധനകളുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുപോലും ഇന്നലെ രോഗം സ്ഥിരീകരിച്ചത് 1,649 പേരിൽ മാത്രം. കഴിഞ്ഞ ആഴ്‌ച്ചയിലേതിനേക്കാൾ 20 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. എന്നാൽ, ഏറ്റവുമധികം ആശ്വാസം പകരുന്നത് ഇന്നലെ രേഖപ്പെടുത്തിയ പ്രതിദിന മരണസംഖ്യയാണ്. വെറും ഒരു കോവിഡ് മരണം മാത്രമാണ് ഇന്നലെ ബ്രിട്ടനിൽ രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ ഒമ്പത് മാസങ്ങളിലെ ഏറ്റവും കുറഞ്ഞ പ്രതിദിന മരണസംഖ്യയാണിത്.

സാധാരണയായി വാരാന്ത്യ ഒഴിവുകളുടെ ഇടയിൽ നടപടികൾ വൈകുമെന്നതിനാൽ ഞായറാഴ്‌ച്ചയും തിങ്കളാഴ്‌ച്ചയും കണക്കുകൾ വളരെ കുറവാണ് പുറത്തുവരാറുള്ളത്. മറ്റൊരു സ്ഥിതിവിവരക്കണക്ക് കാണിക്കുന്നത് ഇപ്പോഴും ബ്രിട്ടനിൽ ശരാശരി 15 പേർ വീതം കോവിഡിന് കീഴടങ്ങി മരണമടയുന്നു എന്നാണ്. ഇന്നലെ രണ്ടരലക്ഷം വാക്സിൻ ഡോസുകൾ കൂടി നൽകിയതോടെ ബ്രിട്ടൻ 50 മില്ല്യൺ വാക്സിനുകൾ നൽകിക്കഴിഞ്ഞിരിക്കുന്നു. ഇതിൽ, 34.6 മില്ല്യൺ ആളുകൾക്ക് ആദ്യ ഡോസും 15.4 മില്യൺ ആളുകൾക്ക് രണ്ടു ഡോസുകളും ലഭിച്ചുകഴിഞ്ഞിരിക്കുന്നു.

സാഹചര്യം അനുകൂലമാകാൻ ആരംഭിച്ചതോടെ അർക്കും നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തുന്നതിനായി കൂടുതൽ നാളുകൾ കാത്തുനിൽക്കാൻ ആകുന്നില്ല. രോഗ വ്യാപന തോതും മരണനിരക്കും കുത്തനെ ഇടിയുകയും വാക്സിൻ പദ്ധതി പുരോഗമിക്കുകയും ചെയ്യുന്നതിനനുസരിച്ച്, നിയന്ത്രണങ്ങൾ എത്രയും വേഗം നീക്കണമെന്ന ആവശ്യത്തിന് ശക്തി കൂടുകയാണ്. എന്നാൽ, നേരത്തേ നിശ്ചയിച്ചതു പ്രകാരം ജൂൺ 21 ന് നിയന്ത്രണങ്ങൾ എല്ലാം പിൻവലിച്ചാലും മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലവും കുറേക്കാലം കൂടി നിലനിൽക്കും എന്നാണ് മന്ത്രിമാർ നൽകുന്ന സൂചന.

അതുപോലെ വിദേശയാത്രകൾക്ക് അനുമതി നൽകിയാലും, സന്ദർശനം കഴിഞ്ഞ് തിരികെയെത്തുമ്പോൾ ക്വാറന്റൈൻ ആവശ്യമില്ലാത്ത രാജ്യങ്ങൾ ഉൾപ്പെടുന്ന ഗ്രീൻ ലിസ്റ്റിൽ വളരെ കുറച്ച് രാജ്യങ്ങൾ മാത്രമേ ഇടംപിടിക്കുകയുള്ളൂ. ധാരാളം രാജ്യങ്ങളെ ഈ ലിസ്റ്റിൽ ഉൾപ്പെടുത്തിയാൽ അത് രാജ്യത്ത് രോഗവ്യാപനം വർദ്ധിപ്പിച്ചേക്കുമെന്ന് ബോറിസ് ജോൺസൺ ആശങ്ക പ്രകടിപ്പിച്ചു. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീക്കം ചെയ്തതിൽ കാണിച്ച കരുതൽ വിദേശയാത്രകളുടെ കാര്യത്തിലും ഉണ്ടാകും എന്നുതന്നെയാണ് ഡൗണിങ് സ്ട്രീറ്റ് വൃത്തങ്ങൾ നൽകുന്ന സൂചന.

ആരോഗ്യ വകുപ്പ് സെക്രട്ടറി മാറ്റ് ഹാൻകോക്ക്, ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ് വിറ്റി തുടങ്ങിയ പ്രമുഖരൊക്കെ, ഗ്രീൻ ലിസ്റ്റിൽ പരമാവധി കുറച്ചു രാജ്യങ്ങൾ മാത്രം ഉൾപ്പെടുത്തിയാൽ മതി എന്ന പക്ഷക്കാരാണ്. എന്നാൽ, മറ്റ് മുതിർന്ന നേതാക്കളെല്ലാം കുറേക്കൂടി അയഞ്ഞ സമീപനം സ്വീകരിക്കണം എന്ന അഭിപ്രായക്കാരാണ്. എന്നാൽ, താനും ഗ്രീൻ ലിസ്റ്റിൽ കുറച്ച് രാജ്യങ്ങൾ മതി എന്ന പക്ഷക്കാരനാണെന്ന് കഴിഞ്ഞ ദിവസം ബോറിസ് ജോൺസൺ പറഞ്ഞിരുന്നു.

അതേസമയം ടൂറിസം മേഖല ബോറിസ് ജോൺസന്റെ ആശങ്കയെ തള്ളിക്കളയുകയാണ്. ബ്രിട്ടനിലേക്കുള്ള യാത്രയ്ക്ക് മുൻപും ബ്രിട്ടനിൽ എത്തിയതിനു ശേഷവും രോഗ പരിശോധന നടത്തുന്നുണ്ട്. ഇതുതന്നെ രോഗവ്യാപനം ഉണ്ടാക്കാതെ തടയാൻ സാധിക്കും. രോഗം സ്ഥിരീകരിച്ചവരെ മാത്രം ക്വാറന്റൈന് വിധേയരാക്കിയാൽ മതി. മാത്രമല്ല, കഴിഞ്ഞ രണ്ടുമൂന്ന് ആഴ്‌ച്ചകളായിട്ട് കേസുകളുടെ എണ്ണം കുറയുകയാണ് മാത്രമല്ല, പുതിയ വകഭേദങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടുമില്ല, അവർ പറയുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ട്രാവൽ- ടൂറിസം മേഖലയിലെ ആയിരക്കണക്കിന് തൊഴിലുകൾ സംരക്ഷിക്കുവാൻ ബോറിസ് ജോൺസൺ തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു.