- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയിലെ കോവിഡ് ചിത്രങ്ങളെ കളിയാക്കാൻ ചൈനീസ് കമ്മ്യുണിസ്റ്റ് പാർട്ടി ഉപയോഗിച്ച റോക്കറ്റ് വിക്ഷേപണത്തിന് ദിശതെറ്റി; ഭൂമിയിൽ എവിടെയാണ് പതിക്കുന്നതെന്ന് പോലും നിശ്ചയമില്ല; നാശം വിതയ്ക്കാൻ ചൈനീസ് ഉപഗ്രഹം എങ്ങോട്ട് വീഴും?
ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങൾ കോവിഡ് പ്രതിസന്ധിയിൽ ഉഴറുമ്പോൾ ആളുകളിക്കാൻ ശ്രമിച്ചതാണ് ചൈന. തങ്ങളെ തകർക്കാൻ കൊറോണയ്ക്കായിട്ടില്ലെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞുകൊണ്ടായിരുന്നു സ്വർഗ്ഗീയ കൊട്ടാരം എന്ന് പേരിട്ടിരിക്കുന്ന സ്പേസ് സ്റ്റേഷന്റെ പ്രവർത്തനങ്ങളുമായി ചൈന മുന്നോട്ട് പോയത്. ഇതിന്റെ ആദ്യഭാഗം ബഹിരാകാശത്തേക്ക് വഹിച്ചുകൊണ്ടുപോയ ലോംഗ് മാർച്ച്5 ബി റോക്കറ്റ് പോയതിലും വേഗത്തിൽ ഭൂമിയിലേക്ക് തിരിച്ചെത്തുകയാണ് എന്ന റിപ്പോർട്ടുകൾ വരുന്നു.
ഏകദേശം 21 ടണ്ണോളം ഭാരം വരുന്ന റോക്കറ്റ് നിയന്ത്രണം തെറ്റി ഭൂമിയിലേക്ക് തിരിച്ചെത്തുകയാണ്. ഇത് ജനസാന്ദ്രതയുള്ള സ്ഥലത്ത് പതിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് ഭൂമിയെ ചുറ്റുന്ന കൃത്രിമ ഉപഗ്രഹങ്ങളുടെ സഞ്ചാരം നിരീക്ഷിക്കുന്ന ജോനാഥൻ മെക് ഡൊവൽ പറയുന്നത്. ബഹിരാകാശ ശാസ്ത്രജ്ഞനായ മെക് ഡോവലിന്റെ അഭിപ്രായത്തിൽ ന്യുയോർക്കിന് അല്പം വടക്കുമാറി, മാഡ്രിഡ്, ബെയ്ജിങ് എന്നിവയുൾപ്പടെ തെക്കൻ ചിലിയും ന്യുസിലാൻഡിലെ വെല്ലിങ്ടൺ വരെയുള്ള ഭാഗങ്ങളിൽ എവിടെയും ഇത് പതിക്കുവാനുള്ള സാധ്യത ഏറെയാണ്.
ഈ ഭാഗങ്ങളിൽ സമുദ്രഭാഗം ഏറെയുണ്ട്. അതോടൊപ്പം ജനസാന്ദ്രത ഏറിയ പ്രദേശങ്ങളും ജനവാസമില്ലാത്ത കരഭാഗങ്ങളും ഉണ്ട്. സെക്കന്റിൽ 4 മൈലിൽ അധികം വേഗത്തിലാണ് ഇത് ഭൂമിയെ സമീപിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്‌ച്ച പ്രാദേശിക സമയം രാവിലെ 11:23 നാണ് സ്പേസ് സെന്ററിന്റെ പ്രാഥമിക മോഡ്യുൾ അടങ്ങിയ റോക്കറ്റ്‌ലോംഗ് മാർച്ച് 5 ബി ചൈന വിക്ഷേപിച്ചത്. സ്വർഗ്ഗീയ കൊട്ടാരം എന്നറിയപ്പെടുന്ന സ്പേസ് സെന്ററിന്റെ പ്രവർത്തനം 2022-ഓടെ പൂർത്തിയാക്കുവാനാണ് ചൈന ഉദ്ദേശിക്കുന്നത്. പൂർത്തിയായാൽ ഇത് ഭൂമിയിൽ നിന്നും 211 മുതൽ 280 വരെ മൈൽ ദൂരത്തിലായിരിക്കും സ്ഥിതിചെയ്യുക.
അമേരിക്ക, റഷ്യ, യൂറോപ്യൻ സ്പേസ് ഏജൻസി തുടങ്ങിയവർക്കൊപ്പം ബഹിരാകാശത്ത് ശക്തി തെളിയിക്കുക എന്നതാണ് ചൈനയുടെ ഉദ്ദേശം. 2030 ആകുമ്പോഴേക്കും ചൈനയെ ഒരു ബഹിരാകാശ ശക്തിയായി ഉയർത്തുക എന്ന ഉദ്ദേശത്തോടെയാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. ഇപ്പോൾ ബഹിരാകാശത്തുള്ള ഇന്റർനാഷണൽ സ്പേസ് സ്റ്റേഷൻ ഇന്നത്തെ നിലയിലെത്താൻ നീണ്ട് പത്തു വർഷങ്ങൾ എടുത്തു. നാസയ്ക്ക് പുറമെ റഷ്യ, ജപ്പാൻ, കാനഡ എന്നീ രാജ്യങ്ങളിലെ ബഹിരാകാശ ഗവേഷണ കേന്ദ്രങ്ങളും യൂറോപ്യൻ സ്പേസ് ഏജൻസിയും ഇതിൽ പങ്കാളികളാണ്. ഇന്റർനാഷണൽ സ്പേസ് സെന്ററിൽ പങ്കാളിയാകുന്നതിൽ നിന്നും അമേരിക്കയാണ് ചൈനയെ വിലക്കിയത്.
ഏതായാലും 100 അടി നീളവും 16 അടി വീതിയുമുള്ള ലോഗ് മാർച്ച് 5 ബി യുടെ പതനം ചൈനയുടെ ബഹിരാകാശ മോഹങ്ങൾക്ക് താത്ക്കാലികമായെങ്കിലും വിരാമമിടും. ഇതിനു മുൻപ് 2020 മേയിലും ചൈന ഈ റോക്കറ്റ് വിക്ഷേപിച്ചിരുന്നു. അന്നും നിയന്ത്രണം തെറ്റി ഇത് ഭൂമിയിൽ പതിക്കുകയായിരുന്നു. പശ്ചിമ ആഫ്രിക്കൻ തീരക്കടലിലായിരുന്നു അന്ന് ഇത് പതിച്ചത്.
മറുനാടന് മലയാളി ബ്യൂറോ