ചെന്നൈ: മഹാത്മാ ഗാന്ധിയുടെ പഴ്‌സനൽ സെക്രട്ടറി വി.കല്യാണം (99) അന്തരിച്ചു. മകൾ നളിനിയുടെ പാടൂരിലെ വസതിയിൽ ഇന്നലെ ഉച്ചയോടെയായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് ഒരു മണിക്ക് ബസന്റ് നഗർ ശ്മശാനത്തിൽ നടക്കും. പരേതയായ സരസ്വതിയാണു ഭാര്യ. മാലിനിയാണു മറ്റൊരു മകൾ. മഹാത്മാ ഗാന്ധി വെടിയേറ്റു മരിക്കുമ്പോൾ തൊട്ടടുത്തുണ്ടായിരുന്ന കല്ല്യാണം മരിക്കും വരെ തികഞ്ഞ ഗാന്ധിയനായിരുന്നു.

ഗാന്ധിജി കൊല്ലപ്പെടുന്നതുവരെ നിഴലായി ഒപ്പമുണ്ടായിരുന്ന കല്യാണം ബ്രിട്ടിഷ് സർക്കാർ സർവീസിലെ ജോലിയിൽ നിന്നും അവധി എടുത്താണ് മഹാത്മാ ഗാന്ധിക്ക് ഒപ്പം കൂടിയതും അദ്ദേഹത്തിന്റെ വിശ്വസ്തനായതും. ബ്രിട്ടിഷ് സർക്കാരിൽ ഉദ്യോഗസ്ഥനായിരുന്ന എസ്.വെങ്കട്ടറാവു അയ്യരുടെ മകനായ കല്യാണം 1944 മുതൽ ഷിംലയിൽ പഠിക്കുന്ന കാലത്തു സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ലഘുലേഖ വിതരണം ചെയ്തതിനു ജയിലിലായി.

ബ്രിട്ടിഷ് സർക്കാർ സർവീസിൽ ജോലി ചെയ്യുന്നതിനിടെ ഗാന്ധിജിയുടെ മകൻ ദേവദാസുമായുണ്ടായ അടുപ്പമാണ് മഹാത്മാവിന്റെ പഴ്‌സനൽ സെക്രട്ടറി സ്ഥാനത്തെത്തിച്ചത്. ഗാന്ധിജിയുടെ പഴ്‌സനൽ സെക്രട്ടറിയായ മഹാദേവ് ദേശായിയുടെ മരണശേഷമാണ് കല്യാണം പഴ്‌സനൽ സെക്രട്ടറിയായി ചുമതല ഏറ്റെടുക്കുന്നത്. ജോലിയിൽ നിന്നു 2 മാസത്തെ അവധിയെടുത്താണു വാർധയിലെ സേവാഗ്രാമിലെത്തിയത്. ഗാന്ധിജിയുടെ വ്യക്തിപ്രഭാവത്തിൽ ആകൃഷ്ടനായി അദ്ദേഹത്തോടൊപ്പം ചേർന്നു നിൽക്കുക ആയിരുന്നു.

ഗാന്ധിജിയുടെ മരണ ശേഷം ലേഡി മൗണ്ട്ബാറ്റൻ, ജയപ്രകാശ് നാരായണൻ, സി.രാജഗോപാലാചാരി എന്നിവർക്കൊപ്പം പ്രവർത്തിച്ചു. ഗാന്ധിജിയുടെ സെക്രട്ടറി പ്യാരെലാലിനെ ആത്മകഥയെഴുത്തിൽ സഹായിച്ചു. ദേശീയ പട്ടികവർഗ കമ്മിഷൻ റീജനൽ കമ്മിഷണറായി സേവനമനുഷ്ഠിച്ചു. ഗാന്ധിയുടെ ജീവിത സന്ദേശം പ്രചരിപ്പിക്കുന്നതിന് ഇന്ത്യയിലും വിദേശത്തും യാത്ര ചെയ്തു. എഴുത്തും പ്രസംഗങ്ങളുമായി അടുത്തിടെ വരെ സജീവമായിരുന്നു.

മഹാത്മാ ഗാന്ധി ജനിച്ച ദിവസമായ ഒക്ടോബർ രണ്ടിനും രക്തസാക്ഷിയായ ജനുവരി 30നും മാത്രമേ അദ്ദേഹത്തെ നമ്മൾ ഓർക്കാറുള്ളൂ എന്ന് കല്യാണം മരിക്കും വരെ സങ്കടമായി പറയുമായിരുന്നു. ഗാന്ധിജിയോട് ഏറ്റവും അടുത്ത് നിന്ന ആളായിരുന്നിട്ടും ആ പേര് ഉപയോഗിച്ച് ജീവിതത്തിൽ എന്തെങ്കിലും നേടാനോ പ്രശസ്തനാവാനോ അദ്ദേഹം ശ്രമിച്ചില്ല. ഗാന്ധിയൻ സ്ഥാപനങ്ങൾക്കു പഴയ പ്രൗഢിയില്ലെന്ന് അദ്ദേഹം വിശ്വസിച്ചു. എല്ലാവർക്കും മടുപ്പു വന്നിരിക്കുന്നെന്നും ജീവിതാവസാനം വരെ ആക്ടിവിസ്റ്റായ ഗാന്ധിജിയെ നമ്മൾ ഉൾക്കൊണ്ടില്ലെന്നും അമർഷം പൂണ്ടു.

കുട്ടിക്കാലത്ത് പറ്റിയ തെറ്റുകുറ്റങ്ങൾ പിൽക്കാലത്ത് ഏറ്റുപറഞ്ഞ ഗാന്ധിയെ പാഠപുസ്തകങ്ങളിൽ അവതരിപ്പിച്ചപ്പോൾ അദ്ദേഹത്തിന്റെ ദക്ഷിണാഫ്രിക്കൻ പ്രവർത്തനവും ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്കു നയിച്ച കാര്യങ്ങളും അദ്ദേഹം പുലർത്തിയ മതസൗഹാർദ കാഴ്ചപ്പാടും വിസ്മരിച്ചതായി അദ്ദേഹം എപ്പോഴും പരിതപിച്ചു. ഗാന്ധിജിയുടെ ശരിയായ മാതൃക പുതുതലമുറയ്ക്കു പകർന്നു നൽകാൻ നമുക്കു കഴിഞ്ഞില്ല എന്നു രോഷം കൊണ്ടു. നൂറാമത്തെയും 125ാമത്തെയും ഗാന്ധിജിയുടെ ജന്മവാർഷികങ്ങൾ മികച്ച രീതിയിൽ ആഘോഷിച്ചപ്പോൾ നൂറ്റിയൻപതാം വാർഷികം ആചരണം മാത്രമായി തീർന്നതായി അദ്ദേഹം കരുതി.

1947 സെപ്റ്റംബറിൽ കൊൽക്കത്തയിൽ നിന്നെത്തി ഡൽഹി ബിർള ഹൗസിൽ കഴിയവെ കൊല്ലപ്പെടുന്നതു വരെയുള്ള 144 ദിവസവും ഗാന്ധിജിക്കൊപ്പം കല്യാണം ഉണ്ടായിരുന്നു. ബിർള ഹൗസിലെ അവസാനകാലത്തെ താമസക്കാരൻ കൂടിയായിരുന്ന കല്യാണം. ഗാന്ധിജിയുടെ പൗത്രൻ രാജ്‌മോഹൻ ഗാന്ധിയുമായും പൗത്രി താരാഗാന്ധിയുമായും അദ്ദേഹം അടുപ്പം പുലർത്തിയിരുന്നു. കൃശഗാത്രനായ ആ മനുഷ്യൻ അടിമുടി ഗാന്ധിയുടെ വിശ്വസ്ത സഹചാരിയായിരുന്നു.