ഒറ്റപ്രസവത്തിൽ 25കാരി ജന്മം നൽകിയത് ഒൻപത് കുട്ടികൾക്ക്. ഹലിമ സിസെ എന്ന മാലി യുവതിയാണ് ഒറ്റ പ്രസവത്തിൽ ഒൻപത് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. മൊറോക്കയിൽ നടന്ന സിസേറിയനിലൂടെയാണ് ഒൻപത് കുട്ടികളെയും ഡോക്ടർമാർ പുറത്തെടുത്തത്. വലിയ വയറുമായി നടന്ന ഹാലിമയുടെ സ്‌കാൻ റിപ്പോർട്ടിൽ വയറ്റിൽ ഏഴ് കുഞ്ഞുങ്ങൾ ഉള്ളതായാണ് തെളിഞ്ഞത്. എന്നാൽ കഴിഞ്ഞ ദിവസം നടന്ന സിസേറിയനിലൂടെ ഒൻപത് കുട്ടികളെ ഡോക്ടർമാർ സുരക്ഷിതമായി പുറത്തെടുക്കുക ആയിരുന്നു.

അഞ്ചു പെൺകുട്ടികളും നാല് ആൺ കുട്ടികളും സുഖമായിരിക്കുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു. സ്‌കാനിങ്ങിൽ ഏഴ് കുട്ടികൾ ഉണ്ടെന്ന് തെളിഞ്ഞതോടെ യുവതിയുടെ ഗർഭം ലോക ശ്രദ്ധ നേടിയിരുന്നു. ഇതിനു ശേഷം അമ്മയുടേയും കുഞ്ഞുങ്ങളുടേയും സുരക്ഷയ്ക്ക് വേണ്ടി പ്രസവത്തിനായി മൊറോക്കോയിലേക്ക് താമസം മാറുക ആയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു യുവതിയുടെ വയറ്റിൽ നിന്നും സിസേറിയനിലൂടെ ഒൻപത് കുഞ്ഞുങ്ങളെ പുറത്തെടുത്തത്. അമ്മയും കുഞ്ഞുങ്ങളും സുഖമായി ഇരിക്കുന്നതായി മാലിയുടെ ആരോഗ്യ മന്ത്രി ഫാന്റാ സിബി വ്യക്തമാക്കി.

മാലിയിലും മൊറോക്കോയിലും നടത്തിയ അൾട്രാ സൗണ്ട് സ്‌കാനിൽ ഏഴ് കുട്ടികൾ മാത്രമാണ് തെളിഞ്ഞു വന്നത്. അതിനാൽ തന്നെ സിസേറിയനിലൂടെ കുട്ടികളെ പുറത്തെടുക്കും വരെ ഏഴ് കുട്ടികൾ മാത്രമാണ് വയറ്റിലുള്ളതെന്നാണ് ഡോക്ടർമാരും കുട്ടികളുടെ അമ്മയും കരുതിയത്. എന്നാൽ സന്തോഷം ഇരട്ടിയാക്കി രണ്ട് കുട്ടികളെ കൂടി ലഭിക്കുക ആയിരുന്നു. വളരെ അപൂർവ്വമായി മാത്രമാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ഡോക്ടർമാർ വ്യക്തമാക്കി.