ആലപ്പുഴ: നമ്പൂതിരിക്കഥയുമായി അമ്പലപ്പുഴ ഏരിയാ കമ്മറ്റി അംഗം ഇട്ട ഫേസ്‌ബുക്ക് പോസ്റ്റ് ജി. സുധാകരനെ ലക്ഷ്യമിട്ടെന്ന് ആരോപണം. വിജയികളെ അനുമോദിച്ച് മുന്മന്ത്രി ജി. സുധാകരൻ ഇട്ട ഫേസ്‌ബുക്ക് കുറിപ്പിനുപിന്നാലെ സിപിഎം. അമ്പലപ്പുഴ ഏരിയാകമ്മിറ്റി അംഗമിട്ട കുറിപ്പാണ് വിവാദമായത്. ജി. സുധാകരനെതിരേയാണ് ഈ കുറിപ്പെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നത്.

എ.പി. ഗുരുലാൽ എന്ന മുതിർന്ന ഏരിയാകമ്മിറ്റി അംഗമിട്ട കുറിപ്പ് ഇങ്ങനെ: ഒരു നമ്പൂതിരിക്കഥ- നമ്പൂതിരി അദ്ദേഹത്തിന്റെ പുരയിടത്തിൽ തേങ്ങയിടാൻ പോയി. പുരയിടം കുടികിടപ്പുകാരന്റെ മകൻ ഒരു തേങ്ങ എടുത്തുകൊണ്ടുപോയി. അതുകണ്ട നമ്പൂതിരി തേങ്ങ പിടിച്ചുവാങ്ങാൻ വേണ്ടി പയ്യന്റെ പിറകെ ഓടി. കുട്ടിയുടെ അത്രയുംവേഗത്തിൽ നമ്പൂതിരിക്ക് ഓടാൻ കഴിഞ്ഞില്ല. തേങ്ങ തിരിച്ചുവാങ്ങാൻ കഴിയില്ല എന്നുമനസ്സിലാക്കിയ നമ്പൂതിരി അവസാനം ആ കുട്ടിയോട് വിളിച്ചുപറഞ്ഞു- 'തേങ്ങ ഞാൻ തന്നുവിട്ടതാണെന്ന് അമ്മയോടു പറഞ്ഞേക്കണേ'.

വലതുപക്ഷ മണ്ഡലമായ അമ്പലപ്പുഴ തന്റെ വരവോടെയാണ് ഇടത്തേക്കുമാറിയതെന്ന് സുധാകരൻ പറഞ്ഞിരുന്നു. വലതുപക്ഷമണ്ഡലമാണ് അമ്പലപ്പുഴയെന്ന് ജി. സുധാകരൻ കൂടെക്കൂടെ പറയുന്നതിനെ കളിയാക്കി തിരഞ്ഞെടുപ്പുഫലം വന്നപ്പോൾ 'അമ്പലപ്പുഴ ഇടതുപക്ഷ മണ്ഡലമായേ' എന്ന പരാമർശവും സാമൂഹികമാധ്യമങ്ങളിൽ വന്നിരുന്നു.