ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം തരംഗം കൊടുങ്കാറ്റ് പോലെയാണ് ഇന്ത്യയിൽ ആഞ്ഞടിച്ചതെന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. മനുഷ്യരുടെ ജീവിതത്തിൽ ഈ കുഞ്ഞൻ വൈറസും ജനിതകവകഭേദങ്ങളും ഉണ്ടാക്കിയ ദുരിതങ്ങളും ദുരന്തങ്ങളും എത്രയോ. മുന്നിൽ വന്ന സകലതിനെയും കോവിഡ് 19 പിടികൂടിയതോടെ എത്ര മനുഷ്യരുടെ ജീവനുകളാണ് പൊലിഞ്ഞത്. ഈ മഹാമാരി വന്നില്ലായിരുന്നുവെങ്കിൽ ഇപ്പോഴും ഇവിടെ സന്തോഷത്തോടെ കഴിഞ്ഞുകൂടേണ്ടവർ. ഒന്നാം തരംഗത്തിലും നിരവധി സെലിബ്രിറ്റികളുടെ ജീവനുകൾ പൊലിഞ്ഞിരുന്നു. രണ്ടാം തരംഗത്തിന്റെ ആഘാതം കുറെക്കൂടി കടുപ്പമേറിയതാണ്.

ഇന്ന് പുലർച്ചെ ചെന്നൈയിൽ തമിഴ് നടൻ പാണ്ടു നമ്മളെ വിട്ടുപോയി. തിയേറ്ററുകളെ പൊട്ടിച്ചിരിപ്പിച്ച അദ്ദേഹത്തിന്റെ ഹാസ്യ നമ്പറുകൾ ഇനി ഓർമ മാത്രം. കോവിഡ് ബാധയെ തുടർന്നുള്ള സങ്കീർണതകളാണ് അദ്ദേഹത്തിന്റെ ജീവനെടുത്തത്. 74 വയസായിരുന്നു. ഭാര്യ കുമുദ. പ്രഭു, പഞ്ചു, പിന്റു എന്നിവരാണ് മക്കൾ. ഭാര്യ ഇപ്പോൾ കോവിഡിനോട് മല്ലിട്ട് ഐസിയുവിലാണ്. മാനവൻ, നടികർ, ഗില്ലി, അയ്യർ ഐപിഎസ്, പോക്കിരി, സിങ്കം തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

ഛിഛോരെ താരം ഹിന്ദി മറാത്തി അഭിനേത്രി അഭിലാഷ പാട്ടീലും കോവിഡ് അനുബന്ധ പ്രശ്‌നങ്ങളെത്തുടർന്നാണ് മരണത്തിനു കീഴടങ്ങിയത്. നിരവധി ഹിന്ദി മറാത്തി ചിത്രങ്ങളിൽ പ്രശസ്ത വേഷങ്ങൾ ചെയ്തു. മുംബൈയിലായിരുന്നു മരണം. 47 വയസായിരുന്നു. അമ്മയും, ഭർത്താവും മകനുമുണ്ട്. ബോളിവുഡ് ഹിറ്റുകളായ സുശാന്ത് സിങ് രാജ്പുത്തിന്റെ ഛിഛോരെ, ഗുഡ് ന്യൂസ്, ബദ്രിനാഥ് രി ദുൽഹനിയ എന്നിവയുടെ ഭാഗമായിരുന്നു.

കന്നഡ സംവിധായകൻ രേണുക ശർമ (81) അന്തരിച്ചു. കോവിഡ്, ന്യൂമോണിയ രോഗങ്ങൾ കലശലായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.

ബോളിവുഡ് എഡിറ്റർ അജയ് ശർമയും കോവിഡ് അനുബന്ധ പ്രശ്‌നങ്ങളെത്തുടർന്ന് ചൊവ്വാഴ്ച അന്തരിച്ചു. രണ്ടാഴ്ചയായി അത്യാസന്ന നിലയിൽ കഴിയുകയായിരുന്നു. ഭാര്യയും നാല് വയസ്സുള്ള മകനുമുണ്ട്. ജഗ്ഗ ജാസൂസ്, ലൂഡോ, കാർവാൻ എന്നീ സിനിമകളുടെയും ബന്ദിഷ് ബാൻഡിറ്റ്‌സ് എന്ന ഹിറ്റ് വെബ്‌സീരിസിന്റെയും എഡിറ്ററായിരുന്നു. തപ്‌സി പന്നുവിന്റെ രശ്മി റോക്കറ്റിൽ ജോലി ചെയ്യുന്നതിനിടെയാണ് മരണം.

90കളിലെ പ്രശസ്ത ഗാനരചയിതാവ് ശ്രാവൺ റാത്തോഡ് ഏപ്രിൽ 20ന് കോവിഡ് അനുബന്ധ പ്രശ്‌നങ്ങൾ മൂലം അന്തരിച്ചു. 66 വയസായിരുന്നു. ഇദ്ദേഹം കുംഭമേളയിൽ പങ്കെടുത്തിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ശ്രാവണും സുഹൃത്തും സഹപ്രവർത്തകനുമായ നദീം സെയ്ഫിക്കൊപ്പം 90 കളിലെ നിരവധി ഹിറ്റുകൾ രചിച്ചിരുന്നു. ഫൂൽ ഔർ കാണ്ഡ, സാജൻ എന്നിവ ചിലതുമാത്രം.

ബോളിവുഡ് താരം സതീഷ് കൗൾ ഏപ്രിൽ 10 നാണ് കോവിഡ് ബാധിച്ച് മരിച്ചത്. 1973 ലെ റൊമാന്റിക് ഫിലിും പ്രേം പർഭത്, മഹാഭാരതം സീരിയലിലെ ഇന്ദ്ര വേഷം എന്നിവയിലൂടെ പ്രശസ്തൻ.

ടിവി താരം ബിക്രംജീത് കൻവാർപാൽ (52) മെയ്‌ 1ന് കോവിഡ് അനുബന്ധ പ്രശ്‌നങ്ങൾമൂലം മരിച്ചു. ദൂരദർശൻ അവതാരക കാനുപ്രിയ കോവിഡ് മൂലം അന്തരിച്ചു.ചേരൻ സംവിധാനം ചെയ്ത ഓട്ടോഗ്രാഫ് എന്ന ചിത്രത്തിലെ 'ഊവ്വൊരു പൂക്കളുമേ' എന്ന ഗാനരംഗത്തിൽ അഭിനയിച്ച ഗായകൻ കോമാങ്കൻ കോവിഡ് ബാധിച്ച് അന്തരിച്ചു. ഏതാനും ദിവസം മുൻപാണ് കോവിഡ് സ്ഥിരീകരിച്ചത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കോമാങ്കൻ വ്യാഴാഴ്ച പുലർച്ചെയാണ് മരിച്ചത്. ജന്മനാ അന്ധനായ ഇദ്ദേഹം കാഴ്ചയില്ലാത്ത ഗായകരെ സംഘടിപ്പിക്കുന്നതിനു നേതൃത്വം നൽകിയിരുന്നു.

തമിഴ് സംവിധാകൻ താമിര (55) ഏപ്രിൽ 27 ന് കോവിഡ് ബാധിച്ച് അന്തരിച്ചു. കോവിഡ് ബാധിതനായിരുന്നു. സംവിധായകരായ കെ.ബാലചന്ദറിന്റെയും ഭാരതിരാജയുടെയും അസിസ്റ്റന്റായിരുന്ന താമിര ആൺ ദേവതൈ, രെട്ട സുഴി എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. രെട്ട സുഴിയിൽ ബാലചന്ദറെയും ഭാരതിരാജയെയും ഒന്നിച്ച് അഭിനയിപ്പിച്ച് ശ്രദ്ധ നേടിയിരുന്നു. മൂന്നാമത്തെ ചിത്രത്തിന്റെ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയായിരുന്നു അന്ത്യം.

കന്നഡ സിനിമാ നിർമ്മാതാവായ രാമു തിങ്കളാഴ്ച അന്തരിച്ചു. രാമു എന്റർപ്രൈസസ് ബാനറിൽ 30 ചിത്രങ്ങൾ നിർമ്മിച്ചു. സൂപ്പർതാരം മാലശ്രീയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്.

കിഷോർ നന്ദൽസർക്കാർ. സിങ്കം, വാസ്തവ് എന്നിവയടക്കം-ബോളിവുഡ് -മറാത്തി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള കിഷോർ നന്ദൽ സർക്കാർ 81 ാം വയസിൽ താനെയിൽ അന്തരിച്ചു.

ഞായറാഴ്ചയാണ് ഹിന്ദുസ്ഥാനി സംഗീത വിദ്വാൻ പത്മഭൂഷൺ പണ്ഡിറ്റ് രാജൻ മിശ്ര ഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് ആശുപത്രിയിൽ അന്തരിച്ചത്. അദ്ദേഹത്തിന് വെന്റിലേറ്റർ സൗകര്യം ഒരുക്കാൻ കുടുംബാംഗങ്ങളും, സുഹൃത്തുക്കളും സോഷ്യൽ മീഡിയയിൽ അടിയന്തര സന്ദേശങ്ങൾ അയച്ചിരുന്നു. 70 വയസായിരുന്നു. രണ്ടാഴ്്ച മുമ്പ് ആദ്യ ഡോസ് വാക്‌സിനും എടുത്തിരുന്നു.2007ലാണ് അദ്ദേഹത്തെ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചത്

സജൻ മ്യൂസിക്കൽ ഗ്രൂപ്പ് അംഗമായ രാജൻ മിശ്ര വിദേശത്ത് 1978ൽ ശ്രീലങ്കയിൽ തന്റെ ആദ്യ സംഗീതക്കച്ചേരി നടത്തിയ ശേഷം ജർമനി, ഫ്രാൻസ്, സ്വിറ്റ്സർലൻഡ്, ഓസ്ട്രിയ, അമേരിക്ക, യുകെ, നെതർലാന്റ്സ്, റഷ്യ, സിംഗപ്പൂർ, ഖത്തർ, ബംഗ്ലാദേശ് എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളിൽ ക്കച്ചേരി അദ്ദേഹം അവതരിപ്പിച്ചു.

രാജൻ മിശ്രയും സജൻ മിശ്രയും ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിലെ ഖയാൽ ശൈലിയിൽ സഹോദര ഗായകരാണ്. ഇരുവരും ലോകപ്രശസ്തരാണ്. ഇദ്ദേഹത്തിന്റെ ''ഭൈരവ് സേ ഭൈരവി തക്'', ''ഭക്തിമല'', ''ദുർഗതി നാഷിനി ദുർഗ'', ''ആരതി കിജായ് ഹനുമാൻ ലാല കി'' തുടങ്ങിയ പ്രസിദ്ധമാണ്.

ഒന്നാം തരംഗത്തിൽ പൊലിഞ്ഞവർ

കോവിഡ് പോസിറ്റീവായി ഒന്നാം തരംഗത്തിനിടെ വിടപറഞ്ഞവരിൽ പ്രമുഖർ മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയും, ഗായകൻ എസ്‌പി ബാലസുബ്രഹ്മണ്യവുമാണ്. പ്രണബ് മുഖർജി തിരുവോണ ദിവസമായ 2020, ഓഗസ്റ്റ് 31 നാണ് അന്തരിച്ചത്. എസ്‌പിബി, 2020 സെപ്റ്റംബർ 25 നും.