- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമൂഹമാധ്യമങ്ങളിലെ ദത്തെടുക്കൽ വാർത്തകൾ വ്യാജം; കരുതിയിരിക്കണമെന്ന് കേന്ദ്ര നിർദ്ദേശം
കൊച്ചി: കോവിഡ് ബാധിച്ചു മരിച്ച ദമ്പതികളുടെ മക്കളെ ദത്തെടുക്കാൻ ആളെ ആവശ്യമുണ്ട്. താത്പര്യമുള്ളവർക്ക് ബന്ധപ്പെടാമെന്ന രീതിയിൽ ഫോൺ നമ്പർ സഹിതം സോഷ്യൽ മീഡിയയിൽ സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ട്. ഈ സന്ദേശങ്ങൾ വ്യാജമാണന്നും കരുതിയിരിക്കണമെന്നും കേന്ദ്ര നിർദ്ദേശം. നൽകിയിരിക്കുന്ന ഫോൺ നമ്പറുകൾ യഥാർത്ഥമല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. കോവിഡിൽ ഒറ്റപ്പെട്ടുപോകുന്ന കുഞ്ഞുങ്ങളെ ആർക്കുവേണമെങ്കിലും ദത്തെടുക്കാമെന്ന തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശമാണ് ഇങ്ങനെ പ്രചരിപ്പിക്കപ്പെടുന്നത്.
'രണ്ടു വയസ്സുള്ള കുഞ്ഞാണ്. അച്ഛനും അമ്മയും കോവിഡ് ബാധിച്ച് മരിച്ചു. കുഞ്ഞിനെ ദത്തെടുക്കാൻ താത്പര്യമുള്ളവർക്ക് ബന്ധപ്പെടാം'. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന സന്ദേശമാണിത്. സമാന രീതിയിൽ പല പ്രായത്തിലുള്ള കുട്ടികളുടെ കാര്യം പറഞ്ഞ് സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ട്.
ഇത്തരം വ്യാജ സന്ദേശങ്ങൾക്കെതിരേ അതത് സംസ്ഥാനങ്ങൾ ബോധവത്കരണം നടത്തണമെന്ന് കേന്ദ്ര നിർദേശമുണ്ട്. ഇത്തരം സന്ദേശങ്ങൾക്കെതിരേ വനിതാ ശിശുവികസന വകുപ്പ് കേരളത്തിൽ സോഷ്യൽ മീഡിയ കാമ്പയിൻ തുടങ്ങിയിട്ടുണ്ട്.
കോവിഡ് സാഹചര്യത്തിൽ കുട്ടികൾ സഹായത്തിനായി അധികൃതരെ ബന്ധപ്പെടുന്നുണ്ട്. വീട്ടിലെ വഴക്ക്, രക്ഷിതാക്കളുടെ മദ്യപാനം തുടങ്ങി സാമ്പത്തിക പ്രതിസന്ധി വരെ പരാതികളിലുണ്ട്. എന്നാൽ, അനധികൃത ദത്ത് നൽകലൊന്നും ഇതുവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് അധികൃതർ പറയുന്നു. കുട്ടികളുടെ അനധികൃത കൈമാറ്റം ശിക്ഷാർഹമാണ്. ദത്തെടുക്കുന്നതിന് നിയമപരമായ മാർഗങ്ങളുണ്ട്.
ചെയ്യേണ്ടത് ഇങ്ങനെ
കോവിഡ് മൂലമോ അല്ലാതെയോ മാതാപിതാക്കളെ നഷ്ടപ്പെട്ട, ഒറ്റപ്പെട്ടു പോയ ഒരു കുഞ്ഞ് പരിചയത്തിലുണ്ടോ. ദത്ത് നൽകാൻ ആളെ കണ്ടെത്തുകയല്ല ശരിയായ നടപടി. വിഷയം ബന്ധപ്പെട്ട അധികൃതരെ അറിയിക്കണം. 1098 എന്ന നമ്പറിൽ ചൈൽഡ് ലൈനിൽ ബന്ധപ്പെടാം.