മക്ക: ഇസ്ലാം മതവിശ്വാസികളുടെ പുണ്യ തീർത്ഥാടന കേന്ദ്രമായ മക്കയിലെ കഅബയുടെ പുറത്ത് ഒരു മൂലയിൽ സ്ഥാപിച്ചിരിക്കുന്ന അതിപുരാതനമായ ഒരു കറുത്ത കല്ലാണ് ഹജറുൽ അസ്വദ്. അല്ലാഹുവിനെ ആരാധിക്കുവാനായി മനുഷ്യൻ ഭൂമിയിൽ സ്ഥാപിച്ച ആദ്യത്തെ മന്ദിരമാണ് ഇവിടത്തേത്.

അതിന്റെ ആരംഭകാലം മുതൽ തന്നെ ഏകദൈവാരാധനയ്ക്ക് സാക്ഷ്യം വഹിച്ച ഒന്നാണ് ഹജുറൽ അസ്വദ്. കഅബ പ്രദക്ഷിണ സമയം നിശ്ചയിക്കുന്നതിനുള്ള അടയാളമായി പ്രവാചകൻ ഇതിനെയാണ് ഉപയോഗിച്ചിരുന്നത് എന്നും വിശ്വസിക്കപ്പെടുന്നു. ഇതിനെ ചുംബിക്കുകയോ, സ്പർശിച്ച് മുത്തം വയ്ക്കുകയോ, ചുരുങ്ങിയപക്ഷം കൈകൊണ്ട് അതിനു നേരെ ആംഗ്യം കാണിക്കുകയോ ചെയ്തിട്ടുവേണം തവാഫ് ആരംഭിക്കേണ്ടത്.

പരിശുദ്ധ മെക്കയിലെ കഅബയിലുള്ള ഈ അതിപുരാതന ശിലയ്ക്ക് ഇസ്ലാം മത വിശ്വാസവുമായി അത്ര അഭേദ്യമായ ബന്ധമാണുള്ളത്. ഈ ശിലയുടെ ചിത്രങ്ങൾ ഇതാദ്യമായി പ്രസിദ്ധപ്പെടുത്തിയിരിക്കുകയാണ് സൗദി അറേബ്യ. സൗദിയിലെ ഗ്രാൻഡ് മോസ്‌ക് അഫയേഴ്സ് ജനറൽ പ്രസിഡൻസിയാണ് ഈ ചിത്രം പുറത്തുവിട്ടിരിക്കുന്നത്. ഇതിന്റെ 1,050 ചിത്രങ്ങൾ, വിവിധ കോണുകളിൽ നിന്നായി എടുക്കാൻ മാത്രം ഏകദേശം ഏഴു മണിക്കൂറുകൾ എടുത്തു എന്നാണ് ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പിന്നീട് ഇത് ഡെവലപ് ചെയ്യുവാനും മറ്റുമായി 50 മണീക്കൂർ എടുത്തുവത്രെ.

ആദമിന്റെയും ഹവ്വയുടെയും കാലത്തോളം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഈ ശിലാരൂപം മെക്കയിലെ ഗ്രാൻഡ് മോസ്‌കിലുള്ള കഅബയുടെ കിഴക്കേ മൂലയിലായാണ് സ്ഥിതിചെയ്യുന്നത്. കിസ്തുവർഷം 605-ലാണ് പ്രവാചകനായ മുഹമ്മദ് നബി ഈ ശിലാരൂപം കെട്ടിടത്തിന്റെ ചുമരിനോട് ചേർന്ന് സ്ഥാപിച്ചതെന്നാണ് പൊതുവെ കരുതപ്പെടുന്നത്. അതിനുശേഷം പലപ്പോഴായി ഇത് ഉടഞ്ഞിട്ടുണ്ടെങ്കിലും ഇത് പഴയരൂപത്തിലാക്കി വെള്ളികെട്ടി കഅബയുടെ വശത്ത് സൂക്ഷിച്ചിരിക്കുകയാണ്.

വ്യത്യസ്ത ഫോക്കസുകളിൽ എടുക്കുന്ന വിവിധ ചിത്രങ്ങൾ ഒന്നിച്ചു ചേർക്കുന്ന ഫോക്കസ് സ്റ്റേക്കിങ് എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ ചിത്രം എടുത്തിരിക്കുന്നത് എന്ന് സി എൻ എൻ റിപ്പോർട്ട് ചെയ്യുന്നു. കറുത്ത ശില എന്നാണ് അറിയപ്പെടുന്നതെങ്കിലും ചുവപ്പുകലർന്ന തവിട്ടുനിറമാണ് ഇപ്പോൾ ഈ കല്ലിനുള്ളത്. ഇടയ്ക്കിടയ്ക്ക് ചാരനിറത്തിലുള്ള ഭാഗങ്ങളും ഉണ്ട്.

ചരിത്രത്തിൽ ഇതാദ്യമായാണ് ഈ രൂപത്തിന്റെ ചിത്രം പ്രസിദ്ധപ്പെടുത്തുന്നത് എന്നതിനാൽ ഇത് ഒരുപാട് പ്രാധാന്യം അർഹിക്കുന്ന ഒരു നടപടിയാണെന്നാണ് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ഇസ്ലാമിക പഠനവിഭാഗത്തിലെ ഒരു അദ്ധ്യാപകൻ പ്രതികരിച്ചത്. എല്ലാവരും പറയുന്നതുപോലെ ഇതൊരു കറുത്ത കല്ലല്ലെന്ന് താൻ അറിയുന്നത് ഇപ്പോഴാണ് എന്നും അദ്ദേഹം പറഞ്ഞു.