രണ്ടാം സ്വാതന്ത്ര്യസമരത്തിന് ആഹ്വാനവുമായി ദേശീയ കർഷക സമരം മൂന്നാം ഘട്ടത്തിലേക്ക് കടക്കവേ ഐക്യദാർഢ്യസമ്മേളനം ഓൺലൈൻ സൂം മീറ്റിംഗിൽ മെയ് 10ന് വൈകിട്ട് 6 മണിക്ക് 10000 വീടുകളിൽ രണ്ടാം സ്വാതന്ത്ര്യസമരജ്വാല തെളിക്കുന്നു.

കോർപ്പറേറ്റ് ഫാസിസത്തിന് ഇന്ത്യയിലെ കൃഷിയെയും കൃഷിയിടങ്ങളെയും വിറ്റുതുലക്കാനായി കഴിഞ്ഞ ലോക് ഡൗൺ കാലത്ത് പാർലമെന്റിന്റെ ഭരണഘടനാവകാശങ്ങളെപോലും മറികടന്ന് നിയമമാക്കിയ 3 കാർഷികബന്ധ നിയമങ്ങൾ സമ്പുർണമായി റദ്ദ് ചെയ്യണമെന്ന് ഇന്ത്യയിലെ കർഷകരും ബഹുജനങ്ങളും ഒന്നടങ്കം നരേന്ദ്ര മോദി സർക്കാരിനോട് ആവശ്യപ്പെടുന്നു. അഞ്ച് മാസത്തിലേറെയായി ലക്ഷക്കണക്കിന് കർഷകരും തൊഴിലാളികളും ഡൽഹിയിലേക്കുള്ള മൂന്ന് ദേശീയ പാതകളും ഉപരോധിച്ചുകൊണ്ടുള്ള സമരം ഇന്നും ശക്തമായി തുടരുന്നു. കടുത്ത വിപരീത കാലാവസ്ഥയേയും കേന്ദ്രസർക്കാരിന്റെയും പൊലീസിന്റെയും അവരുടെ കൂലിഗുണ്ടകളുടേയും എല്ലാ വിധ മർദ്ദനങ്ങളേയും ധീരമായി അതിജീവിച്ച് സമരം സ്വതന്ത്രഇന്ത്യയുടെ സമരചരിത്രത്തിൽ തിളങ്ങി നിൽക്കുന്നു.

സമരത്തിന് ഒപ്പം ചേർന്നും ഐക്യം പ്രഖ്യാപിച്ചും ഇന്ത്യയിലെ ഗ്രാമങ്ങൾ മുതൽ വിദേശ രാജ്യങ്ങൾ വരെ മറ്റൊരു ചരിത്രം നിർമ്മിക്കുന്നു. എല്ലാവരും ഒന്നിച്ചു ചോദിക്കുന്നു, കർഷകർക്കും ജനങ്ങൾക്കും രാജ്യത്തിനും വേണ്ടാത്ത കർഷക കരിനിയമം പിന്നെ ആർക്കുവേണ്ടി ?

പതിനൊന്നു തവണ സർക്കാർ ടേബിളിനുമുമ്പിൽ സമരനേതാക്കൾ ചർചക്ക് എത്തി, ഒരേ ഒരാവശ്യവുമായി ''കർഷക നിയമം റദ്ദ് ചെയ്യുക''. കർഷക നിയമം പിൻവലിക്കുന്നതൊഴികെ മറ്റെന്തിനും സമ്മതമെന്ന് സർക്കാർ. സുപ്രീംകോടതി വളരെ താഴ്മയോടെയെങ്കിലും കേന്ദ്രത്തോട് ആവർത്തിച്ചുചോദിച്ചു, ബിൽ പിൻവലിച്ചു കൂടേയെന്ന്. ഒന്നര വർഷത്തേക്ക് നിയമം നടപ്പാക്കരുതെന്ന് സുപ്രീം കോടതി നിഷ്‌കർഷിച്ചു. ഇത്രയൊക്കെയായിട്ടും നരേന്ദ്ര മോദിയെന്ന കോർപ്പറേറ്റ് ഏജന്റ് നാവനക്കിയില്ല. കാരണം ആ നാവുകൾ അദാനിയുടെ കോടികൾ കൊണ്ട് ബന്ധിക്കപ്പെട്ടിരിക്കുന്നു.

ഇന്ത്യൻ സമരചരിത്രത്തിലാദ്യമായി കർഷകർ ഇന്ത്യൻജനതയുടെ യഥാർത്ഥ ശത്രുവിനെ തിരിച്ചറിഞ്ഞു. ദേശാഭിമാനികളായ ഇന്ത്യൻ കർഷകരാൽ അദാനിമാരുടെയും അംബാനിമാരുടെയും കോർപ്പറേറ്റ് സ്ഥാപനങ്ങൾ ഒന്നൊന്നായി തകർക്കപെട്ടു. ഇപ്പോഴും സർക്കാരിന് ഒരേ ഒരു ലക്ഷ്യം മാത്രം, കർഷക സമരം എങ്ങിനെയും തകർക്കപ്പെടണം. രണ്ടാം കോവിഡ് വ്യാപനത്തേയും സർക്കാർ അതിനായി ദുരുപയോഗിക്കുന്നു.

സാമ്രാജ്യത്വ - ഫാസിസ്റ്റ് അധീശത്വത്തിൽ നിന്നുള്ള രാജ്യത്തിന്റെ മോചനത്തിന് ഒരു രണ്ടാം സ്വാതന്ത്ര്യസമരം എന്നതിലേക്ക് രാജ്യം ഉണരണമെന്ന് സമരം ആഹ്വാനം ചെയ്യുന്നു. മെയ് 10ന് പാർലമെന്റ് മാർച്ച് അടക്കം എല്ലാ സമരങ്ങൾക്കും അനുമതി നിഷേധിക്കപ്പെട്ടിരിക്കുന്നു.

എന്നാൽ സമരം എല്ലാ വിലക്കുകളേയും അതിജീവിക്കുകയാണ്. കേരളം ദേശീയ സമരത്തിന് ഒപ്പമെന്ന് പ്രോഗ്രസീവ് പൊളിറ്റിക്കൽ ഫ്രണ്ട് പ്രഖ്യാപിക്കുന്നു.