മെയ് അഞ്ചിന് ഇന്ത്യയിലെ പരമോന്നത നീതിപീഠം സോഷ്യൽ ആൻഡ് എക്കണോമിക് ബാക്ക് വേർഡ് കമ്യൂണിറ്റി (DEBC) സംവരണം സംബന്ധിച്ച് വളരെ സുപ്രധാനമായ നിരീക്ഷണവും വിധിന്യായവും ആണ് പുറപ്പെടുവിച്ചത്. 1962ലെ ബാലാജികേസിലും 1992ലെ ഇന്ദ്രാസാഹ്നി കേസിലും (മണ്ഡൽ കേസ്) സംവരണം 50%ൽ കൂടാൻപാടില്ലെന്ന ഡിവിഷൻബെഞ്ചിന്റെയും ഭരണഘടനാബെഞ്ചിന്റെയും വിധി ഈ സുപ്രധാന വിധിയിലുടെ ആവർത്തിച്ച് ഉറപ്പിക്കുകയും ചെയ്തു.

കേന്ദ്ര ഗവൺമെന്റ് 2018ൽ അംഗീകരിച്ച 103 - ആം ഭരണഘടന ഭേദഗതിയിലൂടെ 50% സാമുദായിക സംവരണത്തിന് പുറമെയുള്ള സാമ്പത്തിക സംവരണവും മഹാരാഷ്ട്രയിൽ മറാത്താ വിഭാഗത്തിന് നൽകിയ 16% അധികസംവരണവും കേരളത്തിൽ മുന്നാക്കവിഭാഗത്തിലെ പിന്നാക്ക മേഖലയിൽ അംഗീകരിച്ച 10% അധികസംവരണവും ഈ വിധിയിലുടെ റദ്ദാക്കപ്പെടുകയാണുണ്ടായത്. എന്നാൽ ഭരണഘടന 102 ഭേദഗതി ചെയ്ത് പിന്നാക്കവിഭാഗത്തെ നിശ്ചയിക്കാനുള്ള രാഷ്ട്രപതിയുടെ അധികാരം ശരിവക്കുകയും ചെയ്തു. പിന്നാക്കവിഭാഗത്തെ നിശ്ചിയിക്കാനുള്ള സംസ്ഥാനസർക്കാരുകളുടെ അധികാരത്തെ പക്ഷേ കോടതി അഞ്ചിൽ മൂന്നിന്റെ ഭൂരിപക്ഷത്തിൽ തള്ളുകയും ചെയ്തു.

സുപ്രീംകോടതി ഈ വിധിയിലൂടെ ചോദ്യംചെയ്തത് ഓരോരോ സമയത്തും അധികാരകേന്ദ്രങ്ങൾ തങ്ങളുടെ വോട്ട് ബാങ്ക് ഉറപ്പിക്കാനായി പിന്നോക്കവിഭാഗത്തെ നിശ്ചിക്കുന്ന, അത് തന്നെ 50% സംവരണത്തെ മറികടന്ന് അധികമായി നിശ്ചയിക്കുന്ന അധികാരരാഷ്ടീയത്തിന്റെ കുൽസിത ബുദ്ധിയെയാണ്. ഇത് തുല്യതയുമായി ബന്ധപ്പെട്ട ഭരണഘടനയുടെ 14, 15 വകുപ്പുകൾക്കെതിരാണെന്നും കോടതി നിരീക്ഷിച്ചു. കാരണം ഇത് ദോഷകരമായി ബാധിക്കുന്നത് 50% സംവരണത്തിൽ ഉൾപെട്ട പിന്നോക്കക്കാരേയാണ്.

സംവരണം എന്നപ്രശ്‌നം ഉദിച്ചത് തന്നെ ജാതി-ജന്മി മേധാവിത്വത്തിന്റെ ഫലമായി ഒരുവിഭാഗം ജനങ്ങൾ അനുഭവിച്ചുവരുന്ന സാമൂഹ്യ പിന്നാക്കാവസ്ഥയാണ്. ഈ പിന്നാക്കാവസ്ഥ സംവരണം കൊണ്ട് മാത്രം മാറില്ല. സംവരണം ഈ വിഭാഗങ്ങൾക്ക് ഒരാശ്വാസ നടപടിയാണങ്കിലും ജാതി- ജന്മി മേധാവിത്വം അവസാനിപ്പിക്കാതെ ഈ വിവേചനം മാറില്ല. ഇപ്പോൾ വിഷയമായിരിക്കുന്ന മറാത്താ സംവരണം ഒരുപ്രദേശത്തിന്റെ പിന്നാക്കാവസ്ഥയിൽ നിന്ന് ഉയർന്നു വന്നതാണ്. മുതലാളിത്ത വികസനം സൃഷ്ടിക്കുന്ന അസമമായ വികസനവും ചൂഷണവും പല പ്രദേശങ്ങളേയും വിഭാഗങ്ങളേയും പിന്നോട്ടുതള്ളുന്നു. ഈ ദുരിതങ്ങളിൽ നിന്ന് രക്ഷനേടാൻ പലതരം സ്വത്വബോധങ്ങളും സംവരണംപോലുള്ള പ്രത്യേക പരിരക്ഷയ്ക്കുവേണ്ടിയുള്ള മുദ്രാവാക്യങ്ങളും ഉയർന്നുവരും. ഇത്തരം സന്ദർഭങ്ങളിൽ ദുരിതമനുഭവിക്കുന്ന വിഭാഗങ്ങളോടൊപ്പം ചേർന്നുനിന്ന് ദുരിതപരിഹാരത്തിനു് ശ്രമിക്കുമ്പോൾ തന്നെ ജാതി-ജന്മി മേധാവിത്വവും ചൂഷണാധിഷ്ടിത മുതലാളിത്ത വ്യവസ്ഥയും മാറാതെ ഈ പിന്നാക്കാവസ്ഥയും ദുരിതങ്ങളും മാറില്ലന്നും അതിനു് ദുരിതമനുഭവിക്കുന്നവരുടെയാകെ ഐക്യവും സമരവുമാണ് പ്രധാനമെന്നും ഉള്ള തിരിച്ചറിവ് ഉണ്ടാകേണ്ടതുണ്ട്.

കേരളത്തിൽ ഒന്നാം പിണറായി ഗവൺമെന്റ് തുടർഭരണമെന്ന ലക്ഷ്യം മുന്നിൽകണ്ട് എല്ലാവിധ സാമുദായിക വർഗീയകക്ഷികളെയും ഏത് വിധേനയും പ്രീണിപ്പിച്ച് വരുതിയിൽനിർത്താനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് സാമ്പത്തികസംവരണമെന്ന പേരിൽ മുന്നോക്കക്കാർക്ക് (സാക്ഷാൽ എൻ എസ് എസിന്) സംവരണം കൊണ്ടുവന്നത്. ഇടത് രാഷ്ട്രീയത്തിലെ വർഗ വിവേചനത്തിനെതിരെയുള്ള പോരാട്ടങ്ങളെ ആകെ കയ്യൊഴിഞ്ഞ് വർഗീയതയുടെ മറ്റൊരു മുഖമായ സാമുദായികതയെ അപ്രകാരം പിണറായിസർക്കാർ അംഗീകരിക്കുകയായിരുന്നു. കേരളത്തിന്റെ നവോത്ഥാന-മതേതര മനസ്സിൽ ഇപ്രകാരം സാമൂദായികസ്പർദ്ധ വളർത്തിയത്തിന്റെ ആത്യന്തികഗുണം ലഭിക്കുന്നത് ഭൂരിപക്ഷ വരേണ്യ പക്ഷത്തിനാണെന്നും അവരുടെ പതാകാവാഹകരായ ബിജെപിക്കാണെന്നും ഇനിയും തിരിച്ചറിയാനാകത്തതാണ് കേരളത്തിന്റെ വലിയ നഷ്ടവും.

ആ അർത്ഥത്തിൽ സുപ്രീംകോടതി വിധി പിണറായി സർക്കാരിനേറ്റ കനത്ത ആഘാതവും മതേതര നവോത്ഥാന മൂല്യങ്ങൾക്ക് ലഭിച്ച സമാശ്വാസവുമാണെന്നും വിധി അനുസരിച്ചു ഉടൻതന്നെ മുന്നാക്ക സംവരണം റദ്ദു ചെയ്യണമെന്നും പ്രോഗ്രസീവ് പൊളിറ്റിക്കൽ ഫ്രണ്ട് ആവശ്യപ്പെടുന്നു.