നാട്ടിൽ ഇറങ്ങിയാൽ ആക്രമണം അഴിച്ചു വിടുമെങ്കിലും ബുദ്ധിരാക്ഷസന്മാരാണ് ആനകൾ. പൊതുവേ ഭക്ഷണം തേടി നാട്ടിലെത്തുന്ന കാട്ടാനകൾ ചില്ലറ നാശനഷ്ടങ്ങളല്ല ഉണ്ടാക്കുക. എന്നാൽ തങ്ങളുടെത് വലിയ മനസ്സാണെന്ന് തെളിയിച്ചിരിക്കുകയാണ് കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ ഒരു വാഴ തോട്ടത്തിലെത്തിയ ആനകൾ. കാട്ടാനകളിറങ്ങിയ കൃഷിഭൂമിയിൽ പിന്നെ ഒന്നും അവശേഷിക്കാറില്ല. എന്നാൽ കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ ഒരു വാഴാത്തോട്ടത്തിലെത്തിയ കാട്ടാനക്കൂട്ടം മടങ്ങിയത് കുലച്ചു നിൽക്കുന്ന ഒരു വാഴ മാത്രം ബാക്കിയാക്കിയാണ്.

ഇതിന്റെ കാരണം കണ്ടെത്തിയപ്പോഴാണ് ഗ്രാമവാസികൾ അമ്പരന്നത്. കൃഷിയിടം മുഴുവൻ ചവിട്ടിമെതിച്ച കാട്ടാനകൾ ആ വാഴ മാത്രം തൊടാതിരുന്നത് അതിൽ ഒരു കിളിക്കൂടും പറക്കമുറ്റാത്ത കിളിക്കുഞ്ഞുങ്ങളും ഉണ്ടായതിനാലാണെന്ന് മനസ്സിലായത്. പ്രദേശവാസികളാണ് വാഴക്കുലയിൽ കൂടു കൂട്ടിയിരിക്കുന്ന പക്ഷിക്കുഞ്ഞുങ്ങളുടെ ദൃശ്യം പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. കിളിക്കുഞ്ഞുങ്ങൾ അപകടം സംഭവിക്കാതിരിക്കാനാണ് ആ വാഴയിൽ തൊടാതെ മറ്റെല്ലാം പിഴുതെറിഞ്ഞും ഭക്ഷിച്ചും കാട്ടാനക്കൂട്ടം കടന്നുപോയത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്.