കേവല ഭൂരിപക്ഷത്തിന് ഒരു സീറ്റുമാത്രം കുറവ് എന്ന നിലയിൽ എത്തിയതോടെ സ്‌കോട്ട്ലാൻഡിൽ സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാർട്ടിക്ക് ഭരണത്തുടർച്ച ഉണ്ടാകുമെന്ന് ഉറപ്പായിരിക്കുന്നു. ബ്രിട്ടനുമായി ചേർന്ന് കോവിഡിനെതിരെ പടപൊരുതണമെന്ന് വിജയത്തിൽ അഭിനന്ദിച്ചുകൊണ്ട് ബ്രിട്ടീഷ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. എന്നാൽ, ഓടുന്ന പട്ടിക്ക് ഒരുമുഴം മുൻപേയുള്ള ഏറായി ഈ പ്രസ്താവനയെ അവഗണിച്ച നിക്കോള സ്റ്റർജൻ സ്വതന്ത്ര സ്വിറ്റ്സർലാൻഡിനായി റഫറൻഡം വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നതായി പറഞ്ഞു.

അതേസമയം, ബ്രിട്ടീഷ് ജനതയുടെ ഒത്തൊരുമിച്ചുള്ള പോരാട്ടത്തിന്റെ വിജയമാണ് കോവിഡിനെതിരെയുള്ള യുദ്ധത്തിൽ കണ്ടത് എന്ന് പറഞ്ഞ ബോറിസ് ജോൺസൺ കോവിഡിനെതിരെയുള്ള പ്രവർത്തനങ്ങൾ വിശകലനം ചെയ്യുന്നതിനും ചർച്ച ചെയ്യുന്നതിനുമായുള്ള ഉച്ചകോടിയിലേക്ക് വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലെ ഫസ്റ്റ് മിനിസ്റ്റർമാർക്കൊപ്പം സ്‌കോട്ട്ലാൻഡ് ഫസ്റ്റ് മിനിസ്റ്ററേയും ക്ഷണിച്ചിട്ടുണ്ട്. എന്നാൽ, റെഫറണ്ടത്തിനെതിരെ മുഖം തിരിച്ചു നിൽക്കുന്ന ബോറിസ് ജോൺസന്റെ നടപടിയെ കടുത്ത ഭാഷയിൽ വിമർശിക്കുകയാണ് നിക്കോള സ്റ്റർജൻ.

എന്നാൽ, സ്‌കോട്ടിഷ് പാർലമെന്റായ ഹോളിറൂഡിൽ നിക്കോള സ്റ്റർജന്റെ സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാർട്ടിക് കേവല ഭൂരിപക്ഷമില്ല എന്നത് ബോറിസ് ജോൺസന് ആശ്വാസം പകരുന്ന കാര്യമാണ്. ഭൂരിപക്ഷത്തിന് 65 സീറ്റുകൾ ആവശ്യമുള്ളപ്പോൾ എസ് എൻ പി ക്ക് കിട്ടിയത് 64 സീറ്റുകൾ മാത്രമാണ്. കൺസർവേറ്റീവ് പാർട്ടിക്ക് 31 സീറ്റുകളും ലേബർ പാർട്ടിക്ക് 22 സീറ്റുകളും ഗ്രീൻസിന് 8 സീറ്റുകളും ലിബറൽ ഡെമോക്രാറ്റുകൾക്ക് 4 സീറ്റും ലഭിച്ചു.

ഗ്രീൻസിന്റെ സ്ഥാനാർത്ഥികളും, സ്‌കോട്ട്ലൻഡ് ബ്രിട്ടനിൽ തുടരണമോ എന്നറിയാൻ റഫറണ്ടം ആവശ്യപ്പെട്ടുകൊണ്ടാണ് മത്സരിച്ചത് എന്നതിനാൽ, ഇക്കാര്യത്തിൽ അവർ സ്റ്റർജനെ പിന്തുണയ്ക്കും എന്നതിൽ സംശയമില്ല. ഏറ്റവും അവസാന അഭിപ്രായ സർവ്വേകളിൽ ബ്രിട്ടനിൽ തുടരണമെന്ന് ആഗ്രഹിക്കുന്നവരും, സ്വതന്ത്ര സ്‌കോട്ട്ലാൻഡിനായി നിൽക്കുന്നവരും 50 ശതമാനം വീതമാണ്.

ഇംഗ്ലണ്ടിൽ കൺസർവേറ്റീവ് പാർട്ടി വ്യക്തമായ മേൽക്കൈ നേടിയപ്പോഴും സ്‌കോട്ട്ലാൻഡിലെ എസ് എൻ പിയുടെ വിജയം ആശങ്കയുളവാക്കുന്നതാണെന്നാണ് പല രാഷ്ട്രീയ നിരീക്ഷകരും പറയുന്നത്. ബ്രിട്ടൻ ശിഥിലീകരിക്കപ്പെടാൻ പോലും ഈയൊരു വിജയം കാരണമായേക്കാം എന്നവർ പറയുന്നു. സ്വാതന്ത്ര്യത്തിനുള്ള റഫറണ്ടം ആവശ്യപ്പെടാൻ നിലവിൽ നിക്കോളയ്ക്ക് ഭൂരിപക്ഷമില്ലെങ്കിലും ഇതേ ആവശ്യമുന്നയിച്ച് തെരഞ്ഞെടുപ്പിൽ നിന്ന ഗ്രീൻസ് പാർട്ടിയിലെ എട്ട് എം പി മാരുടെ പിന്തുണ അവർക്ക് ലഭിച്ചാൽ റഫറണ്ടം ആവശ്യപ്പെടാൻ സാധിക്കും.

ഇത്തരത്തിൽ ഒരു റഫറണ്ടം വന്നാൽ, ഇന്നത്തെ രീതിയിൽ സ്വതന്ത്ര സ്‌കോട്ട്ലാൻഡ് വാദം ജയിക്കുവാനാണ് സാധ്യത എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. അതായത് ബ്രിട്ടീഷ് സാമ്രാജ്യം വീണ്ടും ശിഥിലമാകും എന്നർത്ഥം. ഇത് ഒഴിവാക്കണമെന്നാണ് ബ്രിട്ടനിലെ പ്രധാന രണ്ട് രാഷ്ട്രീയ പാർട്ടികളും താത്പര്യപ്പെടുന്നത്. എന്നാൽ അവർക്ക് ഇക്കാര്യത്തിൽ എത്രമാത്രം വിജയിക്കാനാവുമെന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.