ലോകത്തിലെവിടെയാണെങ്കിലും അധികാരത്തിന്റെ ഇടനാഴികളിൽ ദല്ലാളുമാരുണ്ടാകും. ഭരണകൂടത്തിനും കോർപ്പറേറ്റുകൾക്കും ഇടയിലെ പണമൊഴുക്കിന്റെ വഴികൾ എന്ന് വിശേഷിപ്പിക്കപ്പെട്ട ഇത്തരം ദല്ലാളുമാർ പലപ്പോഴും പല ഭരണാധികാരികൾക്കും തലവേദന സൃഷ്ടിച്ചിട്ടുമുണ്ട്. ചില ദല്ലാളുമാർ സ്വയം വൻ വിവാദങ്ങളിൽ ഉൾപ്പെടുകയും ചെയ്തിട്ടുണ്ട്. അത്തരമൊരു കഥയാണ് ഇപ്പോൾ പുറത്തുവരുന്നത്. കഥയിലെ വില്ലൻ ബ്രിട്ടീഷ് രാജ്ഞിയുടെ അടുത്ത ബന്ധുവാണെന്നത് കാര്യങ്ങളുടെ ഗൗരവം ഏറെ വർദ്ധിപ്പിക്കുന്നു.

ജോർജ്ജ് അഞ്ചാമന്റെ കൊച്ചുമകനും എലിസബത്ത് രാജ്ഞിയുടെ അടുത്ത ബന്ധുവുമായ കെന്റിലെ മൈക്കൽ രാജകുമാരനാണ് ഒളിക്യാമറ ഓപ്പറേഷനിൽ കുരുങ്ങി വിവാദത്തിൽ ആയിരിക്കുന്നത്. ബിസിനസ്സ് എക്സിക്യുട്ടീവുമാർ എന്ന രീതിയിൽ സമീപിച്ച രണ്ട് റിപ്പോർട്ടർമാരോട് 78 കാരനായ മൈക്കൽ പറഞ്ഞത് പ്രതിദിനം 10,000 പൗണ്ട്വേതനം നൽകിയാൽ റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിന്റെ ഏറ്റവും അടുത്തവൃത്തങ്ങളുമായി ബന്ധപ്പെടുത്താം എന്നാണ്.

ചാനൽ 4 ലെ ജേണലിസ്റ്റുകളാണ് മൈക്കൽ രാജകുമാരനെ കുരുക്കിലാക്കിയത്. പുട്ടിനെ സ്വാധീനിക്കുവാൻ കെല്പുള്ളവരുടെ സഹായം സ്വീകരിച്ച് തങ്ങളുടെ ഋഷ്യയിലെ ബിസിനസ്സ് വിപുലപ്പെടുത്താൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞാണ്, ദക്ഷിണകൊറിയൻ കമ്പനിയിൽ നിന്നെന്ന് അവകാശപ്പെട്ടുകൊണ്ട് റിപ്പോർട്ടർമാർ മൈക്കലിനെ സമീപിച്ചത്. 2 ലക്ഷം പൗണ്ട് ഫീസ് നൽകി ക്രെംലിനിൽ തനിക്കുള്ള സ്വാധീനം ഉപയോഗിച്ച് കമ്പനിക്ക് ഉപകാരപ്രദമായ പലതും ചെയ്തു തരാമെന്നായിരുന്നു രാജകുമാരൻ പറഞ്ഞത്. അതേസമയം മൈക്കലിന് പുട്ടിനുമായി പ്രത്യേക ബന്ധം ഒന്നുമില്ലെന്നും 2003 ജൂണിനു ശേഷം അവർ തമ്മിൽ സമ്പർക്കം പുലർത്തിയിട്ടില്ലെന്നും മൈക്കലിന്റെ ഒരു പ്രതിനിധി പറഞ്ഞു.

എന്നാൽ, പുട്ടിനോട് വളരെ അടുത്ത, പുട്ടിനിൽ സ്വാധീനം ചെലുത്താൻ കഴിവുള്ളവരുമായി മൈക്കൽ ഈ റിപ്പോർട്ടർമാരെ ബന്ധപ്പെടുത്തുമെന്ന് അദ്ദേഹത്തിന്റെ സെക്രട്ടറിയാണ് ഈ റിപ്പോർട്ടർമാരോട് പറഞ്ഞത്. പുട്ടിനുമായി നേരിട്ട് ബന്ധമില്ലെങ്കിലും ഇക്കാര്യത്തിൽ തീർച്ചയായും സഹായിക്കാനാകുമെന്ന് സെക്രട്ടറി വാഗ്ദാനം നൽകുകയായിരുന്നു. രാജകുടുംബാംഗം എന്ന നിലയിൽ മൈക്കൽ പക്ഷെ പൊതുഖജനാവിൽ നിന്നും പണമൊന്നും പറ്റുന്നില്ല.

രാജ്ഞിയുടെ, റഷ്യയിലെ അനൗദ്യോഗിക അമ്പാസിഡർ എന്നപോലെയാണ് മൈക്കൽ സംസാരിച്ചത് എന്ന ആരോപണം ഉയരുന്നുണ്ട്. റഷയിലേക്ക് നാലോ അഞ്ചോദിവസത്തെ യാത്രയ്ക്കുള്ള ചെലവായി 50,000 പൗണ്ട് ആവശ്യപ്പെടുകയും ചെയ്തു. ഇത്തരത്തിലുള്ള ഇടപാടുകൾ മൈക്കൽ ഇതിനു മുൻപും ചെയ്തിട്ടുണ്ടെന്ന് സെക്രട്ടറി അവകാശപ്പെടുന്നുമുണ്ട്.

അടുത്തയിടെ ഉക്രെയിൻ അതിർത്തി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് റഷ്യയും ബ്രിട്ടനും തമ്മിലുള്ള ബന്ധം വഷളായെങ്കിലും താനും പുട്ടിന്റെ ആൾക്കാരുമായുള്ള ബന്ധത്തിന് പോറലേറ്റിട്ടില്ല എന്നും അദ്ദേഹം അവകാശപ്പെടുന്നുണ്ട്.