പ്രതിസന്ധി ഘട്ടങ്ങളിലായിരിക്കും പല മനുഷ്യരുടെയും യഥാർത്ഥ മുഖം പുറത്തുവരിക എന്നൊരു ചൊല്ലുണ്ട് ഇംഗ്ലീഷിൽ. അത് അന്വർത്ഥമാക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

ഇന്ന് ഏറെ സംസാരവിഷയമായിക്കൊണ്ടിരിക്കുന്ന ബിൽ ഗെയ്റ്റ്സ്- മെലിൻഡ ദമ്പതിമാരുടെ വിവാഹമോചനം പെട്ടെന്ന് സംഭവിച്ച ഒന്നല്ല എന്നാണ് പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോർട്ട് പറയുന്നത്. 2019ഒക്ടോബർ മുതൽ തന്നെ മെലിൻഡ വിവാഹമോചനത്തിനു ശ്രമിക്കുകയായിരുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഏതാണ്ട് ഇതേസമയത്താണ് ബാലപീഡനത്തിന് അറസ്റ്റുചെയ്യപ്പെട്ട ജഫ്രി എപ്സ്റ്റീനുമായുള്ള ഗെയ്റ്റ്സിന്റെ ബന്ധം പുറത്തുവന്നത്.

2019-ൽ തന്നെ, തന്റെ വിവാഹബന്ധം ഇനിയൊരു തിരിച്ചുവരവില്ലാത്തവിധം തകർന്നിരിക്കുന്നതായി മെലിൻഡ വെളിപ്പെടുത്തി എന്ന വിവരം പുറത്തുവിട്ടിരിക്കുന്നത് ദി വാൾ സ്ട്രീറ്റ് ജേർണലാണ്. കഴിഞ്ഞ തിങ്കളാഴ്‌ച്ച ഒരു സംയുക്ത പ്രസ്താവനയിലൂടെയാണ് ഇവർ ഇക്കാര്യം വെളിപ്പെടുത്തിയതെങ്കിലും, ഇതിനുള്ള തയ്യാറെടുപ്പുകൾ വളരെ നേരത്തേ തന്നെ ആരംഭിച്ചിരുന്നതായി ഒരു റിപ്പോർട്ടിൽ നേരത്തേ സൂചിപ്പിച്ചിരുന്നു.

2013-ൽ തന്നെ ഒരിക്കൽ ബിൽ ഗെയ്റ്റ്സ് ജഫ്രി എപ്സ്റ്റീനിന്റെ സ്വകാര്യ ജറ്റിൽ അയാൾക്കൊപ്പം ന്യു ജഴ്സിയിൽ നിന്നും ഫ്ളോറിഡയിലെ പാം ബീച്ചിലേക്ക് യാത്രചെയ്തിരുന്നു. 18 വയസ്സിൽ തഴെയുള്ള ഒരു യുവതിയെ ലൈംഗിക പീഡനത്തിന് വിധേയനാക്കിയതിന്റെ പേരിൽ ശിക്ഷിക്കപ്പെട്ട് 4 വർഷത്തിന് ശേഷമായിരുന്നു ഇത്. ഈ സംഭവം മുതൽ തന്നെ മെലിൻഡയ്ക്ക് തന്റെ ഭർത്താവ് ഈ ബാലപീഡകനുമായി കൂട്ടുചേരുന്നതിൽ അതൃപ്തിയുണ്ടായിരുന്നത്രെ.

ഇതാണ് ക്രമേണ വളർന്ന് 2019-ൽ ന്യുയോർക്കിലെ അഭിഭാഷകൺ റോബർട്ട് സ്റ്റീഫൻ കോഹെനുമായി 2019 ഒക്ടോബറിൽ വിവാഹമോചനക്കാര്യം ചർച്ച ചെയ്യുന്നതിലേക്ക് മെലിൻഡയെ എത്തിച്ചത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇതേ മാസം തന്നെ ബിൽ ഗെയ്റ്റ്സ് എപ്സ്റ്റീനുമായി നിരവധിതവണ കണ്ടുമുട്ടുകയും ഒരിക്കൽ എപ്സ്റ്റീനിന്റെ ന്യുയോർക്കിലെ വീട്ടിൽ രാത്രി ഏറെ വൈകി വരെ തങ്ങുകയും ചെയ്തിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.

ഗെയ്റ്റ്സ് ഇക്കാലയളവിൽ എപ്സ്റ്റീനുമായി യാത്രപോയത് വിവിധ വിമാന യാത്രാ രേഖകൾ സഹിതം ചില മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചപ്പോൾ, സാമൂഹ്യ സേവനമെന്ന അജണ്ട ചർച്ച ചെയ്യുവാനായിരുന്നു ഈ കൂടിക്കാഴ്‌ച്ച എന്നാണ് ഗെയ്റ്റ്സിനോട് അടുത്തവൃത്തങ്ങൾ പ്രതികരിച്ചത്.

മെലിൻഡയുടെ എതിർപ്പുകളെ അവഗണിച്ചും ഇക്കാലയളവിൽ ഗെയ്റ്റ്സും അവരുടെ ബിൽ ഗെയ്റ്റ്സ് ആൻഡ് മെലിൻഡ ഗെയ്റ്റ്സ് ഫൗണ്ടേഷനിലെ ചില ഉന്നതരും എപ്സ്റ്റീനുമായി അടുത്ത ബന്ധം പുലർത്തിയിരുന്നതായും റിപ്പോർട്ടുകളുണ്ട്.