1967-ലെ അരബ്-ഇസ്രയേലി യുദ്ധത്തിൽ പിടിച്ചെടുത്ത് ഇസ്രയേലിനോട് ചേർത്ത ജറുസലേം നഗരം ഇസ്രയേലിന്റെ അവിഭാജ്യഘടകമാണെന്ന് ഉറക്കെപ്പറഞ്ഞുകൊണ്ട് ഇന്ന് പതിവുപോലെ ദേശീയ പതാകകളുമേന്തിയുള്ള ജറുസലേം ദിന പരേഡ് നടക്കും.

അൽ അഖ്സ പള്ളിയിലേക്കെത്തിയ വിശ്വാസികളെ തടഞ്ഞതിനോടനുബന്ധിച്ച സംഘർഷ അന്തരീക്ഷം നിലനിൽക്കുമ്പോഴും ഇസ്രയേലീ പൊലീസ് ഈ പരേഡിന് അനുമതി നൽകിയിരിക്കുകയാണ്. പുരാതന ജറുസലേം, ആധുനിക ജറുസലേമിന്റെ കിഴക്കൻ പ്രവിശ്യകൾ എന്നിവിടങ്ങളിലൂടെയായിരിക്കും പരേഡ് കടന്നു പോവുക.

ഇസ്രയേലീ പൊലീസും പുരാതന ജറുസലേം നഗരത്തിലെ ഫലസ്തീനികളും തമ്മിലുള്ള സംഘർഷാവസ്ഥ നിലനിൽക്കെത്തന്നെയാണ് ഈ വഴിയേയുള്ള പരേഡിന് അനുമതി നൽകിയിരിക്കുന്നത്. ഞായറാഴ്‌ച്ച രാവിലെ ഇവിടത്തെ അൽ-അഖ്സാ പള്ളിയിൽ പ്രാർത്ഥനയ്ക്കെഥ്റ്റിയ വിശ്വാസികളെ ഇസ്രയേൽ പൊലീസ് ജലപീരങ്കി ഉപയോഗിച്ച് തുരത്തിയിരുന്നു. 90 പേർക്ക് ഈ സംഘർഷത്തിൽ പരിക്കേറ്റിരുന്നു.

ഇത്തരം സാഹചര്യത്തിലും വൈകാരികമായി ഒരു സ്ഫോടനത്തിന് തയ്യാറായിരിക്കുന്ന പുരാതന ജറുസലേമിലൂടെ പരേഡിനുള്ള അനുമതി നൽകിയത് തങ്ങളുടെ അപ്രമാദിത്തം ചൊദ്യം ചെയ്യപ്പെടാത്തതാണെന്ന് ഫലസ്തീനികളെ ബോദ്ധ്യപ്പെടുത്താനാണ് എന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്.

അതേസമയം ജറുസലേം പരേഡ് റദ്ദാക്കണമെന്നും അല്ലെങ്കിൽ അതിന്റെ മാർഗ്ഗം മാറ്റണമെന്നും ആവശ്യപ്പെട്ട് മുൻ പ്രതിരോധ ഉദ്യോഗസ്ഥനായ ആമോസ് ജിലാഡ് രംഗത്തെത്തി. പുകഞ്ഞുകൊണ്ടിരിക്കുന്ന ഒരിടമാണ് പുരാതന നഗരമെന്നും ഈ പരേഡ് ഒരുപക്ഷെ അവിടെ ഒരു വൻസ്ഫോടനത്തിനിടയാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. യഹൂദരുടേ ഏറ്റവും പ്രധാനപ്പെട്ട പുണ്യസ്ഥലമായ ടെംപിൾ മൗണ്ട് സ്ഥിതിചെയ്യുന്നതിവിടെയാണ്. മാത്രമല്ല, ഇസ്ലാമത വിശ്വാസികളുടെ മൂന്നാമത്തെ പ്രധാന പുണ്യകേന്ദ്രമായ ഹരാം -ഈസ്-ഷെരീഫ് ഇവിടെയാണ്.

സംഘർഷാവസ്ഥ നിലനിൽക്കുന്നു എങ്കിൽ കൂടി ജറുസലേം പരേഡ് റദ്ദ് ചെയ്യുകയോ വഴിമാറ്റുകയൊ ചെയ്യുന്ന കാര്യം പരിഗണനയിലില്ലെന്നാണ് പൊലീസ് വൃത്തങ്ങൾ അറിയിച്ചത്. മുൻകൂട്ടി നിശ്ചയിച്ചതുപോലെ അത് തിങ്കളാഴ്‌ച്ച ഉച്ചക്ക് തന്നെ നടക്കുമെന്നും അവർ അറിയിക്കുന്നു. എല്ലാവർഷവും നടത്താറുള്ള ഈ പരേഡ് പ്രകോപനം സൃഷ്ടിക്കാറുള്ള ഒന്നാണ്. എന്നാൽ, ഇത്തവണ അത് നടക്കുന്നത് ഒരു സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിലാണെന്നാതാണ് ഏറ്റവും ഭയാനകമായ കാര്യം.

മാത്രമല്ല,ജറുസലേമിനോട് ചേർന്നുള്ള അറബ് ഭൂരിപക്ഷ പ്രദേശമായ ഷെയ്ഖ് ജറായിൽ നിന്നും തദ്ദേശവാസികളെ ഇസ്രയേലീ കുടിയേറ്റക്കാർ കുടിയൊഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഒരു കേസിൽ ഇന്ന് ഇസ്രയേലി സുപ്രീം കോടതി വിധി പ്രഖ്യാപിക്കാൻ ഇരിക്കുകയുമാണ്. ഫലസ്തീനിയൻ പൗരന്മാർ ഇതിനെ ഒരു കുടിയേറ്റ പ്രശ്നമായി വ്യാഖ്യാനിക്കുമ്പോൾ ഇതൊരു റിയൽ എസ്റ്റേറ്റ് തർക്കം മാത്രമാണെന്നാണ് ഇസ്രയേലി നിലപാട്.